Janayugom Online
golden berry janayugom

നമുക്ക് ഞൊട്ടയ്ക്ക, കടല്‍ കടന്നാല്‍ വിലയേറിയ ‘ഗോള്‍ഡന്‍’ ബെറി

Web Desk
Posted on August 08, 2018, 5:03 pm

ഞൊട്ടയ്ക്കയെന്നു കേള്‍ക്കുമ്പോഴെ മലയാളിക്ക് ഓര്‍മവരുക തന്‍റെ കുട്ടിക്കാലമാകും. കൗതുകത്തോടെ നെറ്റിയിലിടിച്ചു പൊട്ടിച്ചു കളിച്ച ‍ഞൊട്ടയ്ക്കയുടെ വിപണിയിലെ ഇന്നത്തെ വിലകേട്ടാല്‍ ഏതൊരാളും മൂക്കത്ത് കൈവെച്ചുപോകും. നാട്ടിലെ ഈ പാഴ്ച്ചടി പഴം കടല്‍ക്കടന്നാല്‍ പൊന്നും വിലയാണ്. വിദേശ വിപണിയില്‍ ഒരു ഞൊട്ടക്കായുടെ വില 17 രൂപയാണ്. യുഎഇയിൽ 10 എണ്ണത്തിന്‍റെ ഒരു പാക്കറ്റിന് ഒമ്പത് ദര്‍ഹമാണ് വില.

മൊട്ടാബ്ലി, മുട്ടാംബ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടാഞൊടിയന്‍ എന്നീപേരുകളിലും നമ്മുടെ നാട്ടിലെ ഞൊട്ടയ്ക്കായ്ക്ക് വിളിപ്പേരുണ്ട്. ഈ പഴത്തിന്‍റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. എന്നാല്‍ വിദേശികള്‍ ഇവനെ ഗോള്‍ഡന്‍ ബെറിയെന്ന് വിളിക്കും. എന്നാല്‍ നമ്മളിപ്പോള്‍ ചിന്തിക്കുന്നുണ്ടാകും എന്തിനാകും ഞൊട്ടയ്ക്കക്ക് വിപണിയില്‍ ഇത്ര മൂല്യമെന്ന്. അതിനുള്ള കാരണം ‍ഞൊട്ടയ്ക്കയെ വിദേശികള്‍ നോക്കി കാണുന്നത് ഔഷധസിദ്ധിയുള്ള പഴമായാണ്. ശരീരവളർച്ച, ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ വിദേശ കായികതാരങ്ങളുടെ ഇഷ്ടഫലമായി മാറിയിരിക്കുകയാണ് നമ്മുടെ ‍ഞൊട്ടയ്ക്കായ.

മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഇതിന്‍റെ പച്ചകായക്ക് ചവര്‍പ്പാണ്. എന്നാല്‍ പഴുത്താൽ പുളി കലർന്ന മധുരമുള്ള രുചിയായിരിക്കും. വേനല്‍ക്കാലത്ത് ഇതിന്‍റെ ചെടികള്‍ കരിഞ്ഞുപോകലാണ് പതിവ്. ഇതുവരെയും മലയാളികള്‍ ഞൊട്ടയ്ക്കായയുടെ വിപണിമൂല്യത്തെ പറ്റിയോ ഔഷധഗുണത്തെപ്പറ്റിയോ ബോധവാനായിരുന്നുല്ല. എന്നാല്‍ ഇന്ന് ഞൊട്ടയ്ക്കയുടെ വിപണിമൂല്യം മലയാളിക്ക് മുന്നില്‍ ഒരു ‘ഗോള്‍ഡന്‍’ സാധ്യതയാണ് ഒരുക്കിക്കൊടുക്കുന്നത്.  കുറഞ്ഞചിലവില്‍ പ്രത്യേക പരിചരണമൊന്നും നല്‍കാതെ തന്നെ കുറ‍‍ഞ്ഞ സമയത്തിനുള്ളില്‍ വിളയെടുക്കാന്‍ കഴിയുമെന്നതുമാണ് ഞൊട്ടയ്ക്കായയുടെ പ്രത്യേകത.

പുരാതനകാലത്ത് ഞൊട്ടയ്ക്കായയെ ഔഷധഗുണമുള്ള ഫലമായി തന്നെയാണ് കണ്ടിരുന്നത്. ഈ കാലത്ത് ഔഷധ നിർമ്മാണത്തിന് ഇത് ഉപയോഗിച്ചുവന്നിരുന്നതായി ആയുര്‍വേദത്തില്‍ പറയുന്നുമുണ്ട്. കർക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്. കുട്ടികളിലെ ത്വഗ്രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണിതെന്നാണ് ആയുര്‍വേദം പറയുന്നു.