Monday
24 Jun 2019

പാകിസ്ഥാനുമായി നമുക്ക് സൗഹാര്‍ദമായിക്കൂടെ?

By: Web Desk | Tuesday 12 June 2018 10:31 PM IST


india_pakistan

പൂവറ്റൂര്‍ ബാഹുലേയന്‍

ജനിക്കും മുമ്പേ ശത്രുക്കളായിത്തീര്‍ന്ന ഒരു ജനതയുമായി എങ്ങനെ സൗഹാര്‍ദത്തിലാകും എന്ന് ന്യായമായും സംശയിക്കാം. സ്വാതന്ത്ര്യത്തിലേക്ക് പിറന്നുവീഴുന് വേള മുതലിങ്ങോട്ട് എന്നും കൊണ്ടും കൊടുത്തും പരസ്പരം കൊന്നുതള്ളിക്കൊണ്ടിരിക്കുന്ന രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നത് ശത്രുത മാത്രം. ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും സൗഹാര്‍ദത്തിലാവുകയെന്നത് എത്ര നടക്കാത്ത നല്ല സ്വപ്‌നമെന്നും ചിന്തിക്കുന്നതിന് മുമ്പ് നമുക്ക് കൊറിയകളിലേക്ക് ഒന്നു നോക്കാം.
1905-ലാണ് കൊറിയയെ ജപ്പാന്‍ പിടിച്ചടക്കിയത്. ജപ്പാന്റെ അധീശത്വം അവസാനിച്ചത് ജപ്പാന്‍ സഖ്യശക്തികള്‍ക്ക് കീഴടങ്ങിയതോടെയാണ്. കൊറിയയില്‍ താല്‍പര്യമുണ്ടായിരുന്ന വന്‍ശക്തികള്‍ 38 ഡിഗ്രി അക്ഷാംശരേഖ കണക്കാക്കി കൊറിയയെ രണ്ടാക്കി മുറിച്ചു. അക്ഷാംശ രേഖയ്ക്കു വടക്കുള്ള കൊറിയ സോവിയറ്റ് യൂണിയനൊപ്പവും തെക്കുള്ള കൊറിയ അമേരിക്കയ്‌ക്കൊപ്പവും നിന്നു. ചുരുങ്ങിയ കാലംകൊണ്ട് ഉത്തരകൊറിയ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ വന്‍ പുരോഗതി നേടി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്‍ച്ചുവട്ടിലായിപ്പോയ ദക്ഷിണ കൊറിയയേക്കാള്‍ വളരെ ഉയര്‍ന്ന ജീവിതനിലവാരവും സാഹചര്യങ്ങളും ഉത്തരകൊറിയ കൈവരിച്ചു. അമേരിക്കയുടെ കുത്തിത്തിരിപ്പുകള്‍ക്കിടയില്‍ ദക്ഷിണ കൊറിയയും ഉത്തരകൊറിയയും ബദ്ധവൈരികളായി. വിപ്ലവകാരിയായ കിം ഉല്‍ സുങ്ങിന്റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയയും അമേരിക്കന്‍ ചാരനും കമ്മ്യൂണിസ്റ്റ് വിരുദ്ധ ഏകാധിപതിയുമായ സിഗ്മന്‍ റീയുടെ കീഴിലുള്ള ദക്ഷിണ കൊറിയയും തമ്മിലുണ്ടായ യുദ്ധത്തില്‍ ഉത്തരകൊറിയ വന്‍ മുന്നേറ്റം നടത്തി. ഗത്യന്തരമില്ലാതെ ഐക്യരാഷ്ട്ര സംഘടനയുടെ പേരില്‍ ദക്ഷിണകൊറിയയ്ക്കായി ഉത്തരകൊറിയയ്‌ക്കെതിരെ അമേരിക്ക കൂടി നേരിട്ടിറങ്ങിയ യുദ്ധം അവസാനിക്കുന്നത് 1953 ജൂലൈ 27ന് അമേരിക്കയും ചൈനയും ഉത്തരകൊറിയയും തമ്മിലുണ്ടാക്കിയ ഉടമ്പടിയിലൂടെയാണ്. ദക്ഷിണ കൊറിയ ഉടമ്പടിയില്‍ ഉള്‍പ്പെടാത്തതിനാല്‍ സാങ്കേതികമായി യുദ്ധം അവസാനിച്ചിട്ടുമില്ല. സമാധാന ഉച്ചകോടികള്‍ രണ്ട് രാജ്യങ്ങളുമായി നടന്നിട്ടുണ്ടെങ്കിലും ഏഴ് പതിറ്റാണ്ടായി നിരന്തരം സംഘര്‍ഷത്തിലും ഭീതിയിലുമാണ് കഴിഞ്ഞുവന്നിരുന്നത്.
ഒരിക്കലും സൗഹാര്‍ദപ്പെടാന്‍ സാധ്യമല്ലെന്ന് കരുതിയ രണ്ട് രാജ്യങ്ങളുടെ ഭരണത്തലവന്മാരാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 27ന് രണ്ട് രാജ്യങ്ങളുടെയും ഇടയിലുള്ള സമാധാന ഗ്രാമമായ പന്‍ മുന്‍ ജോങ്ങില്‍ പരസ്പരം ചുവടുവച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാദമുദ്ര ചാര്‍ത്തിയത്. പരസ്പര യുദ്ധ വിരാമത്തിനും ആണവ നിരായുധീകരണത്തിനും ശാശ്വത സമാധാനത്തിനുമൊക്കെയുള്ള നിര്‍ണായക കാര്യങ്ങളില്‍ ഇരുവരും പുതിയ ചരിത്രം കുറിച്ചെങ്കിലും ശാശ്വത പ്രശ്‌നപരിഹാരത്തിന് ഇനിയും കടമ്പകളുണ്ട്. യുഎസും ഉത്തരകൊറിയയുമായുള്ള ചര്‍ച്ച ഇതില്‍ പ്രധാനമാണ്. വാക്കുപാലിച്ച് പ്രവര്‍ത്തിച്ച കിം ജോങ് ഉന്നിനെ വഞ്ചിച്ചുകൊണ്ട് ചര്‍ച്ചയില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയെങ്കിലും മടങ്ങിവന്നു. നിര്‍ദിഷ്ട തീയതിയായ ഇന്നലെ നടന്ന ട്രംപ്-ഉന്‍ ഉച്ചകോടി വളരെ നിര്‍ണായകമായി. ഈ ഉച്ചകോടി വളരെയധികം പ്രതീക്ഷ നല്‍കുന്ന വിധത്തിലാണ് അവസാനിച്ചിരിക്കുന്നത്. കൊറിയന്‍ ഉപദ്വീപ് മേഖലയില്‍ നിന്ന് ആണവായുധങ്ങള്‍ എത്രയും വേഗത്തില്‍ നീക്കം ചെയ്യുമെന്ന പ്രതീക്ഷാനിര്‍ഭരമായ പ്രസ്താവന ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി. ഈ വേളയില്‍ ഇത്തരമൊരു വൈദേശിക കീറാമുട്ടിയില്ലാത്ത, എന്നാല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും എന്നും കീറാമുട്ടിയായുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇരുവര്‍ക്കും മനസ് പങ്കുവയ്ക്കാനാവില്ലേ? ആത്മാര്‍ഥമായും ക്രിയാത്മകമായും പരിശ്രമിച്ചാല്‍ നിശ്ചയമായും ഇതു സാധിക്കും.
ഉത്തരകൊറിയയിലേയും ദക്ഷിണകൊറിയയിലേയും ജനങ്ങളെപോലെ സമാധാനത്തിന്റെ നീണ്ട പാതകളും സ്വാതന്ത്ര്യത്തിന്റെ തുറന്ന വാതിലുകളും എന്ന സ്വപ്‌നം ഇന്ത്യയിലേയും പാകിസ്ഥാനിലേയും ജനങ്ങളും പരസ്പരം പങ്കുവയ്ക്കുന്നു. എന്നാല്‍ കൊറിയകളുടേതില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധത്തിലെ ഏറ്റവും സങ്കീര്‍ണമായ കീറാമുട്ടി കശ്മീര്‍ എന്ന ഭൂപ്രദേശത്തെ സംബന്ധിച്ചാണ്. സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ കശ്മീര്‍ പ്രശ്‌നം അന്താരാഷ്ട്രവത്കരിക്കാന്‍ പാകിസ്ഥാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സൈന്യത്തെ ഉപയോഗിച്ച് തുടരെത്തുടരെ വെടിയുതിര്‍ത്തും തീവ്രവാദികളെ സഹായിച്ചും പ്രോത്സാഹിപ്പിച്ചും കശ്മീരില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പാകിസ്ഥാന് പ്രതേ്യകം താല്‍പര്യമുണ്ട്. എന്നാല്‍ കശ്മീര്‍ ഇന്ത്യയോട് ചേരുമ്പോള്‍ നാം നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളും പാലിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഇല്ല എന്നു മാത്രമല്ല, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകളും പിടിപ്പുകേടും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനും സങ്കീര്‍ണമാക്കാനും ഇടയാക്കി.
ഇതുവരെയുള്ളതില്‍ ഏറ്റവും സങ്കീര്‍ണമായ സാഹചര്യമാണ് ഇന്ന് യഥാര്‍ഥത്തില്‍ കശ്മീരില്‍ നിലനില്‍ക്കുന്നത്. നേരത്തെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റവും തീവ്രവാദികളുടെ ഒറ്റപ്പെട്ട ആക്രമണങ്ങളും വെടിവയ്പുകളുമൊക്കെയായിരുന്നു പ്രശ്‌നമെങ്കില്‍ ഇപ്പോള്‍ കശ്മീരി ജനത തന്നെ ഇന്ത്യന്‍ പട്ടാളത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. നേരത്തെ തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ കണ്ടുപിടിക്കുന്നതിനും അവരെ പിടികൂടുന്നതിനും സഹായിക്കുമായിരുന്ന ജനം ഇന്ന് അവരെ സംരക്ഷിക്കുന്ന അവസ്ഥയിലാണ്. ജനങ്ങള്‍ തന്നെ പട്ടാളത്തിനെതിരെ തെരുവിലിറങ്ങുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. സ്വന്തം യുവാക്കള്‍ തന്നെ പട്ടാളക്കാര്‍ക്കെതിരെ ആയുധമേന്തി സമരം ചെയ്യുകയും സ്വന്തം ഭവനങ്ങള്‍ ഒളിത്താവളങ്ങളാക്കുകയും ചെയ്യുന്നു. നാടിന്റെ സൗന്ദര്യം കാണാനെത്തുന്ന വിനോദസഞ്ചാരികളെ ഇന്നവര്‍ കല്ലെറിയുന്നു. ഭൂമിയിലൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണെന്ന് ഇനിയാര്‍ക്കും പറയാനാവാത്ത സാഹചര്യത്തിലേക്ക് സങ്കീര്‍ണമാവുകയാണ് കശ്മീരിന്റെ താഴ്‌വരകള്‍.
എന്തുകൊണ്ട് കശ്മീര്‍ ഇങ്ങനെയാവുന്നു എന്നത് പുറംലോകം ഇന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. മുന്നൂറോ, നാനൂറോ മാത്രം തീവ്രവാദികളേ ഉള്ളൂ എന്ന് പറയുന്ന ഭരണകൂടം ഏഴോ എട്ടോ ലക്ഷം സൈനികരെ വിന്യസിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണം. ഇതാണോ വാസ്തവം? തീര്‍ച്ചയായും അല്ല. പാകിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറുന്ന തീവ്രവാദികളുടെ എണ്ണം യഥാര്‍ഥത്തില്‍ ഇന്ന് കുറവാണ്. പക്ഷെ, കശ്മീരില്‍ എവിടെയും ഇന്ന് തീവ്രവാദികളെന്നു തോന്നിക്കുന്ന ആയിരക്കണക്കിന് അക്രമകാരികളുണ്ട്. പട്ടാളക്കാര്‍ക്കെതിരെ സമരം ചെയ്യുന്ന, കല്ലെറിയുന്ന സാമാന്യജനത്തെ ഇന്ന് അവിടെ കാണാം. എന്തുകൊണ്ട് ഇപ്പോളിങ്ങനെ കശ്മീരില്‍ സംഭവിക്കുന്നുവെന്നതിനുള്ള ഉത്തരം മറ്റൊന്നുമല്ല, പട്ടാളവും കേന്ദ്രഭരണവും അവരോടു കാട്ടുന്ന ക്രൂരത- അതുമാത്രമാണ്.
മനുഷ്യത്വരഹിതമായ ഹീനപ്രവൃത്തികളാണ് ഈയടുത്ത കാലത്ത് കശ്മീരില്‍ ജനങ്ങള്‍ക്കെതിരെ സൈന്യം ചെയ്തുകൊണ്ടിരിക്കുന്നത്. പണ്ടുകാലത്തെ ചില ദുരനുഭവങ്ങള്‍ പുനരാവര്‍ത്തിക്കപ്പെടുന്നതുപോലെ പട്ടാളം ജനതയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ക്രൂരപീഡനങ്ങള്‍ നടത്തുന്നു. സംശയത്തിന്റെ പേരില്‍ യുവാക്കളെ പിടിച്ചുകൊണ്ടുപോയി വകവരുത്തുന്നു. ഇതിനെല്ലാം പുറമെ, അവര്‍ക്കര്‍ഹതപ്പെട്ടതെല്ലാം നിഷേധിച്ച് പുറത്തിറങ്ങാന്‍ കഴിയാത്തവിധം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. പ്രതേ്യകാവകാശങ്ങളുള്ള, മതേതരത്വത്തിന്റെ ഈ മണ്ണില്‍ അതെല്ലാം അവര്‍ക്ക് ഇന്ന് നിഷേധിച്ചിരിക്കുന്നു. വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് അടിച്ചൊതുക്കി വരുതിയിലാക്കാമെന്ന ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ വാള്‍മുനയില്‍ തകര്‍ക്കപ്പെടാന്‍ കഴിയുന്നതല്ല കശ്മീരി ജനതയുടെ രാഷ്ട്രീയ പരിഹാരം കണ്ടെത്തേണ്ട വിഷയങ്ങള്‍.
കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഈ രീതിയില്‍ തുടര്‍ന്നാല്‍ കശ്മീര്‍ വിഷയം കൂടുതല്‍ വഷളാവുകയേ ഉള്ളൂ. കശ്മീരി ജനത ഇന്ത്യയെ വെറുക്കും. കശ്മീരി ജനത തന്നെ മൊത്തത്തില്‍ വിഘടനവാദികളായിത്തീര്‍ന്നേക്കാം. അത്ര ഗൗരവതരമാണ് ഇന്നത്തെ അവസ്ഥ. എന്നാല്‍ ഏകപക്ഷീയമായ വെടിനിര്‍ത്തലിലൂടെ പ്രശ്‌നപരിഹാരത്തിനുള്ള വഴികള്‍ തുറക്കണമെന്ന ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിലപാടുകള്‍ പ്രതീക്ഷയേകുന്നതാണ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 2000 നവംബറില്‍ ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. ഇതിനെ മുതലെടുത്തുകൊണ്ട്
ആദ്യത്തെ കുറേ നാളുകളില്‍ പ്രശ്‌നങ്ങളുണ്ടായെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്ന് നല്ല സഹകരണമുണ്ടായി. ആ സാഹചര്യമല്ല ഇന്ന് കശ്മീരിലുള്ളതെങ്കിലും കശ്മീരി ജനതയുടെ വിശ്വാസമാര്‍ജിക്കാതെ പ്രശ്‌നം ലഘൂകരിക്കാനാവില്ല. പ്രതികാരഭാവത്തോടെയുള്ള എല്ലാ നീക്കങ്ങളും അവസാനിപ്പിച്ച് അവരെ വിശ്വാസത്തിലെടുക്കുന്ന സത്യസന്ധമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അങ്ങനെ മാറിച്ചിന്തിക്കാന്‍ കേന്ദ്രഭരണത്തിനു കഴിയുമോ എന്നതാണ് പ്രശ്‌നം.
കശ്മീര്‍ ജനതയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നതോടൊപ്പം പാകിസ്ഥാനുമായുള്ള സന്ധിസംഭാഷണങ്ങള്‍ അനിവാര്യമാണ്. പാകിസ്ഥാനുമായും കശ്മീരിലെ വിഘടനവാദി നേതാക്കളുള്‍പ്പെടെയുള്ളവരുമായും ഒരു മടിയും കൂടാെത ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ തയാറാവണമെന്ന് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിന്റെ മുന്‍ മേധാവിയായ എ എസ് ദുലത്ത് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഇതിനു കേന്ദ്രഭരണകൂടം ഇത്രത്തോളം പ്രയാസപ്പെടുന്നതെന്തിനാണെന്നു മനസിലാവുന്നില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
മനസുതുറന്നുള്ള ചര്‍ച്ചകളും നടപടികളുമാണ് ആവശ്യമെന്ന് ഉത്തര, ദക്ഷിണ-കൊറിയന്‍ ഭരണാധികാരികളുടെ കൂടിക്കാഴ്ച നമ്മെ ഓര്‍മിപ്പിക്കുന്നു. ഏഴ് പതിറ്റാണ്ടോളമുള്ള വൈരത്തിന് അന്ത്യംകുറിക്കാന്‍ അവര്‍ക്കായെങ്കില്‍ ഏതാണ്ട് അത്രതന്നെ പഴക്കമുള്ള ഇന്ത്യാ-പാക് ശത്രുതയ്ക്കും ശമനം കണ്ടെത്താന്‍ കഴിയും. അതിനു കശ്മീര്‍ ജനതയുടെ മനഃസാക്ഷി നേടിയെടുക്കണം. അതിനുതകുന്ന നടപടികളെടുക്കണം. കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരമായാല്‍ പിന്നെയെന്തു പ്രശ്‌നമാണ് ഇന്ത്യയും പാകിസ്ഥാനുമായി ഉള്ളത്? എന്നാല്‍ കശ്മീര്‍ പ്രശ്‌നവും പാകിസ്ഥാന്‍ വിരുദ്ധവികാരവും ഭരണം നേടിയെടുക്കാന്‍ ഏതുകാലത്തും ഉപകരിക്കുമെന്ന ദുഷ്ടലാക്കാണ് യഥാര്‍ഥ പ്രശ്‌നം.

Related News