Monday
18 Feb 2019

സര്‍ക്കാരുകള്‍ക്കൊപ്പം വിദ്യാഭ്യാസനയം മാറ്റരുത്; ടി കെ കുര്യന്‍

By: Web Desk | Friday 23 March 2018 7:26 PM IST

കൊച്ചി:

ഇന്ത്യയില്‍ സര്‍ക്കാരുകള്‍ മാറുമ്പോള്‍ വിദ്യാഭ്യാസനയവും മാറുന്ന അവസ്ഥ ഇല്ലാതാവണമെന്ന് പ്രേംജി ഇന്‍വസ്റ്റ്‌മെന്റ മാനേജിംഗ് പാര്‍ട്ണര്‍ ടി കെ കുര്യന്‍ പറഞ്ഞു. കൊച്ചിയില്‍ സംഘടിപ്പിച്ച ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ്ഫ്യൂച്ചറിലെ ഡിജിറ്റല്‍ ഫ്യൂച്ചര്‍ ഓഫ് എജ്യൂക്കേഷന്‍ ആന്‍ഡ് സ്‌കില്‍സ് എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രസകരമായി പഠിപ്പിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും. അതിനായി അധ്യാപകന്‍ സ്വയം സജ്ജനാകേണ്ടതുണ്ട്. ഇതിനായി ഇന്ന് നിരവധി സാങ്കേതിക വിദ്യകള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് തന്ത്രപ്രധാനമായ ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി വേണമെന്ന് ഹാഷ് ഫ്യൂച്ചറില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നയത്തിനപ്പുറം സമഗ്രവും തന്ത്രപ്രധാനവുമായ വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംസ്ഥാന ഐടി ഉന്നതാധികാര സമ്മിതി അംഗവും ഹാഷ് ഫ്യൂച്ചര്‍ കണ്‍വീനറുമായ വി കെ മാത്യൂസ് പറഞ്ഞു.

വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന ഡിജിറ്റല്‍ കൂട്ടായ്മയാണ് പ്രാഥമികമായി ഉണ്ടാകേണ്ടത്. ഡിജിറ്റല്‍ മേഖലയില്‍ അനുദിനം ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്വാംശീകരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന് സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ സ്വയംഭരണാധികാരം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ പഠന മികവ് അളക്കുന്നതെന്ന് ഇല്യനോയിസ് സര്‍വകലാശാലാ ഹെല്‍ത്ത് കെയര്‍ എന്‍ജിനീയറിംഗ് സിസ്റ്റംസ് ഡയറക്ടര്‍ തേന്‍കുറിശ്ശി കേശവദാസ് ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളില്‍ സമ്മര്‍ദ്ദമുണ്ടാക്കാനേ ഇത് സഹായിക്കൂ. വിദ്യാലയത്തിനു പുറത്ത് ചെയ്യുന്ന കാര്യങ്ങള്‍ വിദ്യാര്‍ത്ഥിയുടെ മാര്‍ക്കിനൊപ്പം നല്‍കുന്ന രീതിയാണ് അമേരിക്കയിലും മറ്റുമുള്ളത്. ഇത് അവരുടെ സര്‍ഗശേഷി കൂട്ടാന്‍ സഹായിക്കും. ഹൈസ്‌കൂള്‍ മുതല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കാനും പ്രവേശനപരീക്ഷ എഴുതാനും മാത്രമായി ഇന്ത്യയില്‍ വിദ്യാഭ്യാസം ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍, വിദ്യാഭ്യാസ മേഖല, വ്യവസായ മേഖല എന്നിവയുമായി സൂഷ്മമായ ആശയവിനിമയം അത്യാവശ്യമാണെന്ന് ഏണസ്റ്റ് ആന്‍ഡ് യങ് പാര്‍ട്ണര്‍ ദീപക് സ്വരൂപ് അഭിപ്രായപ്പെട്ടു. വ്യാവസായികാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിദ്യാഭ്യാസമേഖലയ്ക്ക് കഴിയും. ഇതിനാവശ്യമായ സഹായം ചെയ്യാന്‍ സര്‍ക്കാരിനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നൈപുണ്യവികസനത്തിന് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ വേണമെന്ന് പിഡബ്ലൂസി ഇന്ത്യ പാര്‍ട്ണര്‍ ശ്രീരാം അനന്തശയനം പറഞ്ഞു. എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും വിപണിയിലും വ്യവസായത്തിലുമുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് വിദ്യാര്‍ത്ഥികളെ തയ്യാറാക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണണെന്ന് കുസാറ്റ് മുന്‍ വൈസ് ചാന്‍സിലര്‍ രാമചന്ദ്രന്‍ തെക്കേടത്ത് പറഞ്ഞു. യുവര്‍ സ്‌റ്റോറി ഇന്ത്യ മാനേജിംഗ് എഡിറ്റര്‍ ഡാര്‍ലിംഗ്ടണ്‍ ഹെക്ടറായിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍.

Related News