ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്നു ഡിഎംആര്‍സി പിന്‍വാങ്ങി; ഇ. ശ്രീധരന്

കൊച്ചി:
തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) പിന്‍വാങ്ങിയതായി ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ അനന്തമായി നീണ്ടുപോകുന്നതിലും പദ്ധതിയില്‍ സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നും വിലയിരുത്തിയുമാണു ഡിഎംആര്‍സിയുടെ തീരുമാനം.
പദ്ധതിയില്‍നിന്നു പിന്‍വാങ്ങുന്നതു സംബന്ധിച്ച് ഫെബ്രുവരി 24 ന് സര്‍ക്കാരിനു നോട്ടീസ് നല്‍കിയിരുന്നതായും കൊച്ചിയിലെ ഡിഎംആര്‍സി ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. വലിയ മനസ്താപത്തോടെയാണ് ഈ തീരുമാനമെടുത്തത്. തികഞ്ഞ വിഷാദവുമുണ്ട്. എന്നാല്‍, കടുത്ത സാമ്പത്തിക ബാധ്യത ഏറ്റെടുത്തുകൊണ്ട് അനന്തമായി നീണ്ടുപോകുന്ന പദ്ധതിയില്‍ തുടര്‍ന്നു പോകാന്‍ കഴിയില്ല. ഇരു നഗരങ്ങളിലുമായി ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും മറ്റ് ചെലവുകള്‍ക്കുമായി പ്രതിമാസം 16 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്. ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി കാണാന്‍പോലും സമയം നല്‍കിയിട്ടില്ല.
കാണില്ലെന്നു പറഞ്ഞിട്ടില്ലെങ്കിലും ജനുവരി 13ന് കൂടിക്കാഴ്ച അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിയ്ക്കു നല്കിയ കത്തില്‍ അനുകൂല നടപടി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയില്‍നിന്നു പിന്‍വാങ്ങുകയല്ലാതെ വേറെ മാര്‍ഗമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ ടേണ്‍ കീ അടിസ്ഥാനത്തില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ ഡിഎംആര്‍സിക്കു നല്‍കാമെന്ന തീരുമാനമാണു കൈക്കൊണ്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ ഡിസംബര്‍ 18ന് ചേര്‍ന്ന കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്പ്പറേഷന് ലിമിറ്റഡ് (കെആര്‍സിഎല്‍) യോഗത്തില്‍ ഇതില്‍നിന്നുമാറി പൊതു ടെന്‍ഡര്‍ വിളിച്ച് കണ്‍സള്‍ട്ടന്‍സി കരാര്‍ കൊടുക്കണമെന്നു ആവശ്യം ഉയര്‍ന്നു. സര്‍ക്കാര്‍ ആവര്‍ത്തിച്ച് താന്‍ നല്കുന്ന കത്തുകളില്‍ അനുകൂല നടപടി എടുക്കാതിരുന്നതും കെആര്സിഎലിന്റെ തീരുമാനവുമൊക്കെ മറിച്ച് ചിന്തിക്കുന്നതിനു ഇടയാക്കി. ഇതുകൊണ്ടാണു പിന്‍വാങ്ങുന്നത്.
ഇത് ഉദ്യോഗസ്ഥ തലത്തിലാണോ മറ്റേതെങ്കിലും തലത്തിലാണോയെന്നും പറയാന്‍ കഴിയില്ല. ലോകത്ത് ഒരു മെട്രോയും ലാഭത്തിലല്ല. ഡല്‍ഹി മെട്രോ മാത്രമാണ് ആദ്യ ദിവസം മുതല്‍ നഷ്ടവും ലാഭവുമല്ലാത്ത അവസ്ഥയില്‍ നടത്തികൊണ്ടുപോകുന്നത്. ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. കേരളീയരുടെ ദൗര്‍ഭാഗ്യമാണ് ഇത്തരം ഒരവസ്ഥ വന്നുപെട്ടത്. ഇത്രയം നാളും പ്രവര്‍ത്തിച്ചതുമൂലമുണ്ടായ നഷ്ടത്തിന് ഡിഎംആര്‍സി സര്‍ക്കാരിനോട് നഷ്ടപരിഹാരമൊന്നും ചോദിക്കില്ല. ധര്‍മവും മര്യാദയും പരിഹണിച്ചാണു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ലൈറ്റ് മെട്രോയുടെ പ്രവര്‍ത്തികള്‍ നടത്താനാകുമെന്നു കരുതിയാണ് ഇത്രയും നടപടികള്‍ സ്വീകരിച്ചത്. ഒരിക്കലും പ്രതിക്ഷീച്ചതല്ല ഈ അവസ്ഥയെന്നും ഇ. ശ്രീധരന് പറഞ്ഞു.