സുരേഷ് എടപ്പാള്‍

മലപ്പുറം

November 28, 2020, 9:28 pm

കാലാവസ്ഥാ പ്രവചനത്തെ ട്രോളേണ്ട; നിവാറിനെ സ്‌കെച്ചിട്ട് പിടിച്ച് രക്ഷിച്ചത് നിരവധി ജീവനുകൾ

Janayugom Online

കാലാവസ്ഥ പ്രവചനമൊക്കെ ഒരു കോമഡിയല്ലേ ചേട്ടാ എന്ന ട്രോള്‍ ഇനി വേണ്ട. കാറ്റും മഴയും സംബന്ധിച്ച് കൃത്യതയാര്‍ന്ന മുന്നറിയിപ്പു നല്‍കാനും അതുവഴി ആഘാതങ്ങള്‍ പരമാവധി കുറയ്ക്കാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പും ശാസ്ത്രജ്ഞന്‍മാരും. തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച നിവാര്‍ ചുഴലിക്കാറ്റിന്റെ പിടിയില്‍ നിന്ന് നാടിനെ രക്ഷിക്കാനായത് വ്യക്തതയും കൃത്യതയുമുള്ള പ്രവചനത്തിലൂടെയായിരുന്നു.

യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരിനായതോടെ ആളപായം പരമാവധി കുറഞ്ഞു. അഞ്ച് മരണമാണ് നിവാറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  1970ല്‍ ഇന്നത്തെ ബംഗ്ലാദേശില്‍ ആഞ്ഞടിച്ച ഭോല ചുഴലിക്കാറ്റ് റാഞ്ചിയെടുത്തത് അഞ്ചുലക്ഷം ജീവനുകളാണ്. 1999 ഒഡിഷ സൂപ്പര്‍ സൈക്ലോണ്‍ മൂലമുണ്ടായ മരണം 15,000 മുകളിലാണ്. 2013 ഒഡിഷയില്‍ വീശിയ ഫാലിന്‍ ചുഴലിക്കാറ്റില്‍ മരണം 45 ആയിരുന്നു. 2014 ൽ ആന്ധ്രാപ്രദേശില്‍ എത്തിയ ഹുദ്ഹുദ് കാറ്റില്‍ 124 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

തമിഴ്‌നാട്ടില്‍ 2016ല്‍ ആഞ്ഞുവീശിയ വാര്‍ധയില്‍ പൊലിഞ്ഞത് 24 ജീവനുകള്‍. 2017 ല്‍ തമിഴ്‌നാട്-‌കേരളതീരങ്ങളെ പിടിച്ചുകുലുക്കിയ ഓഖിയില്‍ 245 മരണം സംഭവിച്ചു. ഒഡീഷയില്‍ 2019 ൽ വീശിയ ഫാനി കൊണ്ടുപോയത് 40 പേരെ. ഈ വര്‍ഷം പശ്ചിമബംഗാളില്‍ വീശിയ ആംഫന്‍ 12 മനുഷ്യജിവനുകൾ തട്ടിയെടുത്തപ്പോള്‍ ചെന്നൈയെ വിഴുങ്ങാനെത്തിയ നിവാറില്‍ നാശനഷ്ടം നന്നേ കുറഞ്ഞു.
യൂറോപ്യന്‍ കാലാവസ്ഥ ഏജന്‍സിയും അമേരിക്കന്‍ കാലാവസ്ഥ ഏജന്‍സിയും നിവാര്‍ ആദ്യഘട്ടങ്ങളില്‍ ഇടുക്കി വഴിയും പാലക്കാട് വഴിയും കടന്നുപോകുമെന്ന് പ്രവചിച്ചപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് തുടക്കം മുതല്‍ നിവാര്‍ പുതുച്ചേരിക്ക് സമീപമായിരിക്കുമെന്ന് പ്രവചിച്ചു.

ഒടുവില്‍ മറ്റ് രണ്ട് ഏജന്‍സികള്‍ക്കും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ശരിവയ്ക്കേണ്ടി വന്നു.
ഇന്ത്യന്‍ തീരം തൊടുന്ന ചുഴലിക്കാറ്റുകളെ പ്രവചിക്കുന്നതില്‍ 60 ശതമാനത്തിലേറെ കൃത്യതയിലേക്ക് മുന്നേറാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ക്ക് കഴിയുന്നുണ്ട്. കരയില്‍ നിന്ന് 1245 കിലോമീറ്റര്‍ വരെയുള്ള കാറ്റിന്റെ ദിശ തിരിച്ചറിയാൻ കഴിയുന്ന റഡാര്‍ സംവിധാനങ്ങളും വിദഗ്ധരും ആഗോളതലത്തില്‍ തന്നെ കാലാവസ്ഥ പ്രവചനരംഗത്ത് മികവ് പ്രകടമാക്കുന്നു. മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന ട്രോള്‍ വാചകം ഇന്ന് വളരെ അപ്രസക്തമാണെന്ന് നിവാറിലെ മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും വ്യക്തമാക്കുന്നുണ്ട്.

Eng­lish sum­ma­ry; Do not troll the weath­er forecast

You may also like this video;