പ്രാണവായു മലിനമാക്കരുത്

Web Desk
Posted on June 10, 2019, 1:34 pm

ഡോ. ലൈലാ വിക്രമരാജ്

ലോക പരിസ്ഥിതി ദിനമായിരുന്നു ജൂണ്‍ 5. 1972 ജൂണില്‍ ഐക്യരാഷ്ട്ര സഭയുടെ ഒരു യോഗം ചേര്‍ന്നാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുവാന്‍ തീരുമാനമെടുത്തത്. 1973 മുതല്‍ എല്ലാ വര്‍ഷവും ഈ ദിനം ലോക പരിസ്ഥിതി ദിനമായി ലോക രാഷ്ട്രങ്ങള്‍ ആചരിച്ചുവരുന്നു.

ഇങ്ങനെയൊരു ദിനാചരണത്തിന്റെ ആവശ്യകത, അതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ തുടങ്ങിയവ കൂട്ടുകാര്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതാണ്. നദികള്‍, പുഴകള്‍, തോടുകള്‍, കാടുകള്‍, കുന്നുകള്‍, മലകള്‍, പക്ഷിമൃഗാദികള്‍ തുടങ്ങിയവയാല്‍ സമ്പന്നമായിരുന്ന നമ്മുടെ പരിസ്ഥിതി, ഇന്ന് വെറുമൊരു ഓര്‍മ്മയായി മാറിക്കൊണ്ടിരിക്കുന്നു. എവിടെ നോക്കിയാലും പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍. അത് ഭക്ഷിച്ച് ചത്തുവീഴുന്ന ജീവജാലങ്ങള്‍. അനിയന്ത്രിത രീതിയിലുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗ ശേഷമുള്ള വലിച്ചെറിയലും നമ്മുടെ നാടിനെ വിഷമയമാക്കിത്തീര്‍ത്തിരിക്കുന്നു. 2018 ലെ പരിസ്ഥിതി ദിനാചരണത്തിന്റെ മുദ്രാവാക്യം ‘ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍’ എന്നായിരുന്നു. പ്ലാസ്റ്റിക് മലിനീകരണം നേരിടുക, തടയുക, കുറയ്ക്കുക എന്നിവയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പാടേ ഉപേക്ഷിക്കുവാന്‍ നമുക്ക് കഴിയുന്നില്ല. മിതപ്പെടുത്തുവാനുള്ള നിരന്തരമായ ശ്രമം നടക്കുന്നുണ്ടെങ്കിലും വിജയം കാണാന്‍ കഴിഞ്ഞിട്ടില്ല എന്നതാണവസ്ഥ.

പ്രധാന കാരണം

മനുഷ്യന്റെ ജീവിതചര്യകളിലുണ്ടായ കാതലായ മാറ്റം മൂലം പുറത്തേക്ക് തള്ളപ്പെടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയവ അന്തരീക്ഷത്തില്‍ വന്‍തോതില്‍ കാണപ്പെടുവാന്‍ തുടങ്ങി. തന്മൂലം മനുഷ്യന്റെ പ്രാണവായുവിന്റെ ഉറവിടമായ ഓസോണ്‍പാളിയില്‍ വിള്ളലുണ്ടാവുകയും ആഗോളതാപനത്തിന് കാരണമാവുകയും ചെയ്യുന്നു. ഈ വര്‍ഷം ഫെബ്രുവരി മാസം മുതല്‍ കേരളത്തിലെ താപനില മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോഡ് വര്‍ധനവിലെത്തിയ കാര്യം കൂട്ടുകാര്‍ക്കും അറിവുള്ളതാണല്ലൊ.

ഈ വര്‍ഷത്തെ പരിസ്ഥിതി മുദ്രാവാക്യം ‘Air Pol­lu­tion, we cantts op breath­ing. but we can do some­thing about the qualtiy of air that we breath.’ ‘വായു മലിനീകരണം, ശ്വസിക്കാതിരിക്കാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ നാം ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരമുയര്‍ത്തുവാന്‍ എന്തെങ്കിലുമൊക്കെ ചെയ്യുവാന്‍ നമുക്ക് കഴിയും’ എന്നതാണ്. ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ ആതിഥേയത്വം വഹിക്കുന്ന് ചൈനയാണ്.

ലോകമൊട്ടാകെ ഏകദേശം ഏഴ് മില്യണ്‍ ജനങ്ങള്‍ ഓരോ വര്‍ഷവും വായു മലിനീകരണം മൂലം അകാലത്തില്‍ മരണപ്പെടുന്നു. ഇതില്‍തന്നെ നാലു മില്യണിലധികം ജനങ്ങളും അധിവസിക്കുന്നത് ഏഷ്യാ-പസഫിക് പ്രദേശത്താണെന്നതാണ് ഞെട്ടിക്കുന്നൊരു വസ്തുത.
മനുഷ്യസമൂഹത്തോട് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം പ്രധാനമായി ആവശ്യപ്പെടുന്നത് പുനരുപയോഗ സാധ്യതയുള്ള ഊര്‍ജ്ജസ്രോതസുകള്‍ ഉപയോഗിക്കുകയും പരിസ്ഥിതിക്കനുയോജ്യമായ സാങ്കേതികത്വത്തിലൂടെ ലോകം മുഴുവനും പ്രാണവായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നതുമാണ്. സൂര്യതാപം, കാറ്റ്, മഴ, തിരമാല തുടങ്ങിയവ പുനരുപയോഗ സാധ്യതയുള്ള ഊര്‍ജ്ജസ്രോതസുകളാണ്. ഭൂഗര്‍ഭ ജലസ്രോതസുകളും സംരക്ഷിക്കപ്പെടാന്‍ കഴിയണം. പെട്രോള്‍, ഡീസല്‍ തുടങ്ങിയവ പുനരുപയോഗ സാധ്യതയില്ലാത്തതും വായു മലിനീകരണത്തിനിടയാകുന്നവയുമാണ്.
സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക, ഗതാഗതത്തിനായി പബ്ലിക് പൂളിംഗ്, പൊതുവാഹനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തുക. വിറകടുപ്പുകളുടെ ഉപയോഗം കുറയ്ക്കുക, പാഴ് വസ്തുക്കള്‍, ജൈവമാലിന്യങ്ങള്‍ തുടങ്ങിയവ കത്തിക്കാതെ കമ്പോസ്റ്റാക്കി മാറ്റുക.

സ്വയം രക്ഷനേടാനുള്ള മാര്‍ഗങ്ങള്‍

എയര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് വീടിനുള്ളിലെ വായു ശുദ്ധീകരിക്കുക, പുകവലി നിരോധിക്കുക, പരിസ്ഥിതി സൗഹൃദമായ പെയിന്റുകള്‍, ക്ലീനിംഗ് സാമഗ്രികള്‍ തുടങ്ങിയവ ഉപയോഗിക്കുക, വീട്ടിലേക്കോ ഓഫീസിലേക്കോ വാങ്ങുന്ന ഉപകരണങ്ങളിലെ എനര്‍ജിസ്റ്റാര്‍ ലേബല്‍ നോക്കി വാങ്ങുക, വാഹനങ്ങളിലെ എന്‍ജിന്‍ കൃത്യമായും പുക പരിശോധനയ്ക്ക് വിധേയമാക്കുക, വായു മലിനീകരണം തടയുന്ന കാറ്റാടി, ദേവദാരു തുടങ്ങിയ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുക. അവയ്ക്ക് അന്തരീക്ഷത്തിലെ നൈട്രജന്‍ ഓക്‌സൈഡിനെ മെറ്റബോളൈസ് ചെയ്യാനുള്ള കഴിവുണ്ട്.

രോഗങ്ങള്‍

ശ്വാസകോശാര്‍ബുദം, ആസ്ത്മ, ശ്വസന സംബന്ധമായ വൈകല്യങ്ങള്‍, ഹൃദയ ധമനികള്‍, രക്തക്കുഴലുകള്‍ എന്നിവയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, തൊലി, കണ്ണ്, മൂക്ക് എന്നിവയിലുണ്ടാകുന്ന അസ്വസ്ഥതകള്‍, ഞരമ്പുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇവയെല്ലാം മലിനമായ വായുവിന്റെ ഉപയോഗത്തിലൂടെ സംഭവിക്കുന്ന രോഗാവസ്ഥകളാണ്. ഇവയെല്ലാം ഗര്‍ഭസ്ഥ ശിശുക്കളെ വരെ ബാധിക്കാവുന്നതും നവജാത ശിശുക്കളുടെ പ്രതിരോധശേഷിയെപ്പോലും തകിടം മറിക്കുവാനുള്ള സാധ്യതയും ഉള്ളവയാണ്.
വായു മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും ലോകജനതയുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി ആഗോള സമ്പത്തിന്റെ നല്ലൊരു ഭാഗം വര്‍ഷംതോറും ചെലവാക്കിക്കൊണ്ടിരിക്കുന്നു. 2030-ാമാണ്ടോടെ അടിസ്ഥാന കാര്‍ഷികവിളകളുടെ ഉല്‍പ്പാദനശേഷിയില്‍ 26 ശതമാനം വരെ കുറവുണ്ടായേക്കാമെന്നും പഠനങ്ങള്‍ വിലയിരുത്തുന്നു.