Monday
18 Feb 2019

മൃതദേഹത്തോട് അനാദരവ് അരുത്!

By: Web Desk | Monday 24 December 2018 10:21 PM IST

devika

ന്നും ഇന്നും എന്നും മനുഷ്യത്വമുള്ള മുഖമാണ് ഇടതുപക്ഷത്തിന്‍റേത്. സര്‍വാദരണീയമായ നിലപാടാണു അതുതാനും. പക്ഷേ കഴിഞ്ഞ ഒരു മാസത്തോളമായി ആ മുഖത്തൊരു ഗ്ലനി വന്നുഭവിച്ചുവോ എന്നു ദേവികയ്ക്ക് തെല്ലു സന്ദേഹം. മൃതദേഹത്തോട് ആദരവു കാട്ടണമെന്നത് ഒരു അലിഖിത ആചാരമാണ്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനുപയോഗിക്കുന്ന ശവശരീരത്തോടു പോലും ആദരവു കാട്ടുന്നത് ഉദാഹരണം. പക്ഷേ കഴിഞ്ഞ ഒരു മാസത്തോളമായി ഭരണത്തിന്റെ ഹൃദയസരസിനരികില്‍ ഒരു അനാഥമൃതദേഹം ചീഞ്ഞളിഞ്ഞു നാറിയിട്ടും അതു മാന്യമായി മറവുചെയ്യാത്ത പിണറായി സര്‍ക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും നിലപാടില്‍ ജനത്തിനു ദുഃഖമുണ്ട്. ഒരു മാസത്തെ കാലപ്പഴക്കത്തില്‍ ജീര്‍ണിച്ച ബിജെപി മൃതദേഹത്തിന്റെ നാറ്റം കാരണം രാജപാതയിലൂടെ മാലോകര്‍ക്കു മൂക്കുപൊത്തിയേ നടക്കാനാവുന്നുള്ളൂ. ചില പരിഷ്‌കാരികള്‍ ബിജെപി മൃതദേഹ ദുര്‍ഗന്ധത്തിനെതിരേ മാസ്‌കു ധരിച്ചു നടക്കുന്നതും കാണാം. ബിജെപിയുടെ ശവശരീരം പേടിച്ചാരും ഈവഴി നടപ്പീല എന്ന അവസ്ഥ.
ഒരു സമരത്തെ എങ്ങനെ ദയനീയമായി അരുംകൊല ചെയ്യാം എന്ന് ഇനി ബിജെപിയുടെ ഗുരുമുഖത്തു നിന്നും പഠിച്ചോളു. ആചാരസമരമെന്ന സമരാഭാസത്തിനെതിരെ ശബരിഗിരീശന്‍ കണ്ണുരുട്ടിയപ്പോള്‍ പമ്പ കടന്ന് സെക്രട്ടേറിയറ്റ് പടിക്കലെത്തി ആരംഭിച്ച ബിജെപിയുടെ ഉണ്ണാവ്രതക്കാര്‍ ഇപ്പോള്‍ മൂന്നാമത്തെയാളുമായി. ജനം ‘മൈക്കുവിഴുങ്ങി’യെന്ന ഓമനപ്പേരിടുന്ന ശോഭാസുരേന്ദ്രന്‍ രംഗത്തുനിന്നും മുങ്ങാനുള്ള തന്റെ ഊഴം കാത്തുകിടപ്പാണ്. എ എന്‍ രാധാകൃഷ്ണനും സി കെ പത്മനാഭനും ഉയിരും കൊണ്ടോടി. സത്യഗ്രഹികളുടെ ആരോഗ്യനില പരിശോധിക്കാനെത്തുന്ന ഡോക്ടര്‍മാരോട് തന്റെ മുന്‍ഗാമികളെപ്പോലെ ശോഭാസുരേന്ദ്രനും സിനിമയിലെ ഇന്നസെന്റിനെപ്പോലെ പറയുന്നു. ‘അമ്മേ എനിക്ക് വിശക്കുന്നു. എന്തൊരു ദയനീയരംഗങ്ങള്‍, സത്യഗ്രഹ പന്തലാണെങ്കില്‍ ആളൊഴിഞ്ഞ മരണവീടുപോലെ. പൊന്നയ്യപ്പസ്വാമി ഒരു രാഷ്ട്രീയ കക്ഷിക്കും ഈ ഗതിവരുത്തരുതേ.’ ഈ ശവദാഹത്തിന് ഇനി ഒരു മാര്‍ഗമേയുള്ളു. ‘എല്ലാം ശരിയാക്കിത്തരാം’ എന്നു മുഖ്യമന്ത്രി പിണറായി ഒന്നുമൂളിയാല്‍ മതി. ആ സെക്കന്‍ഡില്‍ പന്തലും പൊളിച്ച് ബിജെപി പന്തളത്തേയ്‌ക്കോടും. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ രണ്ടു വാര്‍ഡുകളിലായി പന്ത്രണ്ട് വോട്ടു നേടിയ പന്തളഭുപന്റെ നാടല്ലാതെ ബിജെപിക്ക് അഭയം പ്രാപിക്കാന്‍ മറ്റെവിടെയാണ് സ്വസ്ഥമായ ഒരിടം.

ബിജെപി യും ആര്‍എസ്എസും പുറത്തെടുക്കുന്ന ഓരോ സമരായുധങ്ങള്‍ കണ്ടാണോ എറണാകുളത്തെ കള്ളനും പുതിയൊരു ആയുധപ്രയോഗം നടത്തിയതെന്നു തോന്നുന്നു. ‘വല്ലഭനു പുല്ലുമായുധം’ എന്ന ചൊല്ലുപോലെ കള്ളന് കടലക്കറിയും ആര്‍എസ്എസിനു കരിമ്പും ആയുധം എന്ന മട്ടില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. പൊലീസ് പൊക്കിക്കൊണ്ടുവന്ന തഷ്‌സീര്‍ ദര്‍വേഷ് എന്ന പെരുങ്കള്ളന്‍ കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ മുഖത്ത് എരിവു കൂടിയ കടലക്കറി എറിഞ്ഞു രക്ഷപ്പെട്ടുവെന്നാണ് വാര്‍ത്ത. കള്ളനെ പിന്നെയും പൊലീസ് പൊക്കിയതു മറ്റൊരു കഥ. ഇനി ഈ കള്ളനു തിന്നാന്‍ ഐസ്‌ക്രീം മാത്രമേ വിളമ്പൂ. ബിജെപിയാണെങ്കില്‍ മരണം മധുരിക്കാനുള്ള ഒരായുധം കണ്ടുപിടിച്ചിരിക്കുന്നു. നല്ല മറയൂര്‍ കരിമ്പ.് വൈക്കത്തഷ്ടമി നാളില്‍ കുലശേഖര മംഗലം സ്വദേശി ശ്യാം എന്ന ഇരുപത്തിനാലുകാരനെ ബിജെപി-ആര്‍എസ്എസ് സംഘം അടിച്ചുകൊന്നത് ഉത്സവപറമ്പില്‍ വില്‍ക്കാന്‍ വച്ചിരുന്ന കരിമ്പിന്‍ ദണ്ഡുകള്‍ കൊണ്ട്. കൊല്ലാന്‍ അണുവായുധമൊന്നും വേണ്ട കരിമ്പു മതി. മരണവും മധുരമാകും. പുല്‍വര്‍ഗത്തില്‍പ്പെട്ട ചെടിയാണ് കരിമ്പെന്നതുകൊണ്ടാകാം ആര്‍എസ്എസുകാര്‍ക്കു വേണ്ടി ‘വല്ലഭനു പുല്ലുമായുധം’ എന്ന ചൊല്ല് മുന്‍കൂട്ടിത്തന്നെയുണ്ടാക്കിയത്.

ചില വൃദ്ധ അയ്യപ്പന്മാര്‍ ശരണം വിളിക്കുന്നത് കേട്ടിട്ടുണ്ട്; ‘അറിവില്ലാ പൈതങ്ങളാണു ഭഗവാനേ, തെറ്റുകള്‍ പൊറുത്തു കാത്തുകൊള്ളണേ,’ നടി മഞ്ജുവാര്യരുടെ മധ്യവയസാം കാലത്തെ കുമ്പസാരം കേട്ടപ്പോഴാണ് മുത്തശ്ശന്‍മാരുടെ ശരണംവിളി ഓര്‍ത്തുപോയത്. നവോത്ഥാനകാലത്തെ പിന്നോട്ടു പിടിച്ചുവലിക്കുന്ന ചില പ്രവണതകള്‍ ദൃശ്യമാവുന്നതിനെതിരെ മലയാളിപ്പെണ്ണുങ്ങള്‍ സംഘടിപ്പിക്കാനിരിക്കുന്ന വനിതാ മതിലിന് അഹമഹമികയാ പിന്തുണ പ്രഖ്യാപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയായിരുന്നു ഈ ഉണ്ണിമായ. കോഴി കൂകി വെളുക്കുംമുമ്പ് മഞ്ജു വനിതാമതില്‍ ചാടി. വനിതാമതിലില്‍ രാഷ്ട്രീയമുണ്ടെന്നും താന്‍ മതിലിനില്ലെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റു പോസ്റ്റ്. തന്റെ അറിവും പക്വതയില്ലായ്മയുംമൂലമാണ് മതിലിനെ പിന്തുണച്ചതെന്നും ഒരു വിശദീകരണവും. 14 മണിക്കൂര്‍ കൊണ്ട് പക്വതയില്ലായ്മയില്‍ നിന്ന് പക്വതയിലേക്ക് മധ്യവയസ്‌കയായ മഞ്ജു വാര്യര്‍ വളര്‍ന്നതിനെയാണ് ബൗദ്ധികമായ മിന്നല്‍ വിപ്ലവം. മഞ്ജുവാണെങ്കില്‍ മതില്‍ ചാടുന്നതില്‍ ഡോക്ടറേറ്റു തന്നെയുള്ളവളെന്നാണ് ആരാധകര്‍ അടക്കം പറയുന്നത്. പതിനെട്ടാം വയസില്‍ വീട്ടിലെ മതില്‍ചാടി ദിലീപിന്റെ മതിലിനുളളിലെത്തി. പിന്നെയും പുറത്തുചാടി. ‘അമ്മ’യുടെ മതിലില്‍ നിന്നുള്ള തവളച്ചാട്ടം വേറെ. ഇപ്പോഴിതാ വനിതാമതിലും ചാടി മതില്‍ചാട്ടത്തിനുള്ള ഗിന്നസ് റിക്കാര്‍ഡിലേക്കും. ഇതെല്ലാം കേട്ട് ദേവികയുടെ മുത്തശ്ശി ആത്മഗതം കൂറുന്നതു കേട്ടു; ‘വേലിചാടുന്ന പശുവിനു കോലുകൊണ്ടു മരണം, മതില്‍ ചാടുന്ന മങ്കപ്പെണ്ണിന് മാരന്‍ നീര്‍ക്കോലി!’ സാരമില്ല മഞ്ജു മനമുരുകി പറഞ്ഞാല്‍ മതി; അറിവില്ലാ പൈതമാണു ഭഗവാനേ എന്ന്.

ങ്ങനെ സുധീരനും രക്ഷപ്പെട്ടു. കോണ്‍ഗ്രസും രക്ഷപ്പെട്ടു. ജീവിതാന്ത്യം വരെ താനിനി പാര്‍ലമെന്ററി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കില്ലെന്നാണ് മുന്‍കാല മന്ത്രിയും മുന്‍കാല എംപിയും മുന്‍കാല സ്പീക്കറും മുന്‍കാല കെപിസിസി അധ്യക്ഷനുമായ വി എം സുധീരന്റെ വിടാകൊണ്ടന്‍ കെടാകൊണ്ടന്‍ പ്രഖ്യാപനം. 25 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തില്‍ താന്‍ സംതൃപ്തനുമാണെന്ന് ഒരു വിശദീകരണവും പ്രഖ്യാപനത്തിന്റെ തൊങ്ങലായുണ്ട്. ഇതൊക്കെയല്ലാതെ ഇനി ഏതു പാര്‍ലമെന്ററി സ്ഥാനമാണ് സുധീരനു നല്‍കാന്‍ ബാക്കിയുള്ളത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാനുള്ള നെഞ്ചളവും പോര. അതിനാല്‍ ഇനി സ്വസ്ഥം ഗൃഹഭരണം തന്നെയാകാം. തൃശൂരിലെങ്ങാനും പിടിച്ച് ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിക്കളയുമെന്ന് ഹൈക്കമാന്‍ഡ് കല്‍പിച്ചാലും സുധീരന്‍ അധീരനാകരുത്. ‘വീരാ വീരാ വീരസുധീരാ, സുധീര മനസേ സ്വാഗതം’ എന്ന് ലതികാ സുഭാഷ് കവിതയെഴുതിയാലും സുധീരന്‍ വീണുപോകരുത്.

രു കേന്ദ്ര ബിജെപി മന്ത്രിയുടെ വെളിപാട് ചിരിക്കു വകനല്‍കുന്നു. അത്താവാലയെന്നോ മറ്റോ പേരുള്ള ആ അത്തപ്പാടി മന്ത്രി സത്യം പറഞ്ഞിരിക്കുന്നുവെന്നാണ് അതിലെ ശേല്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഒരു ഇന്ത്യാക്കാരന്റെ ആളോഹരി വരുമാനം 66,000 രൂപയായിരുന്നത് മോഡി ഭരണത്തില്‍ അത് 116,435 രൂപയായി കുതിച്ചുകയറിയെന്നാണ് മന്ത്രി അത്താവാല പറയുന്നത്. എന്തു സത്യം. എനിക്കും എന്റെ തമ്പ്രാനും കൂടി ഒരുകോടിയുടെ വരുമാനമുണ്ടെന്ന് പണ്ടൊരു കുശിനിക്കാരന്‍ പറഞ്ഞതുപോലെ. ഇന്ത്യയിലെ 97 ശതമാനം ജനങ്ങളുടെയും ഒരു വര്‍ഷത്തെ വരുമാനം 25,000 രൂപയ്ക്കു താഴെ. എണ്‍പതു ശതമാനവും പട്ടിണിപ്പാവങ്ങള്‍. ജനസംഖ്യയില്‍ ഒരു ശതമാനത്തിനു താഴെ വരുന്ന അതിസമ്പന്നവര്‍ഗത്തിന്റെ കയ്യില്‍ രാജ്യത്തിന്റെ സമ്പത്തില്‍ എഴുപതു ശതമാനത്തിലേറെ. 99 ശതമാനത്തിന്റെ വരുമാനവും ഒരു ശതമാനത്തിന്റെ വരുമാനവും തമ്മില്‍ കൂട്ടി ശരാശരിയെടുക്കുമ്പോള്‍ തമ്പ്രാനും തനിക്കും കൂടി ഒരു കോടി രൂപ വരുമാനമെന്ന പഴയ വാല്യക്കാരന്റെ ഗമയിലുള്ള കണക്ക്. ഒരു രൂപ തനിക്കും 9,999,999 രൂപ തമ്പ്രാനും വരുമാനത്തെ കൃത്യമായ കണക്ക്. അംബാനിമാര്‍ക്കും അദാനിമാര്‍ക്കും അത്താഴപ്പട്ടിണിക്കാര്‍ക്കും ചേര്‍ന്നുള്ള ആളോഹരി വരുമാനക്കണക്ക് എന്തു കിറുകൃത്യം.

ങ്ങളുടെ നാട്ടിനടുത്ത് കുളത്തൂരില്‍ കുഞ്ഞ് എന്ന ഒരു ചിട്ടി മുതലാളിയുണ്ടായിരുന്നു. കയ്യില്‍ അല്‍പം ചക്രമൊക്കെ വന്നപ്പോള്‍ ഒരു സിനിമ പിടിക്കണമെന്ന മോഹം. സംവിധായകനും കുഞ്ഞുതന്നെ. സഹസംവിധായകന്‍ അലക്കുകമ്പനിയില്‍ തുണി ഇസ്തിരിയിടുന്ന കൃഷ്ണന്‍കുട്ടി. ചില ലൊട്ടുലൊടുക്ക് നടീനടന്മാരെയും കൂട്ടി. ‘വീണിടം വിഷ്ണുലോകം’ എന്നപോലെ കാണുന്നേടമെല്ലാം ലൊക്കേഷന്‍, വഴിപോക്കരെയും ബലാല്‍ക്കാരമായി പിടിച്ചുവലിച്ചുകൊണ്ടുവന്ന് അഭിനേത്രികളും മെഗാസ്റ്റാറുകളുമാക്കി ഷൂട്ടിങ് ജഗപൊക, സിനിമ പൂര്‍ത്തിയായിട്ട് അരനൂറ്റാണ്ടു കഴിഞ്ഞു. ഇതുവരെ വെള്ളിത്തിര കണ്ടില്ലെന്നേയുള്ളു. അതുപോലെയാണ് കേരളത്തിന്റെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെയും കഥ. കളിക്കിടെ ആരവമുയര്‍ത്താന്‍ മഞ്ഞപ്പട. ലണ്ടനില്‍ തട്ടുകട നടത്തിയ ഏതോ ഒരു കില്ലാടിയെ കൊണ്ടുവന്നു കോച്ചാക്കി. ആഫ്രിക്കയിലെങ്ങാണ്ടുനിന്നും കാട്ടിലെ നായാട്ടു മാത്രമറിയുന്ന ചിലരെ പിടിച്ചുകൊണ്ടുവന്ന് സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരെന്ന പേരു നല്‍കി. കുഞ്ഞിന്റെ പടംപോലെ.പതിനൊന്ന് കളിയില്‍ പത്തും തോറ്റ് ബ്ലാസ്റ്റായി ബ്ലാസ്റ്റേഴ്‌സ്. ഫുട്‌ബോള്‍ ടീമുണ്ടാക്കിയും കേരളത്തെ കബളിപ്പിക്കാമെന്ന് തെളിയിച്ച ബ്ലാസ്റ്റേഴ്‌സ് മുതലാളിമാര്‍ എന്നിട്ടും ചാനലുകളില്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ‘മടക്കിക്കുത്തെടാ കണക്കുപറയേടാ’ എന്ന് പാട്ടുകള്‍.

Related News