Tuesday
19 Mar 2019

ഡോക്ടര്‍മാരുടെ അനാരോഗ്യസമരം ചെറുത്തുതോല്‍പ്പിക്കണം

By: Web Desk | Tuesday 17 April 2018 5:11 PM IST


hospital

പൂവറ്റൂര്‍ ബാഹുലേയന്‍

ജനസൗഹൃദ ആരോഗ്യപരിപാലനം ലക്ഷ്യമാക്കി കേരള സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ആര്‍ദ്രം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ആവശ്യമോ അനാവശ്യമോ? ഡോക്ടര്‍മാരുമായി ആലോചിക്കാതെയും ആവശ്യമായ സ്റ്റാഫും സൗകര്യങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താതെയും ഡോക്ടര്‍മാരുടെ ജോലിഭാരം താങ്ങാനാവാത്തവിധം ക്ലേശമുണ്ടാക്കുന്നതരത്തിലുമാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഡോക്ടര്‍മാരുടെ സമരം ന്യായമാണ്. മറിച്ചാണെങ്കില്‍ സ്വന്തം പ്രൊഫഷന്റെ ഉത്തരവാദിത്തം അവഗണിച്ച് പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതായി കാണുകയും അതുകൊണ്ടുതന്നെ ചെറുത്തുതോല്‍പ്പിക്കപ്പെടേണ്ടതുമാണ്. രണ്ടാമത് പറഞ്ഞതാണ് ശരിയെന്ന് വസ്തുതകള്‍ തെളിയിക്കുന്നു.
പൊതുസമൂഹത്തെ സാരമായി ബാധിക്കുന്ന നിര്‍ണായക മേഖലകളില്‍ സമഗ്രവും കാര്യക്ഷമവുമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് ആര്‍ദ്രം പദ്ധതിയും തുടക്കമിട്ടത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭവനനിര്‍മാണം എന്നിങ്ങനെ നാല് കാതലായ മേഖലകള്‍ ഉള്‍പ്പെടുന്ന നവകേരള മിഷന്‍ 2016 നവംബര്‍ 10ന് ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. 2017ല്‍ ആര്‍ദ്രം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ഏതാണ്ട് വ്യക്തമായിതന്നെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി, ആതുരസേവനം ജനസൗഹൃദമാക്കി സ്വകാര്യ ആശുപത്രിമേഖലയിലെ ഭാരിച്ച ചെലവില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന സേവനം സര്‍ക്കാര്‍ മേഖലയില്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സേവനരംഗം വിപുലീകരിച്ചുകൊണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ഫാമിലി ഹെല്‍ത്ത് സെന്ററുകളാക്കുക, ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ സജ്ജമാക്കുക, ചികിത്സാ പ്രോട്ടോകോള്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ആദ്യഘട്ടം എന്നനിലയ്ക്ക് 2017 ഓഗസ്റ്റ് 17 മുതല്‍ 35 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനസമരം രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാക്കി. രോഗീപരിചരണത്തോടൊപ്പം പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധമുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തനങ്ങളും ഇവിടങ്ങളില്‍ തുടര്‍ന്നു.
സംസ്ഥാനത്തെ കമ്മ്യൂണിറ്റി സെന്ററുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും രോഗീപരിചരണത്തിന് നീക്കിവച്ചിരുന്ന സമയം ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു. പ്രാഥമിക, അടിയന്തര ചികിത്സപോലും ലഭ്യമല്ലാതെ സാധാരണ ജനത്തിന് ഇതിനുശേഷമുള്ള സമയം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയേ വഴിയുണ്ടായിരുന്നുള്ളു. അതല്ലെങ്കില്‍ ഉച്ചയ്ക്ക് മുമ്പ് സേവനം മതിയാക്കി വീടുകളിലോ സ്വന്തം ക്ലിനിക്കുകളിലോ പോകുന്ന സര്‍ക്കാര്‍ ഡോക്ടറെ സമീപിക്കേണ്ടിയിരുന്നു. ചികിത്സാ സമയം വൈകിട്ടുവരെയാക്കിയത് സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വലിയ ആശ്വാസമായി.
ആര്‍ദ്രം പദ്ധതി നടത്തിപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ എട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, 17 ജില്ലാ ആശുപത്രികള്‍, 75 താലൂക്ക് ആശുപത്രികള്‍, 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനസമയവും സൗകര്യങ്ങളും മാറുന്നു. ഇത്തരമൊരു മാറ്റം കൊണ്ടുവരുമ്പോള്‍ തീര്‍ച്ചയായും ആരോഗ്യമേഖലയിലെ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ചകളും നടപടികളും ആവശ്യമാണ്. അങ്ങനെ ആശയവിനിമയത്തിലൂടെ പ്രായോഗിക സമീപനമല്ല സ്വീകരിച്ചതെങ്കില്‍ വിമര്‍ശനവിധേയമാക്കേണ്ടതുതന്നെയാണ്. വേണ്ടത്ര സൗകര്യങ്ങളും സ്റ്റാഫുമില്ലാതെ ഇത്തരം പദ്ധതി അപ്രായോഗികവുമാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷ(കെജിഎംഒഎ)ന്റെ നേതാക്കള്‍ പറയുന്നത് പദ്ധതി തുടങ്ങുന്നതിനു മുമ്പുതന്നെ വിഷയം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടി എടുത്തില്ലായെന്നുമാണ്.
ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായും മറ്റ് ആരോഗ്യവിഭാഗം ജീവനക്കാരുടെ പ്രതിനിധികളുമായും സര്‍ക്കാര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെന്നും അതിനനുസരിച്ചുള്ള തീരുമാനങ്ങളും നടപടികളുമാണ് സ്വീകരിച്ചതെന്നുമാണ് ആരോഗ്യമന്ത്രിയും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുള്ളത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍, ചര്‍ച്ചകള്‍ നടത്തിയെന്നും നടപടികള്‍ സ്വീകരിച്ചുവെന്നും കാണാവുന്നതാണ്. ആര്‍ദ്രം മിഷന്റെനടത്തിപ്പിനായി രൂപീകരിച്ച സമിതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്മാര്‍ ധനകാര്യമന്ത്രിയും ആരോഗ്യമന്ത്രിയും സഹ ചെയര്‍മാന്മാര്‍ സിവില്‍ സപ്ലൈസ് മന്ത്രിയും തദ്ദേശ ഭരണവകുപ്പ് മന്ത്രിയുമാണ്. പ്രതിപക്ഷ നേതാവ് പ്രത്യേക ക്ഷണിതാവുമാണ്. എംഎല്‍എമാര്‍, ആരോഗ്യ – സാമൂഹികക്ഷേമ – കുടുംബശ്രീ – ആസൂത്രണം – ഐടി തുടങ്ങിയ മേഖലകളിലുള്ള ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളുമാണ്. ചര്‍ച്ചയും ആലോചനയുമില്ലാതെ ഇത്തരമൊരു സമിതിയുടെ രൂപീകരണം സാധ്യമല്ലല്ലൊ. ഒരു ഡോക്ടര്‍ മാത്രമുണ്ടായിരുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മൂന്ന് വീതം ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചത് ഭരണ നടപടിയല്ലെ? 170 ഡോക്ടര്‍മാര്‍, 170 ലാബ് ടെക്‌നീഷ്യന്മാര്‍, 340 സ്റ്റാഫ് നഴ്‌സുമാര്‍ എന്നിങ്ങനെ 680 പുതിയ തസ്തികകള്‍ സര്‍ക്കാര്‍തലത്തില്‍ സൃഷ്ടിച്ചു. ഇതുകൂടാതെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി 170 ഡോക്ടര്‍മാരെയും മറ്റ് സ്റ്റാഫുകളേയും നിയമിക്കാനുള്ള തീരുമാനവുമുണ്ട്. ഒരു ഡോക്ടറുടെ സ്ഥാനത്ത് മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചത് പോരായെന്നും കുറഞ്ഞത് അഞ്ച് ഡോക്ടര്‍മാര്‍ വേണമെന്നുമുള്ള ഡോക്ടര്‍മാരുടെ വാദം സാമാന്യജനത്തിന് മനസിലാവില്ല.
രോഗികള്‍ക്കുള്ള കാത്തിരിപ്പ് മുറി, മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം, മികച്ച എക്‌സ്‌റേ – ലാബ് പരിശോധനാ സംവിധാനങ്ങള്‍, കാത്ത് ലാബ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങള്‍ എന്നിവയൊക്കെ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത് സ്വകാര്യമേഖലയിലെ ഉയര്‍ന്ന ചികിത്സാച്ചെലവ് താങ്ങാനാവാത്ത പാവപ്പെട്ട ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. ഈ നടപടികള്‍ക്കുനേരെ കണ്ണടച്ചുകൊണ്ട് ഡോക്ടര്‍മാര്‍ പ്രചരിപ്പിക്കുന്നത് നുണയാണെന്ന് ആര്‍ക്കും ബോധ്യമാകും. എല്ലാ ഘട്ടങ്ങളിലും ബന്ധപ്പെട്ട വിഭാഗങ്ങളുമായി ചര്‍ച്ചനടത്തുകയും പുതിയ സമ്പ്രദായം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരിശീലനങ്ങള്‍ മുന്‍കൂട്ടിതന്നെ സംഘടിപ്പിക്കുകയും ചെയ്തതായിട്ടാണ് വിവരം. എന്നിട്ടും സമരത്തിലേയ്ക്കുള്ള ഡോക്ടര്‍മാരുടെ എടുത്തുചാട്ടം എന്തുതിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്?
ഒരുകാര്യം ഇവിടെ വ്യക്തമാണ്. പുതിയ സാഹചര്യങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ മേഖലയില്‍ പ്രാവര്‍ത്തികമായാല്‍ സ്വകാര്യമേഖലയിലെ ചെലവേറിയ ചികിത്സാരീതികള്‍ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ നിന്നും ലഭ്യമാവും. ഇത് സ്വകാര്യമേഖലയ്ക്ക് ക്ഷീണമാണ്. ഇതില്‍ സ്വകാര്യമേഖലയോട് അറിഞ്ഞും അറിയാതെയും അടുത്തുനില്‍ക്കുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ദഹിക്കുന്നതല്ല. സമരത്തിന്റെ ഭാഗമായി രോഗികളെ പരിശോധിക്കാതെ വരാന്തയില്‍ നിന്നുകൊണ്ട് രോഗികളോട് പ്രൈവറ്റ് ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് ഇതിന്റെ ഒരു ബഹിര്‍സ്ഫുരണമാണ്. വൈകുന്നതുവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായാല്‍ ഉച്ചയ്ക്കുശേഷം സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കച്ചവടത്തില്‍ നഷ്ടമുണ്ടാവുമെന്നത് മറ്റൊരുകാര്യം.
ആര്‍ദ്രം പദ്ധതിയോടു സഹകരിക്കാതെ ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതാണ് പ്രകോപനത്തിന്റെ ഒരു പ്രധാന കാരണമായി പറയുന്നത്. ഭീഷണിയുടെ സ്വരത്തിലാണ് ഡോക്ടര്‍മാരുടെ രീതികള്‍ എപ്പോഴും. ഒരു മുന്നറിയിപ്പും ഇല്ലാതെ മിന്നല്‍ പണിമുടക്കുനടത്തുന്ന ഡോക്ടര്‍മാരുടെ സമീപനം എന്തുമെഡിക്കല്‍ എത്തിക്‌സിന്റെ അടിസ്ഥാനത്തിലാണ്? മെയ് ഒന്നു മുതല്‍ അനിശ്ചിതകാല സമരം എന്ന് തീരുമാനിച്ചവര്‍ കഴിഞ്ഞ വ്യാഴാഴ്ചതന്നെ ഒ പി ബഹിഷ്‌കരണ സമരം ആരംഭിച്ചു. പുതിയ അഡ്മിഷന്‍ എടുക്കില്ലെന്നും കിടത്തി ചികിത്സാസേവനം പിന്‍വലിക്കുമെന്നാണ് ഇപ്പോഴത്തെ മുന്നറിയിപ്പ്. ജനത്തിനു ഗുണം കിട്ടത്തക്കരീതിയില്‍ വേണം ആര്‍ദ്രം പദ്ധതി നടപ്പിലാക്കാന്‍ എന്ന് സര്‍ക്കാരിന് കേട്ടെഴുത്ത് ഇടുന്ന ഇവര്‍ എന്താണ് ഉന്നം വയ്ക്കുന്നത്?
അസോസിയേഷനില്‍ അംഗത്വമുള്ള മുഴുവന്‍ ഡോക്ടര്‍മാരും രാജിവയ്ക്കുമെന്നാണ് സമര ഡോക്ടര്‍മാരുടെ അന്ത്യശാസനം. യഥാര്‍ത്ഥത്തില്‍ ഇതില്‍ നിന്ന് പൊതുസമൂഹത്തിന് ഒരുപാട് വായിച്ചെടുക്കാനുണ്ട്. എന്താണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇതില്‍ ഉദ്ദേശിക്കുന്നത്? സര്‍ക്കാര്‍ ജോലി ഞങ്ങള്‍ക്കൊരു പ്രശ്‌നമല്ലെന്നുള്ളത് ഒരുകാര്യം. ലക്ഷങ്ങള്‍ ഓഫറുള്ള സ്വകാര്യ ആശുപത്രി മേഖലയിലെ ജോലിയും സ്വകാര്യ പ്രാക്ടീസിലൂടെ ലക്ഷങ്ങള്‍ വെറെയും വാരിക്കൂട്ടാമെന്ന കണക്കുകൂട്ടലും മറ്റൊരുകാര്യം. എന്നാല്‍ ഇതിലുപരി പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി മെഡിക്കല്‍ വിദ്യാഭ്യാസം നേടി പുറത്തുവന്ന ഇവര്‍ക്ക് എന്ത് മെഡിക്കല്‍ എത്തിക്‌സും സാമൂഹിക പ്രതിബദ്ധതയുമാണുള്ളതെന്ന് പൊതുസമൂഹം ചിന്തിക്കണം. ആര്‍ദ്രം പദ്ധതിക്ക് അനുകൂലമോ പ്രതികൂലമോ എന്തുമാവട്ടെ ഇങ്ങനെ ഓരോന്നിനും എടുത്തുചാടി സമരം ചെയ്യേണ്ടവരാണോ ഇവര്‍? ഈ സമരത്തെ സര്‍ക്കാരിന് നേരിടാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും പൊതുസമൂഹം ഇത്തരം പ്രവണതകളെ ചെറുത്തുതോല്‍പ്പിക്കണം.