July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി നിഷേധിക്കരുത്

Janayugom Webdesk
May 18, 2022

കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്ക് സുപ്രീം കോടതി ഉത്തരവുപ്രകാരം നൽകേണ്ട നഷ്ടപരിഹാരം ഇനിയും നല്കിയിട്ടില്ലെന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സൽപ്പേരിനു കളങ്കമായി തുടരാൻ ഇനിയും അനുവദിച്ചുകൂടാ. 2017 ലാണ് എൻഡോസൾഫാൻ ഇരകൾക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്ന് പരമോന്നത നീതിപീഠം വിധിച്ചത്. എന്നാൽ, ഇതുവരെ കണ്ടെത്തിയ 3704 ഇരകളിൽ കേവലം എട്ടുപേർക്കുമാത്രമേ നഷ്ടപരിഹാരം നൽകിയിട്ടുള്ളൂ. അതുതന്നെ കോടതിവിധി നടപ്പാക്കാത്തതിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചവർക്കു മാത്രം. ഇരകളിൽ 102 പേര്‍ തികച്ചും ശയ്യാവലംബികളാണ്. 326 പേർ മാനസിക വെല്ലുവിളികളെ നേരിടുന്നു. 201 പേർ ശാരീരിക വൈകല്യം ബാധിച്ചവരും, 119 കാൻസർ രോഗികളും 2966 പേർ മറ്റുതരത്തിൽ അവശത അനുഭവിക്കുന്നവരുമാണ്. സംസ്ഥാന സർക്കാർ ഇക്കൊല്ലം ജനുവരി മാസത്തിൽ എൻഡോസൾഫാൻ ഇരകൾക്ക് വിതരണം ചെയ്യുന്നതിനായി 200 കോടിരൂപ അനുവദിച്ചെങ്കിലും കഴിഞ്ഞ നാലുമാസത്തിനുള്ളിൽ നാല്പതുലക്ഷം രൂപയെ വിതരണം ചെയ്തിട്ടുള്ളു എന്നത് പ്രതിഷേധാർഹവും അപലപനീയവും ക്രൂരവുമാണെന്ന് പറയാതെ വയ്യ. എൻഡോസൾഫാൻ ദുരിതബാധിതർ സാമ്പത്തികമായി പ്രാന്തവല്കരിക്കപ്പെട്ട പാവങ്ങളാണ്. ഇരകൾ നിരന്തര ചികിത്സയും ഏറെ പരിചരണവും ആവശ്യമുള്ളവരാണ്. അതുകൊണ്ടുതന്നെ ജീവൻ നിലനിർത്താനാവശ്യമായ തുച്ഛവരുമാനത്തിന് കൂലിപ്പണിക്കോ കൃഷികാര്യങ്ങൾ വേണ്ടവിധം നോക്കിനടത്താനോ രക്ഷിതാക്കൾക്ക് കഴിയാത്ത ദുരവസ്ഥയിലാണ്. ഈ യാഥാർത്ഥ്യങ്ങൾ അവഗണിക്കാതെ അർഹരായ മുഴുവൻ എൻഡോസൾഫാൻ ഇരകൾക്കും അടിയന്തരമായി നഷ്ടപരിഹാരം നല്കാൻ നടപടി ഉണ്ടാവണം. എൻഡോസൾഫാൻ ഇരകൾ തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് അവർണനീയമായ ദുരന്തത്തിൽ അകപ്പെട്ടവരാണ്. ബോധപൂർവം അല്ലെങ്കിൽത്തന്നെയും സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമാണ് ഈ ദുരിതത്തിന് ഉത്തരവാദികൾ എന്ന് ഇതിനകം സമൂഹത്തിനും ബന്ധപ്പെട്ട എല്ലാവർക്കും ബോധ്യമുള്ള വസ്തുതയാണ്. എൻഡോസൾഫാന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞാണ് കേരളമടക്കം പരിഷ്കൃത സമൂഹങ്ങൾ അതിന്റെ ഉപയോഗം നിരോധിച്ചത്.


ഇതുകൂടി വായിക്കാം; ഓർമ്മകളിൽ സഖാവ് ഐ വി ശശാങ്കൻ


ആ നിരോധനം തന്നെ അറിഞ്ഞുകൊണ്ടല്ലെങ്കിലും സംഭവിച്ചുപോയ പിഴവ് അംഗീകരിക്കലായിരുന്നു. അത്തരത്തിൽ സംഭവിച്ച പിഴവിന്റെ ഇരകളാണ് എൻഡോസൾഫാൻ ബാധിതർ. അവർക്കു മതിയായ നഷ്ടപരിഹാരം നൽകാനും ഇരകളായി ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമായ ചികിത്സ നൽകാനും അവരുടെ സാന്ത്വന പരിചരണത്തിന് ആവശ്യമായ പിന്തുണ നൽകാനും ഗവണ്‍മെന്റിന് ബാധ്യത ഉണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിസർക്കാർ രാഷ്ട്രീയമായും ധാർമികമായും ആ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളതുമാണ്. എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഇരുന്നൂറുകോടി രൂപ മാറ്റിവയ്ക്കുകവഴി സർക്കാർ ആ ഉത്തരവാദിത്തം നിറവേറ്റുന്നതിലേക്ക് സുപ്രധാനമായ ഒരു ചുവടുവയ്പ് നടത്തുകയും ചെയ്തു. എന്നാൽ അതിന്റെ വിതരണം സമയബന്ധിതമായി നിറവേറ്റാൻ എന്തുകൊണ്ടായില്ല എന്നത് ഗൗരവപൂർവം പരിശോധിക്കാൻ സർക്കാർ അമാന്തംകൂടാതെ തയാറാവണം. എൻഡോസൾഫാൻ ദുരന്തം കേരളസമൂഹത്തിലെ അതീവ ഗുരുതരമായ മാനവിക പ്രതിസന്ധികളിൽ ഒന്നാണ്. അതിന്റെ ഇരകളെ ഒരു തരത്തിലുമുള്ള ചികിത്സകൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയില്ലെന്നത് അനിഷേധ്യമായ വസ്തുതയാണ്. അത് ഇരകളെ മാത്രമല്ല അവരുടെ കുടുംബങ്ങളെയും സമൂഹത്തെയും തീരാദുഃഖത്തിലേക്കും പീഡനത്തിലേക്കുമാണ് തള്ളിവിട്ടിട്ടുള്ളത്. അവരുടെ ദുരന്ത ജീവിതത്തിനു ആശ്വാസവും സാന്ത്വനവും ഇനി അല്പംപോലും വൈകിച്ചുകൂടാ. സർക്കാർ വാഗ്ദാനം ചെയ്ത, ഇരകൾക്കു ക്ലേശംകൂടാതെ പ്രാപ്യമായ ചികിത്സാസൗകര്യം ഇന്നും യാഥാർത്ഥ്യമായിട്ടില്ല. സ്വന്തം കാര്യങ്ങൾ നിർവഹിക്കാനോ എണീറ്റുനിൽക്കാനോപോലും പ്രാപ്തരല്ല അവരിൽ ഏറെയും. അത്തരക്കാർക്ക് മതിയായ ചികിത്സയും സാന്ത്വനവും നല്കാൻ ഉതകുന്ന ആരോഗ്യ‑സാന്ത്വന കേന്ദ്രങ്ങൾ സർക്കാരിന്റെ അടിയന്തര ഉത്തരവാദിത്തമാണ്. തങ്ങളുടേതല്ലാത്ത കാരണംകൊണ്ട് ജീവിതം നരകതുല്യമായ ഹതഭാഗ്യർ ഇനിയും കോടതി കയറിയിറങ്ങാൻ നിർബന്ധിതമാകുന്നത് ഒരു പരിഷ്കൃത സമൂഹത്തിനും സർക്കാരിനും ഭൂഷണമല്ല. അവര്‍ നീതി അര്‍ഹിക്കുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.