നിപ പ്രതിരോധത്തിനായി കുടുതല്‍ ഗവേഷണങ്ങള്‍ നടത്തണം: മുഖ്യമന്ത്രി

Web Desk
Posted on June 06, 2019, 8:35 pm

കൊച്ചി: വവ്വാലുകള്‍ നിപ വൈറസുകള്‍ പരത്തുന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇതേവരെയുള്ള നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് പഴം തീനി വവ്വാലുകളും പന്നികളുമാണ് നിപവൈറസുകള്‍ പരത്തുന്നത്. എന്നാല്‍, ഈ ജീവികള്‍ ഇത് പരത്തുന്നത് ഏത് ഘട്ടത്തിലാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഒപ്പം വൈറസിന്റെ ആയുസിനെ കുറിച്ചും പഠനങ്ങള്‍ നടക്കണം. ഇതിനായി മൃഗ സംരക്ഷണ വനം കൃഷി വകുപ്പുകള്‍ സംയുക്തമായ ശ്രമങ്ങള്‍ നടത്തണം, മുഖ്യമന്ത്രി പറഞ്ഞു.

ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടും. ഇത്തരം സമീപനങ്ങളിലൂടെയേ രോഗ വ്യാപനം തടയാന്‍ പറ്റുകയുള്ളൂ. അത് വഴി ആവശ്യമായ പ്രതിരോധ നടപടികളും ജാഗ്രതയും നമുക്ക് മുന്‍കൂര്‍ സ്വീകരിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം കോഴിക്കോടുണ്ടായപ്പോള്‍ നമ്മള്‍ സ്വീകരിച്ച ജാഗ്രതയാണ് ഇപ്രാവശ്യം തുടക്കത്തിലേ നിപയെ നിയന്ത്രിക്കാന്‍ സാധിച്ചത്. ഈ കൂട്ടായ്മയും ജാഗ്രതയും തുടരണം. നിരീക്ഷണത്തിലുണ്ടായിരുന്ന ആറ് പേരുടെയും രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവായത് നമുക്ക് ആശ്വാസകരമാണ്. എന്നാല്‍, പൂര്‍ണ്ണ ആശ്വാസത്തിലേക്കെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അനുസരിക്കണം. ജനങ്ങള്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കണം. അനാവശ്യ ഭീതി പരത്തരുത്. ഭീതിപരത്തുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് നിപയെ നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് നിപ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ നമ്മള്‍ പുലര്‍ത്തിയ ജാഗ്രതയാണ് ഇപ്പോള്‍ രോഗം നിയന്ത്രിക്കാന്‍ സഹായകരമായത്. ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാരും നല്‍കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വലിയ ആശങ്കയൊഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും തുടരുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീ.സെക്രട്ടറി ഡോ. രാജന്‍ കോബ്രഗ്‌ഡെ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള എന്നിവര്‍ വിശദീകരിച്ചു.

തൃക്കാക്കര നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഹൈബി ഈഡന്‍ എം പി, എംഎല്‍മാരായ എസ് ശര്‍മ്മ, പി ടി തോമസ്, കെ ജെ മാക്‌സി, വി കെ ഇബ്രാഹീം കുഞ്ഞ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം, എല്‍ദോസ് കുന്നപ്പിള്ളി, എം.സ്വരാജ്, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

You May Also Like This: