Thursday
21 Feb 2019

ഡോക്‌ടേഴ്‌സ് ദിനം

By: Web Desk | Monday 2 July 2018 10:55 PM IST

sarathchandran R

ആര്‍ ശരത്ചന്ദ്രന്‍ നായര്‍

ശ്ചിമബംഗാളിന്റെ ‘ശില്പി’ ആയി കണക്കാക്കപ്പെടുന്ന പശ്ചിമബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും പ്രശസ്ത ഭിക്ഷഗ്വരനും സ്വാതന്ത്ര്യസമരസേനാനിയും ഭാരതരത്‌ന പുരസ്‌കാര ജേതാവുമായ (1961) ഡോ. ബി സി റോയ് എംആര്‍സിപി, എഫ്ആര്‍സിഎസ് എന്നറിയപ്പെടുന്ന ഡോ. ബിധാന്‍ചന്ദ്രറോയിയുടെ ജന്മദിനവും ചരമദിനവുമായ ജൂലൈ 1 ഇന്ത്യയില്‍ ഡോക്‌ടേഴ്‌സ് ദിനമായി 1991 മുതല്‍ ആചരിച്ചുവരുന്നു. എന്നാല്‍ ഡോ. ക്രോഫോര്‍ഡ് ഡബ്ല്യു ലോങ് ഇദംപ്രഥമമായി ഒരു രോഗിയുടെ കഴുത്തില്‍ നിന്നും ഒരു ട്യൂമര്‍ നീക്കം ചെയ്യാനായി ശസ്ത്രക്രിയയില്‍ ഈഥര്‍ അനസ്തീഷ്യ ഉപയോഗിച്ച ദിവസമായ മാര്‍ച്ച് 30ന് അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും ഡോക്‌ടേഴ്‌സ് ദിനമായി ആചരിച്ചുവരുന്നുണ്ട്.
ബിഹാറിലെ പാട്‌നയില്‍ ബങ്കിപ്പൂര്‍ എന്ന സ്ഥലത്ത് 1882 ജൂലൈ മാസം ഒന്നാം തീയതിയാണ് ഡോ. ബിധാന്‍ ചന്ദ്രറോയ് ജനിച്ചത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പ്രകാശ്ചന്ദ്രയുടെ അഞ്ചുമക്കളില്‍ ഏറ്റവും ഇളയ പുത്രനായിരുന്നു ഡോ. ബി സി റോയ്. കല്‍ക്കത്ത പ്രസിഡന്‍സി കോളജില്‍ നിന്നും ഇന്റര്‍ മീഡിയറ്റും പാട്‌ന കോളജില്‍ നിന്ന് ബി എയും പാസായതിനുശേഷം കല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ ചേര്‍ന്നു. 1909 ഫെബ്രുവരിയില്‍ ഡോ. ബി സി റോയ് ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോയി. 1911ല്‍ എംആര്‍സിപി, എഫ്ആര്‍സിഎസ് എന്നിവ പൂര്‍ത്തിയാക്കിയശേഷം കല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ അധ്യാപകനായി സേവനമനുഷ്ഠിക്കുവാന്‍ തുടങ്ങി.

രാഷ്ട്രീയ ജീവിതം
1925ല്‍ രാഷ്ട്രീയത്തിലിറങ്ങിയ ഡോ. ബി സി റോയ് ബരക്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബംഗാള്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1928ല്‍ എഐസിസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. റോയ്, 1929ല്‍ നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. 1930ല്‍ ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു.

സ്വാതന്ത്ര്യാനന്തരം
1948 ജനുവരി 23ന് മുഖ്യമന്ത്രിയായി. വര്‍ഗീയകലാപം, ഭക്ഷ്യക്ഷാമം, തൊഴിലില്ലായ്മ, കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ എന്നീ പ്രശ്‌നങ്ങളുടെ ഇടയിലായിരുന്ന ബംഗാളില്‍ മൂന്നു വര്‍ഷം കൊണ്ട് സാധാരണനില കൈവരിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. 1962 ജൂലൈ ഒന്നിന് അദ്ദേഹത്തിന്റെ 80-ാമത്തെ വയസില്‍ നിര്യാതനായി.
ഡോക്‌ടേഴ്‌സ് ദിനാചരണത്തിന്റെ പ്രാധാന്യം
മനുഷ്യര്‍ക്ക് അവരുടെ മാനുഷിക സേവനങ്ങള്‍ക്ക് നന്ദി പറയുവാന്‍ ഒരു പ്രത്യേകദിനം അനുസ്മരിപ്പിക്കുന്നുവെന്നതാണ് ഈ ദിനത്തിന്റെ പ്രാധാന്യം. എല്ലാവര്‍ഷവും ജൂലൈ 1 ഓരോ ഡോക്ടറുടെയും മുഴുവന്‍ മെഡിക്കല്‍ പ്രൊഫഷനുകളുടെയും അംഗീകാരത്തിന്റെ സുദിനമാണ്.
ഡോക്‌ടേഴ്‌സ് ദിനത്തില്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും അവരുടെ ജീവിതത്തിലെ സുപ്രധാന പങ്കാണ് അവരെ ഓര്‍മ്മിപ്പിക്കുവാന്‍ സമര്‍പ്പിക്കുന്നത്. ഒരു ചെറിയ തെറ്റുപോലും ഒരു രോഗിയുടെ ജീവിതത്തെ സ്വാധീനിക്കുവാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉറച്ച് വിശ്വസിക്കുന്നു. ജനങ്ങള്‍ ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരുടെ ജോലിസമയത്തെ സമ്മര്‍ദ്ദത്തെ അംഗീകരിക്കുവാന്‍ തികച്ചും സമയം കണ്ടെത്തി, അവരുടെ സേവനങ്ങളിലൂടെ രോഗിക്ക് ആശ്വാസവും സൗഖ്യവും പ്രദാനം ചെയ്യുന്നതിനെ പ്രകീര്‍ത്തിച്ച്, അവരുടെ കഴിവിനനുസരിച്ച് നന്ദി പറയുന്നു.
ഡോക്ടര്‍മാരുടെ സംഭാവനകളെ പരിചയപ്പെടാന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും നോണ്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനുകളും വര്‍ഷങ്ങളായി ദേശീയ ഡോക്ടര്‍ ദിനം ആചരിച്ചുവരുന്നു.
ആരോഗ്യ പരിശോധന, രോഗശാന്തി, പ്രതിരോധം, രോഗനിര്‍ണയം, ശരിയായ ചികിത്സ തുടങ്ങിയ നിരവധി മെഡിക്കല്‍ രംഗങ്ങളിലെ വിവിധ മേഖലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി സംവാദപ്രോഗ്രാം ചെയ്യാറുണ്ട്. മികവാര്‍ന്നതും ആരോഗ്യകരവുമായ സാമൂഹ്യവികാസത്തിനായി സമൂഹത്തില്‍ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യസേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനുള്ള ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ ഈ ദിനവുമായി ബന്ധപ്പെട്ട് നടത്താറുണ്ട്. പൊതുജനങ്ങള്‍ക്ക് ചെലവില്ലാതെ സൗജന്യ മെഡിക്കല്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യ-സംരക്ഷണസംഘടനകള്‍ ആരോഗ്യകേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.
ശക്തമായതും ഉത്തരവാദിത്തമുള്ളതുമായ മെഡിക്കല്‍ പ്രൊഫഷനെ പുതിയതും ഫലപ്രദവുമായ മെഡിക്കല്‍ വിദ്യാഭ്യാസ തന്ത്രങ്ങള്‍ നടപ്പിലാക്കുകയെന്നതും നൂതനാശയങ്ങളും നവമായ തന്ത്രങ്ങളും നടപ്പിലാക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയെന്നതും ഈ സുദിനത്തിന്റെ പ്രത്യേകതയാണ്.
ഡോക്‌ടേഴ്‌സ് ദിനാചരണ വേളയില്‍ ആശംസകള്‍, അഭിനന്ദന കാര്‍ഡുകള്‍, എക്കോകാര്‍ഡുകള്‍, പൂക്കള്‍, പൂച്ചെടികള്‍, മെയിലുകള്‍, ഇ കാര്‍ഡുകള്‍ മുഖേന അഭിവാദ്യങ്ങള്‍ നല്‍കുന്നതിലൂടെ ഡോക്ടര്‍മാരെ വന്ദനം ചെയ്യുക, ഹെല്‍ത്ത് സെന്ററുകളിലോ, ആശുപത്രികളിലോ ഡോക്ടര്‍മാര്‍ക്ക് നഴ്‌സറി ഹോമുകള്‍ അഥവാ വീടുകളില്‍ ഡോക്ടര്‍മാരുടെ സേവനങ്ങള്‍, ആരോഗ്യ പ്രചരണങ്ങള്‍ എന്നിവയ്ക്ക് ഈ ദിനം ഫലപ്രദമായി ഉപയോഗിക്കുകയെന്നതാണ്.