Monday
25 Mar 2019

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ബാങ്ക് ഗ്യാരന്റി വാങ്ങരുതെന്ന് ഹൈക്കോടതി

By: Web Desk | Monday 9 July 2018 10:17 PM IST


highcourt

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് ബാങ്ക് ഗ്യാരന്റി വാങ്ങരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം തേടി കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജിലെത്തിയ വിദ്യാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണര്‍ നിര്‍ദേശിച്ച ഫീസ് മാത്രമേ വാങ്ങുവാന്‍ പാടുള്ളൂ. ഇത്തരം പരാതികള്‍ സ്വാശ്രയ കോളജുകള്‍ക്കെതിരെ ഉണ്ടാകുന്നത് ഭൂഷണമല്ലെന്നും ഹൈക്കോടതി. ഹര്‍ജിയിലെ തുടര്‍വാദം പിന്നീട് കേള്‍ക്കും. സ്വാശ്രയ മെഡിക്കല്‍ കോളജില്‍ പ്രവേശനത്തിന് ഫീസ് നിര്‍ണയകമ്മിറ്റിയായ രാജേന്ദ്രബാബു കമ്മിഷന്‍ വിവിധ കോളജുകളിലെ വാര്‍ഷിക ഫീസ് നിശ്ചയിച്ചിരുന്നു. ഇക്കാര്യത്തില്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കമ്മിഷന്റെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. ഈ വര്‍ഷവും ഓരോ കോളജിന്റെയും വരവ് ചെലവ് കണക്ക് നോക്കി ഫീസ് നിശ്ചയിച്ചിരുന്നു. നാലരലക്ഷരൂപ മുതല്‍ അഞ്ചരലക്ഷം രൂപവരെയായിരുന്നു ഫീസ് നിശ്ചയിച്ചത്. ഇതിനെതിരെ ചില മാനേജ്‌മെന്റുകള്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെയാണ് ഈ വര്‍ഷത്തെ ആദ്യ അലോട്ട്‌മെന്റ് എന്‍ട്രന്‍സ് കമ്മിഷണര്‍ പുറത്തിറക്കിയത്. മിക്ക കോളജുകളിലും നിശ്ചയിച്ച ഫീസിനുപുറമെ വിദ്യാര്‍ഥികളോട് കൂടുതല്‍ പണം സ്‌പെഷ്യല്‍ ഫീസായിട്ട് വാങ്ങിവെച്ചിട്ടുണ്ട്. ഇന്നലെ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശനം തേടാനെത്തിയ വിദ്യാര്‍ഥികളോട് 25 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. രക്ഷിതാക്കളും വിദ്യാര്‍ഥികളും ഇതിനെ ചോദ്യംചെയ്തു. അതിനിടെയാണ് ഒരു വിദ്യാര്‍ഥി ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. രാജേന്ദ്രബാബു കമ്മിഷന്‍ നിശ്ചയിച്ച ഫീസില്‍ ബാങ്ക് ഗ്യാരന്റി ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഉത്തരവ്.