Tuesday
19 Mar 2019

തിന്മ ചെയ്യുന്നവരെ സംരക്ഷിക്കരുത്

By: Web Desk | Friday 14 September 2018 11:04 AM IST


nun-protest

സീതാ വിക്രമന്‍
ക്രൈസ്തവ സഭയിലെ ഒരു ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ പരസ്യമായി പ്രതികരിക്കുക! അസംഭവ്യമെന്ന് കരുതിയത് സംഭവിച്ചിരിക്കുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് അവര്‍ പൊതുസമൂഹത്തോട് വിളിച്ചുപറയുകയാണ്. അവര്‍ക്ക് പരാതികളുണ്ട്. അത് പറയാനിടം വേണം.
ഇത് ബിഷപ്പില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് പരാതിപ്പെട്ട കന്യാസ്ത്രീയുടെ മാത്രം കാര്യമല്ല: പ്രാര്‍ഥനയും സേവനവുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന സന്യാസിനികള്‍ക്ക് ശബ്ദമുണ്ടാകുകയാണ്. കര്‍ത്താവിന്റെ മണവാട്ടിമാര്‍ എന്ന നിര്‍മലമായ വിശേഷണം പേറുമ്പോഴും സഭയില്‍ കന്യാസ്ത്രീകള്‍ നിരവധി പീഡനങ്ങള്‍ അനുഭവിക്കുന്നു.
താനംഗമായ മിഷണറീസ് ഓഫ് ജീസസിലെ ചില കന്യാസ്ത്രീകള്‍ക്ക് നേരെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റേത് കഴുകന്‍ കണ്ണുകളായിരുന്നുവെന്ന് അദ്ദേഹത്തിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ കത്തോലിക്കാ സഭാ നേതൃത്വത്തിനയച്ച കത്തില്‍ ആരോപിക്കുന്നു. ബിഷപ്പിന് ആകര്‍ഷണം തോന്നുന്ന ഏതൊരു കന്യാസ്ത്രീയെയും ബലം പ്രയോഗിച്ചോ അവരുടെ ദൗര്‍ബല്യം മുതലെടുത്തോ കെണിയില്‍ വീഴ്ത്തിയിരുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉണ്ടായ ഒരു സംഭവം ചൂണ്ടിക്കാട്ടി അവര്‍ വിവരിക്കുന്നു. ജലന്ധര്‍ രൂപത വിട്ടുപോരാന്‍ നിരവധി കന്യാസ്ത്രീകള്‍ ആഗ്രഹം പ്രകടിപ്പിച്ചതായും പരാതിക്കാരിയായ കന്യാസ്ത്രീ പറയുന്നു. ‘സഭ അമ്മയാണെന്നാണ് ചെറുപ്പത്തില്‍ പറഞ്ഞു പഠിപ്പിച്ചത്. എന്നാല്‍ സ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കും സഭ ചിറ്റമ്മയാണെന്ന് അനുഭവങ്ങളിലൂടെ ചിന്തിച്ചുപോകുന്നു. ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രമേ പരിഗണനയുള്ളുവെന്നതാണ് അനുഭവം. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട നിരവധി കന്യാസ്ത്രീകള്‍ സഭയിലുണ്ട്.’ – കന്യാസ്ത്രീ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതിക്ക് സമീപമുള്ള സമരവേദിയിലിരുന്ന് തങ്ങളുടെ സഹോദരിക്കുണ്ടായ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്ന് സിസ്റ്റര്‍ അനുപമയും സിസ്റ്റര്‍ ജോസഫൈനും സിസ്റ്റര്‍ ആല്‍ഫിയും സിസ്റ്റര്‍ ലീനാ റോസും തുറന്നുപറയുന്നു. സഭയില്‍ നിരവധി സ്ത്രീകള്‍ പീഡനങ്ങള്‍ അനുഭവിക്കുന്നുണ്ട്. പരാതിപ്പെടുന്ന കന്യാസ്ത്രീകളെ പുറത്താക്കുകയും പ്രതികളെ സംരക്ഷിക്കുകയുമാണ് സഭ ചെയ്യുന്നത്. തിന്‍മ ചെയ്യുന്ന വൈദികരെ സംരക്ഷിക്കരുതെന്ന് കന്യാസ്ത്രീകള്‍ ആവശ്യപ്പെടുന്നു. പരാതി നല്‍കിയ കന്യാസ്ത്രീക്ക് നീതി കിട്ടുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് സമരരംഗത്തുള്ള കന്യാസ്ത്രീകളുടെ തീരുമാനം.
ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിന് ബഹുജന പിന്തുണയേറുകയാണ്. കന്യാസ്ത്രീ മഠങ്ങളില്‍ എത്രയോ പേര്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടെന്ന് എക്‌സ് പ്രീസ്റ്റസ് ആന്‍ഡ് നണ്‍സ് ഫോറം ഭാരവാഹികള്‍. മഠങ്ങളില്‍ എപ്പോഴും എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
1987 ജൂലൈ ആറിന് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിന്‍ഡയുടെ മരണമായിരുന്നു ഒരു കന്യാസ്ത്രീ ദുരൂഹമായി മരിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംഭവം. എന്നാല്‍ ഈ കേസിന്റെ അനേ്വഷണത്തെക്കുറിച്ച് ഇന്നാര്‍ക്കും അറിവില്ല. ദുരൂഹമരണങ്ങള്‍ ആത്മഹത്യയും സ്വാഭാവിക മരണവുമായി എഴുതിത്തള്ളാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടപെടലുകളിലൂടെയാണ് പലതും പുറത്തുവന്നത്. മരണങ്ങള്‍ മുതല്‍ ലൈംഗിക ആരോപണങ്ങള്‍ വരെ സഭ ഒതുക്കിത്തീര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്ന പരാതി കത്തിനില്‍ക്കുമ്പോഴാണ് മറ്റൊരു കന്യാസ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. ഇത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചാല്‍ പോലും ഒരു സന്യാസിനി ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രതീക്ഷയില്ലായ്മയിലേക്ക് നാം തകരാന്‍ പാടില്ല. കേരളത്തിലെ സഭകളുടെ ചരിത്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീകളുടെ എണ്ണം നൂറിലധികം വരും. ഈ ദുരൂഹമരണങ്ങളില്‍ പലതിലും അനേ്വഷണം എങ്ങുമെത്തിയില്ല. അധികാര സ്ഥാനങ്ങളില്‍ വരെ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ള പ്രബലമായ സഭകളായിട്ടുപോലും അനേ്വഷണത്തിനുവേണ്ടി ഒരു ചെറുവിരല്‍ പോലുമനക്കാന്‍ സഭയ്ക്ക് കഴിയുന്നില്ല.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ കന്യാസ്ത്രീയെ ആക്ഷേപിക്കുന്ന പി സി ജോര്‍ജ് എംഎല്‍എ ഒരു ജനപ്രതിനിധിക്ക് യോജിക്കുന്ന അഭിപ്രായപ്രകടനമല്ല നടത്തുന്നത്. സഭയുടെ മൗനമാണ് തന്നെ അവഹേളിക്കാനും സ്വഭാവഹത്യ ചെയ്യാനും പലര്‍ക്കും പ്രേരണയാകുന്നതെന്ന പരാതിക്കാരിയുടെ ആരോപണം ഗൗരവമായി കാണേണ്ടതുണ്ട്. വിശുദ്ധ കുര്‍ബാന നല്‍കാനായി താനംഗമായ സമൂഹത്തിലേക്ക് വരാന്‍ വൈദികര്‍ മടിക്കുന്നുവെന്നും സ്ത്രീകള്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ സഭ വിവേചനം കാട്ടുന്നുവെന്നും പരാതിക്കാരിയായ കന്യാസ്ത്രീ ആരോപിക്കുന്നുണ്ട്. കേവലം ഒരു ബലാല്‍സംഗ ആരോപണ കുറ്റമായി കാണാതെ ക്രൈസ്തവ സഭകളിലെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ പൊതുവികാരം ഉയര്‍ന്നുവരേണ്ടതുണ്ട്. ഇന്ന് വളര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ഗൗരവമായി കാണണം.

Related News