അരുത്, നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്

Web Desk
Posted on August 10, 2018, 5:16 pm

  സീതാ വിക്രമന്‍

ഓര്‍ക്കുക, നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുത്. അത് നിങ്ങളെത്തന്നെ ബാധിക്കും. അനീതിക്കും അക്രമത്തിനും വിധേയരായ സമൂഹത്തിന് അവകാശപ്പെട്ടത് നിഷേധിക്കുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കും ഒരു കൈത്താങ്ങാണ് ‘നിയമം’.
നിയമവിജ്ഞാനത്തിനും നിയമസാക്ഷരയ്ക്കും നിയമാവബോധത്തിനും ഒരു മുതല്‍ക്കൂട്ടായി നാം നിയമത്തെ കാണേണ്ടതുണ്ട്. ലോകമെമ്പാടും സാമ്പത്തികമാന്ദ്യവും ദാരിദ്ര്യവും സുരക്ഷിതത്വക്കുറവും പരിസ്ഥിതി നശീകരണവും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണിന്നത്തെ ലോകജനത. പ്രത്യേകിച്ചും സ്ത്രീകള്‍. സാമൂഹ്യവിവേചനത്തില്‍ തുടങ്ങി ജീവസന്ധാരണമാര്‍ഗങ്ങളുടെ അഭാവവും പട്ടിണിയും പോഷകാഹാരക്കുറവും നിരക്ഷരതയും, രോഗങ്ങളും അനാരോഗ്യവും പാര്‍പ്പിടമില്ലായ്മയും മലിനീകരണവുമൊക്കെ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ദൈനംദിന പ്രതികൂല പ്രശ്‌നങ്ങളാണിന്നും. സ്ത്രീകളെ ചൂഷണം ചെയ്യുന്ന പ്രവണത കൂടിവരികയാണ്. അവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കൂടി വരുന്നു. സ്ത്രീകളെക്കൊണ്ട് കൂടുതല്‍ ജോലി ചെയ്യിപ്പിച്ച് കുറഞ്ഞ പ്രതിഫലം കൊടുക്കുന്നതില്‍ മത്സരങ്ങള്‍ നടക്കുകയാണിന്ന്. എന്തിന് ക്യാമ്പസുകളില്‍ വിദ്യാര്‍ഥിനികളെക്കൊണ്ട് തങ്ങളുടെ നോട്ടും റിക്കാര്‍ഡുബുക്ക് എഴുതിക്കുന്ന വിദ്യാര്‍ഥി വിദ്വാന്മാര്‍ തന്നെ ഉണ്ടെന്നത് വാസ്തവം.

സ്ത്രീശാക്തീകരണം മാത്രമാണ് എല്ലാറ്റിനുമുള്ള പരിഹാരം. സ്ത്രീകളുടെ അരക്ഷിതാവസ്ഥ മാറേണ്ടത് ആരോഗ്യമുള്ള ഒരു സമൂഹം വാര്‍ത്തെടുക്കാന്‍ അത്യന്താപേക്ഷിതമാണ്. മുന്‍പ് സ്ത്രീ സംരക്ഷണം നമ്മുടെ പാരമ്പര്യവും ധര്‍മവും ആയിരുന്നു. സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും പുരുഷന്മാര്‍ സ്ത്രീക്ക് മുന്‍ഗണന നല്‍കിയിരുന്നു. സ്ത്രീകളുടെ സുരക്ഷിതത്വത്തിന് കുടുംബങ്ങളില്‍ ഏറെ പ്രാധാന്യം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. കാലം കഴിയുന്തോറും പരിഷ്‌കാരങ്ങള്‍ വ്യത്യസ്തമായി. സ്ത്രീകളുടെ സ്വത്തിനും സുരക്ഷിതത്വത്തിനും വേണ്ടി നിരവധി നിയമങ്ങള്‍ ഉണ്ടായി.
ഇന്ത്യന്‍ ശിക്ഷാനിയമം പൊതുവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വ്യക്തിനിയമങ്ങള്‍, വിവാഹം, കുടുംബജീവിതം, പിന്തുടര്‍ച്ച തുടങ്ങിയവയെ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. 1961 ലെ സ്ത്രീധന നിരോധനനിയമം, ക്രിമിനല്‍ നടപടിനിയമത്തിലെ 125-ാം വകുപ്പ്, 2005 ലെ ഗാര്‍ഹിക അതിക്രമം തടയല്‍, 1994 ലെ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങി നിരവധി നിയമങ്ങള്‍ ഇന്ന് സ്ത്രീകളുടെ താല്‍പര്യത്തിനും സംരക്ഷണത്തിനും വേണ്ടി നിലവിലുണ്ട്. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിന് പ്രത്യേക നടപടിക്രമങ്ങളുണ്ട്. കുടുംബകോടതിയുടെ ആവിര്‍ഭാവത്തിനുശേഷം കുടുംബസംബന്ധമായ കേസുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചുവരുന്നതും നാം മനസിലാക്കേണ്ടതുണ്ട്. സ്ത്രീശാക്തീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള ചടങ്ങുകള്‍ മാത്രമാണിന്ന്. ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു എന്ന് ഇന്ന് ദുഃഖത്തോടെ വീക്ഷിക്കേണ്ട ഒരു കാര്യമാണ്. സ്ത്രീപീഡനക്കേസുകളില്‍ പോലും മുഖ്യമായ പങ്ക് സ്ത്രീകള്‍ക്കുണ്ട് എന്നതാണ് വസ്തുത.
സ്ത്രീശാക്തീകരണത്തിന് കണ്ണികളാകുന്നതില്‍ നിന്നും സ്ത്രീകളെ പിന്നാക്കം വലിക്കുന്നില്ലേ, സ്ത്രീകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നില്ലേ എന്നും ചിന്തിക്കേണ്ടതാണ്. വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുളള പ്രവര്‍ത്തനങ്ങളാണ് ഇന്ന് സ്ത്രീശാക്തീകരണരംഗത്ത് സ്വാധീനം ചെലുത്തുന്നത്.

ബോധവല്‍ക്കരണത്തിന് സ്ത്രീ സംഘടനകളുടെ പങ്ക് ഫലപ്രാപ്തിയിലെത്തുന്നില്ല. അവരും മാധ്യമങ്ങളുടെ പിറകേയാണ്. മാധ്യമങ്ങള്‍ പുറംലോകത്തെ അറിയിക്കുന്ന സംഭവങ്ങള്‍ക്ക് പിറകെ പോകുമ്പോള്‍ ആരും അറിയാതെയും ശ്രദ്ധിക്കാതെയും പോകുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടെന്നത് നാം വിസ്മരിച്ചുകൂട.
തങ്ങള്‍ സുരക്ഷിതരാണോ എന്ന ഭയവും സംശയവും വളര്‍ത്തുന്ന രീതിയിലാണ് പല വനിതാ സംഘടനകളും പ്രചാരണം നടത്തുന്നതുപോലും. നിയമങ്ങള്‍ വര്‍ധിക്കുന്തോറും ഉദ്ദേശിക്കുന്ന സുരക്ഷയും ഗുണവും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. നിയമം വലിയതോതില്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ചുമതലകളും ദുര്‍ബലമായി വരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498(എ) വകുപ്പ് പ്രകാരം സ്ത്രീപീഡനത്തിന് ഇന്ന് എളുപ്പത്തില്‍ ജാമ്യം കിട്ടുന്നതായി കാണാം. ഈ വകുപ്പിന്റെ ദുരുപയോഗമാണ് ഇതിന് കാരണം.
നിയമത്തെപ്പറ്റി ബഹുജനങ്ങള്‍ക്ക് പൊതുവായ അറിവുകള്‍ ലഭ്യമാണ്. എന്നാല്‍ ഇനിയും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ നിയമവ്യവസ്ഥകള്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്നു നാം മനസിലാക്കേണ്ടിയിരിക്കുന്നു.
തന്റെഅവകാശങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും നിഷേധത്തിനും എങ്ങനെ പരിഹാരം തേടണം എന്ന് നാം അറിയേണ്ടതുണ്ട്. അതിന് നിയമങ്ങള്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നിയമ പ്രശ്‌നമുണ്ടായാല്‍ അവയ്ക്ക് എന്ത് പരിഹാരമെന്നും മനസിലാക്കാന്‍ ബോധവല്‍ക്കരണം ആവശ്യമായിരിക്കുന്നു.