ഇന്നും തെരച്ചിൽ തുടരും: ഇന്നലെ പുത്തുമലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

Web Desk
Posted on August 19, 2019, 8:26 am

മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരും. ഇത് വരെ 46 മൃതദേഹങ്ങളാണ് കവളപ്പാറയിലെ ദുരന്തഭൂമിയില്‍ നിന്ന് കണ്ടെത്തിയത്. ഔദ്യോഗിക കണക്ക് പ്രകാരം 13 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇന്നലെ ഭൂഗര്‍ഭ റഡാറുപയോഗിച്ച് തെരച്ചില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. നിലവില്‍ മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ പതിവ് രീതിയില്‍ തന്നെ തെരച്ചില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

അതെ സമയം ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലെ  പുതുമലയിലും തെരച്ചിൽ തുടരും. പുത്തുമലയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ മൃതദേഹം ആരുടേതെന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്റെയും ബന്ധുക്കള്‍ മൃതദേഹത്തില്‍ അവകാശവാദമുന്നയിച്ചതോടെയാണ് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്. അണ്ണയ്യയുടെ മൃതദേഹമെന്ന് ഒദ്യോഗിക സ്ഥിരീകരണം നല്‍കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്ത ശേഷമാണ് ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ തര്‍ക്കവുമായി എത്തിയത്. അതോടെ ദഹിപ്പിക്കുന്നതിന് തൊട്ട് മുമ്പ് മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

you may also like this video