Friday
06 Dec 2019

ജമ്മു-കശ്മീരിന്റെ അസ്തിത്വം വിസ്മരിക്കരുത്

By: Web Desk | Thursday 8 August 2019 10:47 PM IST


എ റഹീംകുട്ടി

പുതിയ നിയമനിര്‍മ്മാണങ്ങള്‍ ഒന്നൊന്നായി ദോശ ചുട്ടെടുക്കുന്ന വേഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദിനംപ്രതി നിയമമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വര്‍ത്തമാനത്തെയും ഭാവിയെയും വരെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന നിയമങ്ങള്‍ ഇക്കൂട്ടത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഇന്ത്യയില്‍ നിയമനിര്‍മ്മാണങ്ങള്‍ക്ക് ബാധ്യതപ്പെട്ട ജനാധിപത്യത്തിന്റെ ഈറ്റില്ലമാണ് പാര്‍ലമെന്റും നിയമസഭകളും. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ പോലും വേണ്ടത്ര ചര്‍ച്ചയ്ക്ക് വിഷയീഭവിപ്പിക്കാതെയും അതിനു വേണ്ട സമയവും അവസരവും അനുവദിക്കാതെയും ഏകപക്ഷീയമായിട്ടാണ് നിരവധി നിയമങ്ങള്‍ ഭരണനേതൃത്വം അംഗീകരിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നതെന്ന വസ്തുത ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. ഈ പ്രവണത നമ്മുടെ ജനാധിപത്യ പ്രക്രിയയെ അസ്ഥിരപ്പെടുത്തുന്നതിനും അപ്രസക്തമാക്കുന്നതിനും കാരണമായി ഭവിക്കും. നീണ്ടുനിന്ന സഹനസമരങ്ങളിലൂടെ നാം സ്വാതന്ത്ര്യം നേടിയിട്ട് 71 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യ റിപ്പബ്ലിക്കായിട്ട് 69 സംവത്സരങ്ങള്‍ തികച്ചു കഴിഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ വൈവിധ്യം നിറഞ്ഞ രാജ്യത്തിന് അനുസൃതമായ മനോഹരവും മഹത്തായതുമായ ഭരണഘടനയ്ക്ക് രൂപം നല്‍കാന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് കഴിഞ്ഞുവെന്ന വസ്തുത ശുഭോദാര്‍ഹം തന്നെയാണ്. ജനാധിപത്യം-മതേതരത്വം-ബഹുസ്വരത എന്നിവയോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശമായി അംഗീകരിച്ചതിലൂടെ രാജ്യത്തോടൊപ്പം ഓരോ ഭാരതീയനും അഭിമാനകരവും ശ്രേയസ്‌കരവുമായ അവസ്ഥയാണ് ഭരണഘടന പ്രദാനം ചെയ്തിട്ടുള്ളത്. ഇതിനനുസൃതമായാണ് അടുത്തിടെ സുപ്രീംകോടതിയില്‍ നിന്ന് രണ്ടു സുപ്രധാന വിധികള്‍ വന്നിട്ടുള്ളത്. സ്വവര്‍ഗരതിപോലും നിയമാനുസൃതമാക്കി പ്രോത്സാഹിപ്പിക്കുന്നതും അതോടൊപ്പം വിവാഹിതനായാലും അല്ലെങ്കിലും ഏതൊരു ഇന്ത്യന്‍ പൗരനും പരസ്പരം ഇഷ്ടവും താല്‍പ്പര്യവും പ്രകാരം എതിര്‍ലിംഗത്തില്‍പ്പെട്ട വ്യക്തിയോടൊപ്പം എവിടെയും ഒരുമിച്ചു കഴിയാമെന്ന വിധിയും. ഈ വിധികളിലൂടെ പാരതന്ത്രം ഇല്ലാത്ത വ്യക്തിസ്വാതന്ത്ര്യമാണ് ഓരോ ഭാരതപൗരനും നമ്മുടെ രാജ്യത്ത് അനുഭവവേദ്യമായിരിക്കുന്നതെന്ന് വ്യക്തം. സ്വകാര്യത ഓരോ പൗരന്റെയും മൗലികാവകാശമായി ഒന്നുകൂടി അരക്കിട്ടുറപ്പിക്കാന്‍ പോന്നതായിരുന്നു പ്രസ്തുത വിധികള്‍. ഇത് ഒരു വശമാണെങ്കില്‍ ഇതിനെല്ലാം ഘടകവിരുദ്ധമായ നിയമവ്യവസ്ഥകളുമായാണ് മറുഭാഗത്തും നമ്മുടെ ജനാധിപത്യ ഭരണസാരഥികള്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നതാണ് വിചിത്രമായ വസ്തുത! ഇത്തരം പൗരാവകാശ ധ്വംസനം നിറഞ്ഞ നിയമങ്ങള്‍ സ്വന്തം പൗരന്മാരില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ഇന്ത്യയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
സ്വാതന്ത്ര്യദിനത്തിന്റെ എണ്ണം കൂടുന്തോറും അതിനനുസൃതമായി സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളില്‍ നിന്ന് നാം അകലുകയും വ്യക്തിസ്വാതന്ത്ര്യത്തിന് ഭരണകൂട കൂച്ചുവിലങ്ങ് ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതാണ് മുത്തലാഖ് നിരോധനനിയമത്തില്‍ നാം കണ്ടത്. നമ്മുടെ രാജ്യത്ത് സിവില്‍ വ്യവഹാരമായ വിവാഹ സംബന്ധമായ വിഷയത്തില്‍ രണ്ടു നീതി നടപ്പാക്കുന്നതാണ് ഈ നിയമവ്യവസ്ഥയില്‍ നിന്ന് ഒരു വിഭാഗത്തിന് നേരിടേണ്ടി വരുന്നത്. ഇത് വിവേചനപരവും രണ്ടുതരം പൗരന്മാരെ രാജ്യത്ത് സൃഷ്ടിക്കുന്നതുമാണ്.
പ്രാകൃതവും മൃഗീയവുമാണ് മുത്തലാഖ് സമ്പ്രദായമെന്ന കാര്യത്തില്‍ ആര്‍ക്കും അധികം തര്‍ക്കമുണ്ടാകാനിടയില്ല. അതിനാലാണ് 17 ഓളം മുസ്‌ലീം രാഷ്ട്രങ്ങള്‍ തന്നെ ഈ സമ്പ്രദായം നിരോധിച്ചിട്ടുള്ളത്. അനിസ്‌ലാമിക സമ്പ്രദായമാണെന്ന് കണ്ടെത്തി സുപ്രീംകോടതി തന്നെ ഇന്ത്യയിലും ഈ സമ്പ്രദായം നിരോധിച്ചതാണ്. ഇപ്രകാരം നിയമവിരുദ്ധമാക്കപ്പെട്ട മുത്തലാഖിനു യുക്തിഭദ്രമല്ലാത്തതും അതോടൊപ്പം എന്നാല്‍ ക്രിമിനല്‍ സ്വഭാവത്തോടുകൂടിയ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പുതിയ നിയമത്തിന്റെ സാംഗത്യമുണ്ടായിരുന്നോ? സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും ഇതിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ ബോധ്യമാകുന്നതാണ്. അങ്ങനെയുള്ള ഒരു കാര്യത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധനനിയമം കൊണ്ടുവന്നത്. ഒരു വിഭാഗത്തെ ബോധപൂര്‍വ്വം കുടുക്കുകയും ക്രിമിനല്‍വല്‍ക്കരിക്കുകയുമാണ് ഇതിന്റെ പിന്നിലെ ചേതോവികാരമെന്ന് ഇതിനകം തന്നെ പരക്കെ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. മുത്തലാഖ് ചൊല്ലിയെന്ന് വാദിയായ വ്യക്തി പറഞ്ഞാല്‍തന്നെ മൂന്ന് വര്‍ഷം ജാമ്യമില്ലാതെ ജയിലില്‍ കിടക്കേണ്ട വ്യവസ്ഥയാണ് ഈ നിയമത്തില്‍ ഉള്ളത്. വാദിതന്നെ പറഞ്ഞാല്‍ മാത്രമേ ജാമ്യം അനുവദിക്കൂവെന്ന വിചിത്ര വ്യവസ്ഥകൂടി ഉണ്ട് ഈ നിയമത്തില്‍. ജാമ്യമനുവദിക്കുന്നതില്‍ പ്രോസിക്യൂഷനോ അന്വേഷണ ഉദ്യോഗസ്ഥനോ യാതൊരു റോളുമില്ലാത്ത വ്യവസ്ഥയാണ് ചേര്‍ത്തിരിക്കുന്നത്. ഇത് ഇന്ത്യന്‍ പീനല്‍കോഡില്‍ ഒരിടത്തും ഇല്ലാത്ത വ്യവസ്ഥയാണ്. ഈ വിചിത്രമായ വ്യവസ്ഥകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പ്രസ്തുത നിയമത്തിന് പിന്നിലെ ദുഷ്ടലാക്കും ദുരുപദിഷ്ഠതയും നിഷ്പക്ഷമതികളില്‍ ജനിപ്പിക്കുന്നതിന് ഇട ഉണ്ടാക്കുന്ന മുഖ്യഘടകമായി വര്‍ത്തിക്കുന്നത്. തുടര്‍ന്ന് നിയമമാക്കിയ പൗരത്വം ഭേദഗതിബില്ലിലും ഇതേ വിവേചന സ്വഭാവവും വ്യവസ്ഥകളുമാണ് നിയമം കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ പ്രകടമാക്കിയിട്ടുള്ളതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ഇതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ, പൗരന് സ്വാതന്ത്ര്യം നല്‍കിയിരുന്ന അറിയാനുള്ള അവകാശമായ വിവരാവകാശ നിയമത്തിന്റെയും ചിറക് അരിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പശു മാംസത്തിന്റെയും വര്‍ഗീയ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെയും പേരില്‍ നിര്‍ബാധം തുടര്‍ന്നുവന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിലും അനുസ്യൂതം തുടര്‍ന്നുവരികയാണ്. അതുകൂടാതെ ജാതിവിവേചനത്തിന്റെയും അസ്പൃശ്യതയുടെയും പേരില്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള കൊലപാതകങ്ങളും പീഢനങ്ങളും രാജ്യത്ത് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു.
ഡല്‍ഹി, കത്‌വ, ഉന്നാവോ തുടങ്ങിയുള്ള പൈശാചിക പീഢന സംഭവപരമ്പരകള്‍ തെല്ലൊന്നുമല്ല രാജ്യത്തിന്റെ യശസ്സിന് അന്താരാഷ്ട്രതലത്തില്‍ കളങ്കം ചാര്‍ത്തിയിട്ടുള്ളത്. കൂടാതെ ഉന്നാവോ സംഭവത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ പ്രതിയാക്കപ്പെട്ട ജനപ്രതിനിധി തന്നെ മുന്നോട്ടു വന്ന സംഭവം ഇന്ത്യയെക്കുറിച്ച് ലോകത്തിനു മുന്നില്‍ അവമതിപ്പിന് ഇടയാക്കും വിധം മാനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുകയാണ്. എന്നിട്ടും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സുപ്രീംകോടതി കര്‍ശന നിയമം കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് കാലമേറെയായിട്ടും അതിനു തയ്യാറാകാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തുടരാന്‍ അവസരം സൃഷ്ടിക്കുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരാന്‍ മടികാട്ടുന്ന കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ യുഎപിഎ നിയമഭേദഗതിബില്ലും എന്‍ഐഎ നിയമഭേദഗതി ബില്ലും കൊണ്ടുവന്നതെന്നതാണ് ഏവരെയും അതിശയിപ്പിക്കുന്ന വസ്തുത. ഇപ്പോള്‍ നിലവില്‍തന്നെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കാതെയും കുറ്റപത്രം സമര്‍പ്പിക്കാതെയും വിചാരണ നടപ്പിലാക്കാതെയും യുഎപിഎ നിയമപ്രകാരം ആയിരക്കണക്കിനു പേരാണ് വിവിധ ജയിലുകള്‍ക്കുള്ളില്‍ കിടന്ന് അനേക വര്‍ഷങ്ങളായി നീതിക്കുവേണ്ടി കേഴുന്നത്. ഈ നിയമം എത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്?. കേവലം സംശയത്തിന്റെ പേരിലോ, രാഷ്ട്രീയ-മത വൈരാഗ്യത്താലോ നിരപരാധികളായ എത്രപേര്‍ യുഎപിഎ നിയമപ്രകാരം ജാമ്യം കിട്ടാത്തവിധം ജയിലുകളില്‍ അകപ്പെട്ടിട്ടുണ്ട്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നമ്മുടെ നിയമവ്യവസ്ഥയുടെ അന്തസത്ത എത്രമാത്രം ഇത്തരം നിയമവ്യവസ്ഥകളിലൂടെ ഇതിനകം അപ്രസക്തമായി തീര്‍ന്നിരിക്കുന്നു. ഇതിനെക്കുറിച്ച് എന്തെങ്കിലുമൊരു പരിശോധന നാം ഇതുവരെ നടത്തിയിട്ടുണ്ടോ? ഒട്ടേറെ വിവാദം ഉയര്‍ന്ന ഘട്ടത്തിലെങ്കിലും ഒട്ടനേകം നിരപരാധികള്‍ ക്രൂശിക്കപ്പെട്ടുവെന്ന് വിവിധ കോണുകളില്‍ നിന്ന് മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലെങ്കിലും ഇത് പരിശോധിക്കേണ്ടത് അനിവാര്യമായിരുന്നില്ലേ. അതിന് ഒരു ജൂഡീഷ്യല്‍ കമ്മിഷനെക്കൊണ്ട് പരിശോധിക്കേണ്ടതും പഠനം നടത്തേണ്ടതും വിലയിരുത്തേണ്ടതുമായ ഉത്തരവാദിത്തം ഒരു സ്വതന്ത്രജനാധിപത്യ രാജ്യത്തിന് അനുപേക്ഷണീയമല്ലേ? അബ്ദുല്‍ നാസര്‍ മഅ്ദനി മുതല്‍ ഐജിയായിരുന്ന സഞ്ജയ്ഭട്ട് വരെ രാഷ്ട്രീയ ഇരകളാക്കപ്പെട്ടവരാണെന്നുള്ള രോദനം ബധിരകര്‍ണ്ണപുടങ്ങളില്‍ അകപ്പെട്ട് പ്രതിധ്വനിക്കാതെ പോയിട്ട് കാലമെത്രയായി. അറിയപ്പെടാത്ത ആയിരങ്ങള്‍ വേറെയും!
സ്വാതന്ത്ര്യസമരത്തിലോ അതോടൊപ്പം ഈ നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്ന പ്രക്രിയയിലോ യാതൊരു സംഭാവനയും നല്‍കാത്തവര്‍ മഹാന്മാരായ നേതാക്കന്മാരെയും ഭരണകര്‍ത്താക്കളെയും പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നിന്ദാര്‍ഹമായ വിചിത്ര സമീപനമാണ് നാം കാണാനിടവരുന്നത്. സ്വാതന്ത്ര്യാനന്തരം ഉണ്ടാക്കിയ കരാറാണ് ഇന്നു നമുക്ക് അവകാശമാക്കി മാറിയ ജമ്മു-കശ്മീരിന്റെ അസ്ഥിത്വം എന്നു വിസ്മരിക്കാതിരുന്നാല്‍ മതിയായിരുന്നു. ആ കരാറാണ് നാം തകര്‍ത്തെറിഞ്ഞ് ജമ്മു-കശ്മീരിനെ രണ്ടായി കീറിമുറിച്ച് ഇപ്പോള്‍ നിയമമാക്കിയ ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ അവകാശാധികാരം കവര്‍ന്നെടുക്കാനാണ് ശ്രമിക്കുന്നത്. നിലവിലെ ഭരണഘടനയിലെ വ്യവസ്ഥകള്‍ മാനിക്കാതെ ഒരു സുപ്രഭാതത്തില്‍ ജനപ്രതിനിധികള്‍ക്കു പോലും ബില്ലിനെകുറിച്ച് പഠിക്കാനോ അവധാനതയോടെ കാര്യങ്ങള്‍ വിലയിരുത്താനോ വസ്തുതകള്‍ പ്രകടിപ്പിക്കാനോ അവസരം നല്‍കാതെയാണ് ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തി ജനാധിപത്യ അധികാരാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള വ്യഗ്രതയോടെ കൊണ്ടുവന്ന ബില്ല് ചൂടപ്പംപോലെ കേന്ദ്രസര്‍ക്കാര്‍ നിയമമാക്കി എടുത്തത്. ഇതെല്ലാം നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഏകാധിപത്യത്തിലേക്കാണോ? എന്ന് ഓരോ ജനാധിപത്യവിശ്വാസികളിലും ആശങ്കയുണര്‍ത്തുന്ന വിധമാണ് വര്‍ത്തമാനകാലം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ നമ്മുടെ പുകള്‍പെറ്റ ജനാധിപത്യ വ്യവസ്ഥിതി തകര്‍ക്കപ്പെടുമോ എന്ന ഉല്‍ക്കണ്ഠയാണ് ഏവരിലും ജനിപ്പിച്ചിരിക്കുന്നത്.

Related News