Web Desk

തിരുവനന്തപുരം

June 24, 2021, 3:35 pm

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാനാകില്ല: മന്ത്രി വീണ ജോർജ്

Janayugom Online

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന മാവേലിക്കരയിലെ ജില്ലാ ആശുപത്രിയിലെ ഡോ. രാഹുലിനെ മർദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. അദ്ദേഹത്തിന്റെ വിഷമം മനസിലാക്കുന്നു. ഇതുപോലുള്ള സംഭവങ്ങളിൽ അതിശക്തമായ നടപടിയുണ്ടാകും. ഈ സംഭവത്തിൽ അദ്ദേഹത്തിനൊപ്പമാണ് സർക്കാരുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല. ഇത്തരം സംഭവങ്ങളിൽ സർക്കാരിന് ശക്തവും കൃത്യവുമായ നിലപാടുകൾ തന്നെയാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്യുന്നവരാണ് ആരോഗ്യ പ്രവർത്തകർ. അതിനാൽ തന്നെ അവർക്കെതിരായ അതിക്രമങ്ങൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ മെയ് 14 നാണ് സംഭവം സിവിൽ പൊലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രൻ ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന രാഹുൽ മാത്യുവിനെ മർദ്ദിച്ചത്. കോവിഡ് ബാധിത ആയിരുന്നു അഭിലാഷിൻറെ അമ്മയെ നില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ നൽകുന്നതിൽ വീഴ്ച ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ മർദ്ദിച്ചത്. ജൂൺ ഏഴിന് അഭിലാഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു

You may also like this video: