കോവിഡ് കാലത്ത് കുഞ്ഞുങ്ങളിൽ ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കൂ…

Web Desk
Posted on September 20, 2020, 5:28 pm

കോവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ നാല് മാസങ്ങളില്‍ ഡോക്ടറെ സമീപിച്ച കുട്ടികളുടെ രോഗങ്ങളില്‍ ഗണ്യമായ മാറ്റം വന്നിട്ടുള്ളതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ അസാധാരണമായ ചില രോഗലക്ഷണങ്ങളാണ് കുട്ടികളെ ഡോക്ടര്‍മാരുടെ അടുത്തെത്തിക്കുന്നത്.

അവ എന്താണെന്ന് നോക്കാം

നാലു വയസ്സിനു താഴെയുള്ള കുട്ടികളില്‍ അകാരണമായ കരച്ചില്‍, പിടിവാശി, ആഹാരത്തിനോടുള്ള വിമുഖത, ഉറക്കത്തില്‍ മൂത്രമൊഴിക്കുക. മുമ്പ് സന്തോഷത്തോടെ ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യക്കുറവ് എന്നിവ അനുഭവപ്പെടുന്നു. നാലു വയസ്സിനു മുകളിലുള്ള കുട്ടികളില്‍ തലവേദനയും ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ അസ്വസ്ഥതയും അവ്യക്തമായ വേദനയും ക്ഷീണവുമാണ് പ്രകട ലക്ഷണങ്ങള്‍.

വീട്ടിലും പുറത്തും നിലനില്‍ക്കുന്ന ഇന്നത്തെ അസ്ഥിരതയിലൂടെ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം, ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ വര്‍ധിച്ച സ്‌ക്രീന്‍ ടൈം, വ്യായാമം ഇല്ലായ്മ, വിറ്റാമിന്‍ ഡിയുടെ കുറവ്, ഉറക്കക്കുറവ് എന്നിങ്ങനെ പലവിധത്തിലാണ്.

ഇതിനെ എങ്ങനെ മറികടക്കാം

1. ഭക്ഷണത്തില്‍ അഞ്ചു പോര്‍ഷന്‍ ഫലവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക

2. രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികള്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീനിനു മുന്നില്‍ ഇരിക്കരുത്

3. കളി, വ്യായാമം തുടങ്ങിയവയ്ക്ക് ഒരു മണിക്കൂര്‍ നിര്‍ബന്ധമായും കണ്ടെത്തിയിരിക്കണം

4. കൃത്രിമ മധുരപാനീയങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക.

5. കുട്ടികളുമായി സംസാരിക്കുക, അവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും സത്യസന്ധമായി മറുപടി നല്‍കുക.

Eng­lish sum­ma­ry; Do babies show these symp­toms dur­ing covid?

You may also like this video;