സുരേഷ് എടപ്പാള്‍

മലപ്പുറം

June 04, 2021, 9:27 pm

പ്ലാസ്റ്റിക്കിനെ മണ്ണിലും വെള്ളത്തിലുമെറിയാന്‍ സമ്മതിക്കില്ല; മനോഹരന്റെ പോരാട്ടം ആവേശകരം

Janayugom Online

‘കുട്ടകളും മുറങ്ങളും പായയുമെല്ലാം ആവശ്യക്കാരില്ലാതെ ഈ ചെറിയ വീടിനുള്ളില്‍ തന്നെ കിടന്നേക്കാം, എങ്കിലും ഈ പോരാട്ടത്തില്‍ നിന്ന് പിറകോട്ടില്ല. പ്ലാസ്റ്റിക്കിനെ മണ്ണിലും വെള്ളത്തിലുമെറിയാന്‍ സമ്മതിക്കില്ല.’ ഭൂമിയെ എന്നെന്നും നിത്യഹരിതമായി നിലനിര്‍ത്താനും ഈ മനോഹര തീരത്തെ എക്കാലത്തും വര്‍ണസുരഭിലമാക്കാനും ഒരു സാധാരണ മനുഷ്യനും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ലോകത്തോട് വിളംബരം ചെയ്യുകയാണ് എടപ്പാള്‍ നടുവട്ടം കമ്പനിപ്പടിയിലെ കടയംകുളങ്ങര മനോഹരന്‍.
പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ ഭൂമിയില്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെതിരെ മനോഹരന്‍ ആരംഭിച്ച ഒറ്റയാള്‍ പോരാട്ടം ഇന്ന് അയാള്‍ പോലും ചിന്തിക്കാത്ത തലത്തിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. വഴിയോരങ്ങളിലും പാടത്തും പറമ്പിലും ജലാശയങ്ങളിലുമൊക്കെ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് നാരുകളുംകുപ്പികളും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കിയാണ് കര്‍ഷകത്തൊഴിലാളിയായ മനോഹരന്‍ ഇതിനെതിരെ രണ്ടും കല്‍പ്പിച്ച് രംഗത്തെത്തിയത്. 

തെങ്ങുകയറ്റ തൊഴിലെടുക്കുമ്പോള്‍ തോപ്പുകളില്‍ പലരും പ്ലാസ്റ്റിക് വള്ളികളും കവറുകളുമെല്ലാം കൂട്ടിയിട്ട് കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ മൂന്ന് പതിറ്റാണ്ടുകള്‍ക്കുമുമ്പാണ് വായുവും വെള്ളവും മണ്ണും സുരക്ഷിതമാക്കാനുള്ള പരിശ്രമത്തിന് തുടക്കംകുറിച്ചത്. പ്ലാസ്റ്റിക് നാരുകളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താമെന്ന നാട്ടിന്‍പുറത്തുകാരന്റെ നിരന്തരമായ ആലോചന ചെന്നെത്തിയത് പൂവട്ടികളുടെ നിര്‍മ്മാണത്തിലാണ്. ഒട്ടും പരിചിതമായ ഏര്‍പ്പാടല്ലെങ്കിലും മനസ്സില്‍ രൂപപ്പെട്ട പൂവട്ടി പതിയെ പതിയെ അയാളുടെ കൈവിരല്‍ കൗശലത്തിന്റെ മികവില്‍ രൂപം കൊണ്ടു.

ആ ഓണക്കാലത്ത് മനോഹരന്റെ പ്ലാസ്റ്റിക് നാരുകൊണ്ടുളള പൂവട്ടി ഗ്രാമത്തില്‍ ചര്‍ച്ചാവിഷയമായി. സൗജന്യമായി നിര്‍മ്മിച്ചു നല്‍കിയ പൂവട്ടിക്ക് നൂറുകണക്കിനാളുകള്‍ ആവശ്യക്കാരായി. എടപ്പാളിലുള്ള മെഡിക്കല്‍ സ്റ്റോറുകളിലും പത്രവിതരണ കേന്ദ്രങ്ങളിലും നിര്‍മ്മാണ സാമഗ്രികളുടെ കടകളിലുമൊക്കെ എത്തി പരമാവധി പ്ലാസ്റ്റിക്‌നാരുകള്‍ ശേഖരിച്ചു. തന്റെ നാട്ടില്‍ ഒരു പ്ലാസ്റ്റിക്‌വള്ളിപോലും മണ്ണില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കരുതെന്ന നിര്‍ബന്ധത്തോടെ പരമാവധി ശേഖരിച്ചു. ആവശ്യക്കാര്‍ക്കൊക്കെ പൂവട്ടികള്‍ സമ്മാനിച്ചു. കുരുന്നുകളുടെ പ്ലാസ്റ്റിക്പൂവട്ടികള്‍ നിറയെ വര്‍ണ്ണപൂക്കളുകള്‍ നിറഞ്ഞു. ഒരുമണിക്കൂര്‍ നേരംമാത്രമാണ് ഒരു പൂവട്ടി നെയ്‌തെടുക്കാന്‍ മനോഹരന് ആവശ്യമായ സമയം. ധാരാളം പേര്‍ പൂവട്ടിക്കായി എത്തിയതോടെ പത്തുരൂപക്കായി വില്പന. ഇന്ന് കൊട്ട, മുറം, പായ, തുടങ്ങി നിത്യജീവിതത്തില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പല ഉല്പന്നങ്ങളും അലങ്കാര വസ്തുക്കളും മനോഹരന്‍ വീട്ടിലിരുന്ന് തയ്യാറാക്കുന്നു. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടംബത്തിന്റെ ജീവിതമാര്‍ഗ്ഗം കൂടിയായി പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍. ഒരു രൂപപോലും ചെലവിട്ട് ഒരു വസ്തുപോലും ഇവ നിര്‍മ്മിക്കാനായി വാങ്ങുന്നില്ലെന്നതാണ് ഈ പരിസ്ഥിതി സംരക്ഷണ പോരാട്ടത്തിന്റെ സവിശേഷത. 

പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് വള്ളികള്‍ ഉണ്ടാക്കാനുള്ള വിദ്യയും മനോഹരനറിയാം. മണ്ണിനേയും വെള്ളത്തേയും പ്ലാസ്റ്റിക്കിന്റെ പിടിയില്‍ നിന്ന് സംരക്ഷിക്കാനുളള ഈ നാട്ടിന്‍പുറത്തുകാരന്റെ പരിശ്രമങ്ങള്‍ക്ക് നിറയെ കൈയ്യടി ലഭിച്ചതോടെ സ്‌കൂളുകളില്‍ പരിസ്ഥിതിദിനത്തിലും മറ്റു പ്രകൃതി സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളിലും മനോഹരന്‍ സാന്നിധ്യമറിയിച്ചു. പ്ലാസ്റ്റിക്കുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് ശാസ്ത്രീയമായി പഠിച്ചുതന്നെയാണ് ആറാംക്ലാസ്സുകാരനായ മനോഹരന്‍ സംസാരിക്കാനെത്തുന്നത്. ഒപ്പം നൂറുകണക്കിനു കുട്ടികള്‍ക്ക് പ്ലാസ്റ്റിക് നെയ്‌ത്തെന്ന തന്റെ സ്വന്തം ഐറ്റം പരിശീലിപ്പിച്ചു. പ്രവൃത്തിപരിചയ മേളകളിലും മറ്റും ആകര്‍ഷക ഇനമായി മനോഹരന്റെ ശിഷ്യര്‍ നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക് വള്ളികള്‍കൊണ്ടുള്ള ഉല്പന്നങ്ങള്‍. കോവിഡിന്റെ അടച്ചിടല്‍ മൂലം രണ്ടുവര്‍ഷമായി പരിസ്ഥിതിദിനത്തില്‍ കുട്ടികളുടെ അടുത്തെത്തി ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിനെ എങ്ങിനെ ഉപകാരപ്രദമാക്കാം എന്നതിനെ കുറിച്ച് രണ്ടുവാക്കുപറയാനും അവര്‍ക്ക് പരിശീലനം നല്‍കാനും കഴിയാത്തതിന്റെ വിഷമത്തിലാണ് ഈ പരിസ്ഥിതി സ്‌നേഹി.

ENGLISH SUMMARY;Do not throw plas­tic in soil or water; Manoha­ran’s fight is exciting
You may also like this video