അഗര്‍ത്തല: ദല്‍ഹിയില്‍ ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവിനെതിരെ വിമര്‍ശനവുമായി ത്രിപുര ഗവര്‍ണര്‍ തഥാഗഥ റോയ്. ട്വിറ്ററില്‍ കൂടിയാണ് തഥാഗതയുടെ പ്രസ്താവന.

തലസ്ഥാനത്തെ അന്തരീക്ഷ മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലി കാലത്ത് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.  തീവ്ര ഹിന്ദുത്വനിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന തഥാഗഥ റോയ് ഈയിടെ റോഹിങ്ക്യ അഭയാര്‍ത്ഥികളെ മാലിന്യങ്ങളെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.

‘ആദ്യം ദഹി ഹന്ദി(ഉറിയടി)നിരോധിച്ചു, ഇന്ന് പടക്കങ്ങളും നാളെ ഈ ‘അവാര്‍ഡ് വാപ്‌സി’ക്കാരും മെഴുകുതിരി പ്രതിഷേധക്കാരും വായു മലിനീകരണത്തിന്റെ പേരില്‍ ഹിന്ദുക്കളുടെ ശവസംസ്‌ക്കാര ചടങ്ങുകളും വേണ്ടെന്ന് പറയുമോ. ഹിന്ദു സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആഘോഷത്തെ ഇല്ലായ്മ ചെയ്യുന്നതില്‍ ഹിന്ദുമത വിശ്വാസി എന്ന നിലയില്‍ എനിക്ക് അതിയായ അതൃപ്തിയുണ്ട്”, തഥാഗഥ റോയ് പറയുന്നു.

ഡല്‍ഹിയിലെ ആഘോഷങ്ങള്‍ക്കിടെയുള്ള പടക്കത്തിന്റെ ഉപയോഗം വലിയ തോതിലുള്ള മലിനീകരണത്തിന് കാരണമായിരുന്നു. മലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷമാണ് പടക്ക വില്‍പനയ്ക്ക് സുപ്രീം കോടതി ആദ്യ നിരോധനം ഏര്‍പ്പെടുത്തിയത്.

മനുഷ്യപിരമിഡിനുമുകളില്‍ കുട്ടികളെ കയറ്റി തൈരുകലം പൊട്ടിക്കുന്ന അപകടകരമായ ആചാരം അനുഷ്ടിക്കുന്നതിന് നേരത്തേ കോടതി വിലക്കിയിരുന്നു ഇതിനെയാണ് തഥാഗതറോയ് വിമര്‍ശിച്ചത്