Web Desk

August 05, 2021, 5:34 am

ഉദ്യോഗാര്‍ത്ഥികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടരുത്

Janayugom Online

സര്‍ക്കാര്‍ ജോലി എന്നത് തലമുറയുടെ അടങ്ങാത്ത മോഹമാണ്. അതിനെ ഉള്‍ക്കൊള്ളുക എന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ ബാധ്യതയും. നിയമന ചട്ടങ്ങളുള്‍പ്പെടെ അഭ്യസിച്ചെത്തുന്ന ഉദ്യോഗാര്‍‍ത്ഥികളിലാണ് നാളെയുടെ പ്രതീക്ഷ. അപേക്ഷ അയയ്ക്കുന്നതുമുതല്‍ ജോലിയില്‍ പ്രവേശിക്കുംവരെയുള്ള നടപടിക്രമങ്ങളെ ഇന്ന് കൈകാര്യം ചെയ്യുന്ന രീതി പൊതുസമൂഹത്തിലെ സൂക്ഷ്മമായ ചര്‍ച്ചയാണ്. നാളെ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളുമായി മാറേണ്ടവര്‍ ചട്ടങ്ങളെ തങ്ങള്‍ക്കായി ഇന്ന് തിരുത്തണം എന്ന് ആവശ്യപ്പെടുന്നത് സ്വാര്‍ത്ഥതയുടെ ഭാഗമാണെന്നാണ് സമൂഹം വിലയിരുത്തുക. സുഗമമായ ജനാധിപത്യ സംവിധാനത്തില്‍ ഭാവിയിലെ ഉദ്യോഗസ്ഥര്‍ സ്വാര്‍ത്ഥമതികളാവുന്നത് വലിയ അപകടത്തിലെത്തുമെന്നതിനാല്‍, സമൂഹത്തിന്റെ ഈ ചിന്തയെ തള്ളിപ്പറയാനാവില്ല. ഒരുപറ്റം മാധ്യമങ്ങളും നിലമറക്കുന്ന ചില നിയമസഭാസാമാജികരും ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി എന്ന വ്യാജേന നടത്തുന്ന പ്രവൃത്തികള്‍ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ഇന്ത്യയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാ സ്ഥാപനമാണ് കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മിഷന്‍(പിഎസ്‌സി).

എല്ലാ തസ്തികകളിലേക്കും പിഎസ്‌സി നടത്തുന്ന പരീക്ഷകളിലൂടെയാണ് നിയമനം എന്നത് അതിലേറെ ശ്രദ്ധേയമാണ്. അത്തരമൊരു സ്ഥാപനത്തെ ‘കരുവന്നൂര്‍ സഹകരണ ബാങ്കെന്നും പാര്‍ട്ടി കമ്മിഷനെന്നും’ എല്ലാം വിശേഷിപ്പിക്കുന്നത് പൊതുനിരത്തിലെ പ്രസംഗത്തില്‍ അലങ്കാരമായേക്കാം. എന്നാല്‍ നിയമസഭാരേഖയില്‍ ചേര്‍ക്കുംവിധത്തിലാവുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. നിയമനത്തിനടക്കം നിയമം നിര്‍മ്മിക്കുന്നവര്‍ അതേ നിയമങ്ങളില്‍ അജ്‍ഞത കാണിക്കുന്നത് ന്യായീകരിക്കാനാവില്ല. 2016ല്‍ യുഡിഎഫ് ഭരണകാലത്ത് ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യില്‍ കുറിച്ചത്, ‘പിഎസ്‌സി ശവാസനത്തില്‍, ഉദ്യോഗാര്‍ത്ഥികള്‍ നരകത്തില്‍’ എന്നാണ്. അന്ന് നിയമന നിരോധനത്തിനെതിരെ സംസ്ഥാനത്തുടനീളം ഇടതുപക്ഷ, പുരോഗമന യുവജന സംഘടനകളും വിവിധ റാങ്ക് ഹോള്‍ഡേഴ്സ് സംഘടനകളും നിരന്തര സമരത്തിലുമായിരുന്നു. എന്നിട്ടും പിഎസ്‌സിയെ നിയമസഭയിലേക്ക് വലിച്ചിഴയ്ക്കാനോ ആ സ്ഥാപനത്തെ തകര്‍ക്കാനോ സാമാജികരാരും ശ്രമിച്ചില്ലെന്നത് രാഷ്ട്രീയ പരാജയമായി ക­ാണുന്നില്ല. തലമുറ ത­ല­മുറയായി ഭരണസംവിധാനത്തിന്റെ ഭാഗമായി മാറേണ്ട വലിയൊരു ജ­നതയ്ക്ക് പിഎസ്‌സി പോ­­­ലുള്ള സ്ഥാപനത്തിന്മേലുള്ള വിശ്വാ­സ്യത നിലനിര്‍ത്തുന്നതിനാണ് ആ നിലപാട് തുണയായത്.

ഈയിടെയായി പിഎസ്‌സിക്കുനേരെ ആവര്‍ത്തിക്കുന്ന ബോധപൂര്‍വമായ ആക്ഷേപങ്ങളും ആരോപണങ്ങളും യുവജനങ്ങളില്‍ ഭരണകൂടത്തോട് അവമതിപ്പുണ്ടാക്കാന്‍ ഇടയാക്കു­ന്നുണ്ട്. നിയമാനുസൃത നിയമന വിഷയങ്ങളില്‍ ധാരണയില്ലാതെ വ്യക്തികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് ലാഭമല്ല സൃഷ്ടിക്കുന്നത് എന്നകാര്യം ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ അനുഭവത്തില്‍ വ്യക്തമാണ്. റാങ്ക് ലിസ്റ്റുകള്‍ നീട്ടിക്കൊണ്ടുപോകുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാത്രമല്ല, അടുത്തതലമുറയോടുള്ള വഞ്ചന കൂടിയാണ്. ഹൈക്കോടതി ഇക്കാര്യത്തിലെടുത്ത നിലപാട് ഗൗരവത്തില്‍ കാണണം. ഭരണഘടനാ സ്ഥാപനം വഴിയുള്ള നിയമനത്തിനു കാത്തുനില്‍ക്കാനുള്ള ക്ഷമ ഉദ്യോഗാര്‍ത്ഥികളില്‍ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് നിസാരമായിപ്പോലും പറയാനുമാവില്ല. ആ ഒരു ചിന്തയും ചെയ്തിയും, ഇനിയുമേറെക്കാലം സുതാര്യമായി മുന്നോട്ടുപോകേണ്ട പിഎസ്‌സിക്കുമേല്‍ പതിയുന്ന കോടാലിയായി മാറരുത്. രാഷ്ട്രീയ ലാഭത്തിനായി ചിലര്‍ എരിതീയിലേക്കൊഴിക്കുന്ന എണ്ണയുടെ ശക്തിയില്‍ സ്വയം കത്തിയമരാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത കാണിക്കണം. കേഡർ, കമ്പനി/കോർപ്പറേറ്റ് വിഭാഗങ്ങളിലായി 5.60 ലക്ഷത്തോളം തസ്തികകളുള്ള കേരളത്തില്‍ ഒഴിവുവരുന്നവയിലേക്ക് സുതാര്യമായ നിയമനം നടപ്പാക്കുന്നതിനാണ് പിഎസ്‌സിയും അതിനൊപ്പം കേരള സര്‍ക്കാരും ലക്ഷ്യമിടുന്നത്. ആറ് മാസത്തില്‍ കൂടുതലുള്ള അവധികള്‍, സര്‍വീസിലിരിക്കെയുള്ള മരണം, വിരമിക്കല്‍, സ്ഥാനക്കയറ്റം എന്നിവയിലൂടെയാണ് തസ്തികകള്‍ ഒഴിവുവരുന്നത്. ഇവ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന നിയമനാധികാരികളുടെ ഉത്തരവാദിത്തമില്ലായ്മ നിരന്തര ആക്ഷേപങ്ങള്‍ക്കിടവരുത്തിയിരുന്ന ഒന്നാണ്. ഇന്ന് ആ സ്ഥിതി മാറിയെന്നത് നിയമന ശുപാര്‍ശയുടെ തോത് വര്‍ധിപ്പിച്ചിരിക്കുന്നു. ഇതുവഴി പിഎസ്‌സിയുടെ കര്‍ത്തവ്യത്തിലും ഭാരമേറി.

സംസ്ഥാന മന്ത്രിസഭയുടെ തീരുമാനപ്രകാരം ഓരോ വകുപ്പുകളിലെയും ഒഴിവുകള്‍ ബന്ധപ്പെട്ട മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ്. ഇക്കാര്യത്തില്‍ റവന്യുവകുപ്പുപോലെയുള്ളവ കാണിച്ച മാതൃക പിഎസ്‌സി പരീക്ഷകളും മറ്റും കാത്തുനില്‍ക്കുന്ന ലക്ഷോപലക്ഷം പേര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. 590 ഒഴിവുകളാണ് റവന്യുവകുപ്പ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷങ്ങളായി ഒഴി‍ഞ്ഞുകിടക്കുന്നതും എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഇല്ലാത്തതുമായ ഡ്രാഫ്റ്റ്സ്മാന്‍ തസ്തികകളെ പരിവര്‍ത്തനം ചെയ്ത് സര്‍വേയര്‍ തസ്തികകളാക്കി 102 നിയമനത്തിനാണ് അവസരമുണ്ടാക്കിയിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ നയം മറ്റുവകുപ്പുകളും ഗൗരവത്തോടെ കൈകാര്യം ചെയ്തുവരുന്നു എന്നതും ശ്ലാഘനീയമാണ്.