Web Desk

തൃശൂര്‍

December 01, 2020, 9:45 pm

ആകാശവാണി നിലയങ്ങള്‍ അടച്ചുപൂട്ടരുത്: യുവകലാസാഹിതി

Janayugom Online

സാമ്പത്തിക വാണിജ്യ താല്‍പര്യങ്ങളുടെ പേരു പറഞ്ഞു കേരളത്തിലെ ആകാശവാണി പ്രാദേശിക നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ പ്രസാര്‍ഭാരതി കോര്‍പ്പറേഷന്‍ കൈക്കൊണ്ട തീരുമാനം റദ്ദാക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നവംബര്‍ 18 ന് എടുത്ത തീരുമാനം നടപ്പിലായാല്‍ ആകാശവാണി തിരുവനന്തപുരം സ്റ്റേഷന്റെ റിലേ സ്റ്റേഷനുകള്‍ മാത്രമായി ആലപ്പുഴ,തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍ പ്രാദേശിക നിലയങ്ങള്‍ അധ:പ്പതിക്കും.

ആകാശവാണിയില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ എത്രയോ വര്‍ഷങ്ങളായി ജീവനക്കാരെ നിയമിച്ചിട്ടില്ല. പ്രോഗ്രാം ജീവനക്കാരുടെ മാത്രം 90% തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുള്ള പരിമിത ജീവനക്കാര്‍കൂടി അടിത്തൂണ്‍പറ്റി പിരിയുന്നതോടെ ആകാശവാണി പ്രാദേശിക നിലയങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടപ്പെടും.

ഭാഷയും സംസ്‌കാരവും ശാസ്ത്ര വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ട സൂക്ഷ്മങ്ങളായ ബഹുസ്വര ആശയ വിനിമയങ്ങളാണ് ആകാശവാണി നിലയങ്ങള്‍ നിര്‍വഹിക്കുന്നത്. ആയിരക്കണക്കായ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പതിറ്റാണ്ടുകളായി ആകാശവാണിയില്‍ ലഭിച്ചുകൊണ്ടിരുന്ന അവസരങ്ങളും പ്രോത്സാഹനങ്ങളും റിലേ നിലയങ്ങള്‍ മാത്രമായി ആകാശവാണി പ്രാദേശിക സ്റ്റേഷനുകള്‍ മാറുന്നത്തോടെ നഷ്ടപ്പെടാന്‍ പോവുകയാണ്.
നാടിന്റെ സാംസ്‌കാരിക ബഹുസ്വരതയെ തകര്‍ത്തുകൊണ്ട് ദുരുപദിഷ്ടമായ കേന്ദ്രീകൃത ആശയങ്ങളുടെ വിനിമയവേദി മാത്രമാക്കി ആകാശവാണിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും പ്രസാര്‍ഭാരതി തീരുമാനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഇ എം സതീശന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.