Thursday
21 Feb 2019

പേടി വേണ്ട…. രാജിയുണ്ട്….

By: Web Desk | Friday 13 July 2018 12:31 AM IST

സന്തോഷ് എന്‍ രവി

പാമ്പിനെ കണ്ടാല്‍ നിലവിളിച്ചുകൊണ്ടോടുന്നവരാണ് നമ്മള്‍ പലരും. സ്ത്രികളുടെ കാര്യം പറയുകയുംവേണ്ട. എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് നന്ദിയോട് സ്വദേശി രാജി പാമ്പുകളുടെ ചങ്ങാതിയാണ്. രാജിയുടെ ഫോണിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ കൊടുത്താല്‍ മതി ഉടന്‍ തന്നെ തിരിച്ച് വിളി വരും ആരാ എന്താ എവിടെയാണ് പാമ്പിനെ കണ്ടത് എന്നക്കെയുള്ള അന്വേഷണങ്ങള്‍. പകലായാലും രാത്രിയായാലും ഇനി ഏത് നാട്ടിലായാലും ഇവള്‍ പറന്നെത്തിയിരിക്കും. പാമ്പിനെ കണ്ടാല്‍ ഭയന്നോടുന്നവര്‍ക്ക് രാജിയെ വിളിക്കാം. നാട്ടുകാരെ വിരട്ടി നിര്‍ത്തുന്ന പാമ്പിനെ ഒട്ടും ഭയമില്ലാതെ രാജി തന്റെ ഉള്ളം കൈയില്‍ നിര്‍ത്തും. ഒട്ടും ഭയമില്ലാതെ മുഖത്തെ പുഞ്ചിരിയോടെ. എന്നാല്‍ രാജി തന്നെ പറയുന്നുണ്ട് സ്ത്രികളില്‍ പാമ്പിനെ പിടിക്കാനറിയുന്നവര്‍ ചുരുക്കം. അതും ശാസ്ത്രീയമായി അറിയുന്നവര്‍ ഉണ്ടാകണമെന്നില്ല. അവിടെയാണ് രാജി വ്യത്യസ്തയാകുന്നത്. എന്താണ് പാമ്പിനോടു ഇത്ര ആരാധന എന്ന് ചോദിച്ചാല്‍ രാജിക്ക് അറിയില്ല. ജനിച്ചതും വളര്‍ന്നതും നെടുമങ്ങാട് മൂഴിക്കടുത്ത് കൊല്ലയില്‍ എന്ന സ്ഥലത്താണ്. ടാപ്പിങ് തൊഴിലാളികളായ മാതാപിതാക്കളോടൊത്ത്.

റബര്‍ത്തോട്ടത്തില്‍ പോകുമ്പോള്‍ ധാരാളം പാമ്പുകളെ കാണുമായിരുന്നു. അപ്പോഴെല്ലാം വളരെ കൗതുകത്തോടെ മാത്രമാണ് പാമ്പുകളെ കണ്ടിരുന്നത്. എന്നാല്‍ പാമ്പുപിടിത്തത്തിലേക്ക് രാജി നടന്നടുത്തിട്ട് അധികമൊന്നുമായിട്ടില്ല. ഒരു വര്‍ഷം കഴിഞ്ഞിട്ടേയുള്ളു. പക്ഷെ ഇതുവരെ പിടിച്ചത് 703 പാമ്പുകള്‍. നീര്‍ക്കോലി മുതല്‍ രാജവെമ്പാല വരെ ഇക്കുട്ടത്തിലുണ്ട്. ഇതില്‍ ഏറെ പിടിച്ചതും മൂര്‍ഖന്‍. സ്ത്രികള്‍ അത്രയധികം കടന്നു ചെല്ലാത്ത മേഖലയിലേക്ക് ധൈര്യപൂര്‍വ്വം തലയെടുപ്പോടെ നടന്നു നീങ്ങുന്നു ഈ മുപ്പത്തിമൂന്നുകാരി.
രാജിക്ക് പാമ്പുകളോടുള്ള സ്‌നേഹം തുടങ്ങിയത് വളരെ ചെറുപ്പം മുതലാണ്. അന്നൊക്കെ പറമ്പിലോ പാടത്തോ പാമ്പിനെ കണ്ടാല്‍ പാമ്പിനെ വളരെ കൗതുകതോടെ വീക്ഷിക്കുന്നതും പാമ്പിനോടുള്ള ആരാധനയ്ക്ക് കാരണമായി. നാട്ടിലൊക്കെ രാജിയുടെ പാമ്പ് പിടിത്തം അറിയാം. പാമ്പിനെക്കുറിച്ചുള്ള ദോഷവശങ്ങള്‍ നാട്ടുകാര്‍ രാജിക്ക് പറഞ്ഞു കൊടുത്തെങ്കിലും രാജി അത് കേട്ടൊന്നും ഭയന്നില്ല. എന്നാല്‍ വാവ സുരേഷ് പാമ്പിനെ പിടിക്കുന്നത് കണ്ടതോടെ രാജിയുടെ മനസില്‍ ആ മോഹം മൊട്ടിടുകയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് രാജി അറിയപ്പെടുന്ന ഒരു പാമ്പുപിടിത്തക്കാരിയായി മാറിയത്. എന്തുകൊണ്ടാണ് പാമ്പ് പിടിത്തക്കാരിയായി എന്ന് ചോദിച്ചാല്‍ രാജി പറയുന്നത് ഇങ്ങനെയാണ്- ബാബു പലാലയാണ് തന്റെ ഗുരു എന്നും അദേഹമാണ് പാമ്പിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞുതരുന്നതെന്നും. പാമ്പിനെ കൈയില്‍ തൊടാന്‍ തരുന്നതും. ഒരിക്കല്‍ അദ്ദേഹത്തിന്റെ ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയിരുന്നു. അന്ന് ഓരോ പാമ്പിനെക്കുറിച്ചും അവയെ എങ്ങനെ പിടിക്കേണ്ടതെന്നതിനെക്കുറിച്ചും അദ്ദേഹം വിശദമായ രീതിയില്‍ ക്ലാസെടുത്തിയിരുന്നു. പിന്നെ ബാക്കിയൊക്കെ യൂടൂബ് വഴിയാണ് കണ്ടു പഠിച്ചത്. ഇപ്പോള്‍ രാജിയെ തേടി നാടിന്റെ പല ഭാഗത്ത് നിന്നുപോലും ഫോണ്‍ വരുന്നുണ്ട്. പാമ്പ് ഏതുമായിക്കൊള്ളട്ടെ രാജി വിളിപ്പുറത്തുണ്ട്. ജീവന്‍ പണയപ്പെടുത്തിയുള്ള ഈ സാഹസം പക്ഷെ വളരെ സന്തോഷത്തോടെയാണ് താന്‍ ചെയ്യുന്നത്.
നന്ദിയോടു വന്ന് രാജി എന്ന് ചോദിച്ചാല്‍ അറിയില്ല, മറിച്ച് പാമ്പ് രാജി എന്ന് ചോദിച്ചാല്‍ നാട്ടുകാര്‍ ക്യത്യമായി ആളെ കാട്ടികൊടുക്കും. ആദ്യമൊക്കെ ഇത് കൗതുകമായിരുന്നുവെങ്കിലും ഇന്ന് ഇതോരു സാമുഹ്യ സേവനം കൂടിയാണ്. പിടിക്കുന്ന പാമ്പുകളെ ഫോറസ്റ്റ് അധികൃതരുടെ നിര്‍ദേശത്തോടെ കാട്ടിലേക്ക് അയക്കുന്നു. ഒരിക്കലും പാമ്പിനെ പേടിക്കേണ്ട ആവശ്യം ഇല്ലെന്നാണ് രാജി പറയുന്നത്. മാത്രവുമല്ല ഭയം കൊണ്ടാണ് പാമ്പ് നമ്മളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത്. ഒരിക്കല്‍പ്പോലും പാമ്പ് മനുഷ്യരുമായി ഇണങ്ങില്ല എന്നാണ് തന്റെ അറിവ്. അതിന്റെ ഇണയോടു മാത്രമേ ഇണങ്ങാറുള്ളു. എന്നാല്‍ വലയില്‍ കുരുങ്ങിയ ഒരു ചേരയെ രക്ഷിക്കാന്‍ തുടങ്ങുന്നതിനിടെ കൈയില്‍ ചേരയുടെ കടിയേറ്റിരുന്നു. അതിന്റെ ഒരു പല്ല് താഴ്ന്നിരുന്നു. അല്ലാതെ ഇതുവരെയും മറ്റു അനര്‍ഥങ്ങള്‍ ഇതുവരെയും സംഭവിച്ചിട്ടില്ല. പ്രാര്‍ഥനയോടുകൂടി മാത്രമാണ് പാമ്പിനെ പിടിക്കാന്‍ ഇറങ്ങുന്നത്. ആര്‍ത്തവ സമയത്ത് ഇവ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്. ദൈവത്തെ കാണാന്‍ പോകുമ്പോള്‍ ശുദ്ധിയോടെ അല്ലേ പോകുന്നത്. പാമ്പ് ദൈവമാണ് എന്നാണ് രാജിയുടെ പക്ഷം. എത്ര ഉഗ്രവിഷമുള്ള പാമ്പാണെങ്കിലും അതിനെ വരുതിയില്‍ നിര്‍ത്താന്‍ രാജിക്ക് അറിയാം. ശാസ്ത്രീയമായി ഓരോ പാമ്പിനെക്കുറിച്ചും നമ്മള്‍ മനസിലാക്കിയിരിക്കണം. അല്ലാതെ പാമ്പിനെ പിടിക്കാന്‍ ഇറങ്ങിയാല്‍ നല്ല പണി കിട്ടും. പിടിക്കുന്ന പാമ്പുകളെ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശനം കാണിക്കാറില്ല. പാമ്പിനെ പിടിച്ചാല്‍ ഉടന്‍ തന്നെ കൈയില്‍ കരുതിയിരിക്കുന്ന ബോട്ടിലിലേക്ക് മാറ്റുകയാണ് പതിവ്. ചിലര്‍ പറയുന്നത് പാമ്പ് പ്രതികാരം ചെയ്യുമെന്നാണ്. അങ്ങനെയുള്ള ബുദ്ധിയൊന്നും പാമ്പിനില്ല. വേണമെങ്കില്‍ പാമ്പിനെ നമുക്ക് അങ്ങോട്ടു സ്‌നേഹിക്കാം. പക്ഷെ തിരിച്ച് പാമ്പ് നമ്മളെ സ്‌നേഹിക്കുമെന്ന് കരുതണമെന്നില്ല. ഓരോ പാമ്പിനെ പിടിക്കാനും ഓരോ വശങ്ങളാണ്. ധൈര്യവും ഒപ്പം മനക്കരുത്തും ഉണ്ടങ്കില്‍മാത്രമേ ഇവയെ പിടിക്കാന്‍ കഴിയൂ. ഏറെ പ്രയാസം അണലിയാണ്. ഇങ്ങോട്ടു ആക്രമണകാരിയായിട്ടാണ് അണലി നില്‍ക്കുന്നത്. എന്നാല്‍ പെരുമ്പാമ്പ് അങ്ങനെയല്ല. ശ്രദ്ധ ഒന്നു മാറിയാല്‍ എല്ലാ തെറ്റും. എന്നാല്‍ പത്തോളം പെരുമ്പാമ്പിനെ രാജി പിടിച്ചിട്ടുണ്ട്. പാമ്പ് പിടിത്തം ഇപ്പോള്‍ ഒരു സാമൂഹ്യ സേവനം മാത്രമായിട്ടാണ് താന്‍ കാണുന്നത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ പാമ്പിനെ പിടിക്കാന്‍ പോകുമ്പോള്‍ കിട്ടുന്ന പൈസ മറ്റുള്ള സാമൂഹ്യ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. പാമ്പുകളോടുള്ള കൗതുകം പോലെയാണ് തനിക്ക് വാഹനങ്ങളോടും ബുള്ളറ്റിനോടും. ജീപ്പും ലോറിയും ജെസിബിയും രാജി ഓടിക്കും. രാജിയുടെ വരുമാനമാര്‍ഗം കൂടിയാണ് ഇത്. ചെറുപ്പത്തില്‍ വാഹനങ്ങളോട് ഇഷ്ടം തോന്നിയിരുന്നുവെങ്കിലും വിവാഹശേഷമാണ് ഡൈവിങ് പരിശീലിക്കുന്നത്. വാഹനങ്ങളോടുള്ള താല്‍പര്യത്തെ തുടര്‍ന്ന് ഭര്‍ത്താവ് അനില്‍കുമാര്‍ വിദ്യ പകര്‍ന്നു കൊടുക്കുയായിരുന്നു. ഒരാളിന്റെ വരുമാനത്തില്‍ കുടുംബം മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന കാരണത്തിലാണ് രാജിയും ഈ തൊഴില്‍ ഏറ്റെടുത്തത്. പിക്കപ്പും ലോറിയുമൊക്കെ രാജി ഓടിക്കും. ഒപ്പം ആരെങ്കിലും ഡ്രൈവിങ് പഠിച്ചിട്ട് നല്ല രീതിയില്‍ കൈ തെളിയണമെന്നുണ്ടങ്കില്‍ രാജിയെ വിളിച്ചാല്‍ മതി വിളിപ്പുറത്തുണ്ടാകും. ഇവര്‍ അടുക്കള പണികളെല്ലാം രാവിലെ തന്നെ തീര്‍ത്തു കഴിഞ്ഞാല്‍ പിന്നെ തന്റെ ജീവിതമാര്‍ഗത്തിനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ലോഡെടുക്കാന്‍ പോകാനും ആളുകളെ കയറ്റിക്കൊണ്ടുപോകാനും പാമ്പിനെ പിടിക്കാനും എന്തിനും രാജി റെഡിയാണ്. ഇത്രയും കാര്യങ്ങള്‍ രാജി ഒറ്റയ്ക്ക് എങ്ങനെ ചെയ്യുന്നു എന്ന ചോദിച്ചാല്‍ തന്റെ ഭര്‍ത്താവ് അനില്‍ കുമാറാണ് എല്ലാത്തിനും പിന്തുണ തരുന്നതെന്നും രാജി പറയുന്നു. സ്ത്രീകള്‍ അധികം കടന്നു വരാത്ത മേഖലയായതിനാല്‍ ചിലസ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ആളുകള്‍ക്കിടയില്‍ നല്ല സപ്പോര്‍ട്ടു കിട്ടാറുണ്ട്. ഒരു വര്‍ഷത്തിനിടയില്‍ പിടിച്ച പാമ്പ് ഏറെയും മൂര്‍ഖന്‍ തന്നെയാണ്. ഇതിനിടയില്‍ രാജവെമ്പാലയും പിടികൂടിയിട്ടുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് രാജി പുഞ്ചിരിയിലൂടെയാണ് മറുപടി നല്‍കുന്നത്. തന്റെ ആരാധകന്‍ വാവാ സുരേഷാണ്. പിടിക്കുന്ന പാമ്പിനെ ഒരു ദിവസം വീട്ടില്‍ സൂക്ഷിക്കും. പിറ്റേ ദിവസം തന്നെ വനപാലകര്‍ക്ക് കൈമാറുകയാണ് പതിവ്. ഇതിനിടയില്‍ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമങ്ങള്‍ നടത്തിയെങ്കിലും യാതൊരു ഫലവും കണ്ടില്ല. കെഎസ്ആര്‍ടിസിയില്‍ െ്രെഡവറാകണമെന്നാണ് രാജിയുടെ ആഗ്രഹം. ഇതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. തന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സഖാവ് പന്ന്യനെ ഒന്നു നേരിട്ടുകാണാന്‍ സാധിക്കുകയെന്നത്. എന്നാല്‍ അതു സാധിക്കുകയും അദ്ദേഹത്തോടെപ്പം നിന്ന് ഫോട്ടോയെടുക്കാനും അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് ആദരവ് ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായത് വലിയ കാര്യമായിത്തന്നെ കാണുന്നു. പിന്തുണയുമായി ഭര്‍ത്താവ് അനില്‍കുമാര്‍ കൂടെയുള്ളത് വലിയ ഒരു ആശ്വാസമാണ്. എന്നാല്‍ ഒമ്പതാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന അനാമികയും അഭിരാമിയും രാജിയുടെ സാഹസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല സപ്പോര്‍ട്ടാണ്. ഇനിയും രാജിക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഈശ്വരാനുഗ്രഹവും ഒപ്പം വിവിധ സപ്പോര്‍ട്ടും ഉണ്ടെങ്കില്‍ പ്രശ്‌നങ്ങളെയും തടസങ്ങളെയും വകഞ്ഞു മാറ്റി മുന്നോട്ടു പോകാന്‍സാധിക്കുമെന്ന ആത്മവിശ്വസാത്തിലാണ് ഈ നന്ദിയോടുകാരി. എന്ത് ആവശ്യത്തിനും ബന്ധപ്പെടുന്നതിനുള്ള മൊബൈല്‍ ഫോണ്‍.9497002394.

Related News