ഡിഎന്‍എ ബില്‍ ലോക്‌സഭയില്‍

Web Desk
Posted on July 08, 2019, 10:19 pm

ന്യൂഡല്‍ഹി: വ്യക്തികളെ തിരിച്ചറിയുന്നതിനായുള്ള ഡിഎന്‍എ സങ്കേതിക വിദ്യയുടെ ഉപയോഗം നിയന്ത്രിക്കുന്ന ഡിഎന്‍എ റെഗുലേഷന്‍ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

2019‑ലെ ഡിഎന്‍എ സാങ്കേതിക വിദ്യ (ഉപയോഗവും വിനിയോഗവും ബില്‍) കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധനാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കാണാതാകുന്ന വ്യക്തികള്‍, കുറ്റകൃത്യങ്ങള്‍ക്കിരയാകുന്നവര്‍, കുറ്റവാളികള്‍, വിചാരണ തടവുകാര്‍, അജ്ഞാത ജഡങ്ങള്‍ എന്നിവയുടെ തിരിച്ചറിവിനായി ഡിഎന്‍എ സാങ്കേതിക വിദ്യ ഉപയോഗപ്പടുത്തുന്നതിന് നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് ബില്ലെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ നീതി നിര്‍വ്വഹണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും, ഡിഎന്‍എ അധിഷ്ടിത സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിനും ബില്ല് ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. ഫോറന്‍സിക് കുറ്റാന്വേഷണത്തെ സഹായിക്കുന്നതിന് ദേശീയ സംസ്ഥാന തലങ്ങളില്‍ ഡിഎന്‍എ ഡാറ്റാ ബാങ്കുകള്‍ സൃഷ്ടിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.