മമതയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

Web Desk
Posted on June 16, 2019, 12:23 pm

ഡോക്ടര്‍മാരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ , വിഷയം ഇന്ന് കല്‍ക്കട്ട ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഡോക്ടര്‍മാരുടെ പുതിയ നീക്കം

ഡോക്ടര്‍മാരെ മമത ബാനര്‍ജി അടച്ചിട്ട മുറിയില്‍ ചര്‍ച്ചക്ക്  ക്ഷണിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിന് ശേഷം ചര്‍ച്ചയുടെ സ്ഥലം തീരുമാനിക്കുകയായുള്ളൂ. മമത ബാനര്‍ജി ഇന്നലെ സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ചക്ക് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. ഉടന്‍ സമരം അവസാനിപ്പിച്ച്‌ ആരോഗ്യമേഖലയിലെ സ്തംഭനത്തിനു പാരിഹാരം കാണണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം മമതയോട് ആവശ്യപ്പെട്ടു.

രോഗിയുടെ ബന്ധുക്കള്‍ കഴിഞ്ഞയാഴ്ച്ച ആക്രമിച്ച ഡോക്ടറെ മമത കാണണമെന്നും അവിടെ വെച്ച്‌ ചര്‍ച്ച നടത്തണമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കുന്നുവെന്നും സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും ഇന്നലെ മമത ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

700 ഓളം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പശ്ചിമ ബംഗാളില്‍ ഇതിനോടകം രാജി വെച്ചു. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.