18 April 2024, Thursday

Related news

April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024
April 17, 2024
April 15, 2024
April 13, 2024
April 12, 2024

ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പ് നടന്ന കേരളത്തിലെ ജില്ല ഏതെന്നറിയാമോ? ഏറ്റവും കൂടുതല്‍ വോട്ട് ചെയ്ത ജില്ലക്കാരോ?

Janayugom Webdesk
കൊച്ചി:
May 3, 2022 9:58 pm

എറണാകുളം ജില്ലയിലാണ് സംസ്ഥാനത്തു ഏറ്റവും കൂടുതൽ തവണ ഉപതെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ഇത് ഏഴാമത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പ്. തൃക്കാക്കരയിൽ മെയ് 31 നു നടക്കുന്ന തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമായി ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരായി എറണാകുളം ജില്ലക്കാർ മാറും.

സംസ്ഥാനത്ത് മൂന്ന് ഉപതെരഞ്ഞെടുപ്പ് നേരിട്ട ഒറ്റ മണ്ഡലമേയുള്ളൂ. അതും ജില്ലയിലാണ് — എറണാകുളം നിയമസഭാ മണ്ഡലം. ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അഞ്ചും നടന്നത് യുഡിഎഫിന്റെ സിറ്റിങ് സീറ്റിലായിരുന്നു. ഇതിൽ രണ്ടിടത്ത് യുഡിഎഫ് സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫ് ചരിത്രം തിരുത്തി.

ഇതുവരെ ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ എറണാകുളം ജില്ലയിൽ നടന്നു. മൂന്നു ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും ജില്ല വോട്ടുചെയ്തു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പോടെ ഇത് പത്താകും. തൊട്ടുപിന്നിൽ മലപ്പുറം ജില്ലയാണ് അവിടെ ഏഴ് നിയമസഭാ ഉപതെരഞ്ഞെടുപ്പും ഒരു ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും ഉണ്ടായിട്ടുണ്ട്.

എറണാകുളം ജില്ലയിൽ ആദ്യത്തെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് 1984 ൽ പറവൂരിലാണ്. 82ൽ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന മണ്ഡലത്തിൽ എൻ ശിവൻപിള്ള(സിപിഐ)യാണ് വിജയിച്ചത്. വോട്ടിങ് യന്ത്രം ഉപയോഗിച്ച 50 ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതേത്തുടർന്ന് 84 മേയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയായ കോൺഗ്രസിലെ എ സി ജോസ് വിജയിച്ചു.

അടുത്ത ഉപതെരഞ്ഞെടുപ്പ് 1992 ൽ ഞാറയ്ക്കലിൽ ആയിരുന്നു. കോൺഗ്രസ് നേതാവ് കെ കുഞ്ഞമ്പുവിന്റെ മരണത്തെ തുടർന്ന് നടന്ന ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മണ്ഡലം പിടിച്ചെടുത്തു. 4214 വോട്ടിനായിരുന്നു വിജയം.

1998ൽ എറണാകുളം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വന്നു. കോൺഗ്രസിലെ ജോർജ് ഈഡൻ ലോക്‌സഭയിലേക്ക് ജയിച്ച ഒഴിവിൽ നടന്ന മത്സരത്തിൽ ഇടതുപക്ഷം മണ്ഡലം പിടിച്ചു. എൽഡിഎഫിലെ ഡോ. സെബാസ്റ്റ്യൻ പോൾ 3940 വോട്ട് ഭൂരിപക്ഷം നേടി.

എറണാകുളം മണ്ഡലത്തിൽ 2009 ൽ വീണ്ടും ഉപതെരഞ്ഞെടുപ്പ് വന്നു. എംഎൽഎ ആയിരുന്ന കെ വി തോമസ് എംപി ആയപ്പോഴായിരുന്നു അത്. 8620 വോട്ടിന് ഡൊമിനിക് പ്രസന്റേഷനായിരുന്നു വിജയി. 2012 ൽ ടി എം ജേക്കബിന്റെ മരണത്തെ തുടർന്ന് പിറവത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജേക്കബിന്റെ മകൻ അനൂപ് ജേക്കബ് 12070 വോട്ടിനു വിജയിച്ചു. 2019 ൽ എറണാകുളത്ത് മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ് വന്നു. ഹൈബി ഈഡൻ എംഎൽഎ പദവി വിട്ട് ലോക്‌സഭയിലേക്ക് മത്സരിച്ചതോടെയാണ് ഈ ഒഴിവു വന്നത്. ടി ജെ വിനോദ് ആ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 3750 വോട്ടിനു വിജയിച്ചു.

1970 ൽ പനമ്പിള്ളി ഗോവിന്ദ മേനോന്റെ മരണത്തെ തുടർന്നാണ് ജില്ലയിലെ വോട്ടർമാർ ആദ്യമായി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നത്. മുകുന്ദപുരമായിരുന്നു മണ്ഡലം. മണ്ഡലത്തിലെ മൂന്നു നിയമസഭാ മണ്ഡലങ്ങൾ ജില്ലയിലായിരുന്നു. അന്ന് 21393 വോട്ടിനു കോൺഗ്രസ് സ്ഥാനാർഥി എ സി ജോർജ് വിജയിച്ചു. 1997 ലും 2003 ലും രണ്ടുതവണ കൂടി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വന്നു. രണ്ടും എറണാകുളം മണ്ഡലത്തിൽ. യുഡിഎഫ് കോട്ടയെന്നു വിളിപ്പേരുള്ള എറണാകുളത്ത് ഈ രണ്ടുതവണയും എൽഡിഎഫ് ഉജ്ജ്വല വിജയം നേടി. ഡോ. സെബാസ്റ്റ്യൻ പോൾ ആയിരുന്നു ഇരുവട്ടവും വിജയി. 1997 ൽ 8693 വോട്ടും 2003 ൽ 22132 വോട്ടുമായിരുന്നു ഭൂരിപക്ഷം.

Eng­lish Sum­ma­ry: Do you know which dis­trict in Ker­ala had the high­est num­ber of by-elections?

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.