താന്‍ പ്രതികാര രാഷ്ട്രീയത്തിന്റെ ഇര; ബിജെപിയെ അഭിനന്ദിച്ച് ശിവകുമാര്‍

Web Desk
Posted on September 04, 2019, 11:23 am

ബംഗളൂരു: ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും തന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തില്‍ വിജയിച്ച ബിജെപി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്നും ഡി.കെ. ശിവകുമാര്‍.

പാര്‍ട്ടി പ്രവര്‍ത്തകരും അനുയായികളും അഭ്യുദയകാംക്ഷികളും അറസ്റ്റില്‍ വേദനിക്കരുതെന്നും നിയമവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ലെന്നും ശിവകുമാര്‍ ട്വീറ്റ് ചെയ്തു. ദൈവത്തിലും രാജ്യത്തെ നിയമ സംവിധാനത്തിലും വിശ്വാസമുണ്ട്. പ്രതികാര രാഷ്ട്രീയത്തിനെതിരേ നിയമപരമായും രാഷ്ട്രീയപരമായും പോരാടി വിജയിക്കുമെന്നു ശിവകുമാര്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യുക എന്ന ദൗത്യത്തില്‍ വിജയിച്ച ബിജെപി സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

ഭീഷണിയാകുമെന്ന് കരുതുന്ന പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കു ശേഷം ഒരു ദിവസം പോലും വിശ്രമം അനുവദിച്ചിട്ടില്ല. എന്നിട്ടും ശിവകുമാര്‍ സഹകരിച്ചില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നതെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശിവകുമാറിന് ജനതാദള്‍ എസും പിന്തുണ അറിയിച്ചിട്ടുണ്ട്. വൊക്കലിഗ സമുദായ സംഘടനകളും പ്രതിഷേധ പരിപാടികള്‍ നടത്തും. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.