Web Desk

ചെറുതുരുത്തി

January 19, 2020, 10:24 am

ഡോക്ടർമാർക്ക് പോലും രക്ഷയില്ല! മുളകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ വച്ചുണ്ടായ ദുരനുഭവം പങ്കുവെച്ച് ഡോക്ടർമാർ

Janayugom Online

കാലിന് അപകടം സംഭവിച്ച ഡോക്ടറെയും കൊണ്ട് മുളങ്കുന്നത്തുകാവ് മെഡിക്കൽകോളേജിലെത്തിയപ്പോൾ തങ്ങൾ നേരിടേണ്ടി വന്ന ദുരനുഭവത്തെകുറിച്ച് കുറിപ്പെഴുതിയിരിക്കുകയാണ് ഒരു പറ്റം ഡോക്ടർമാർ. കാലിൽ പൊട്ടലുമായെത്തിയ ഡോക്ടറെ ഒന്നു സഹായിക്കാൻ അറ്റൻഡർമാർ തയ്യാറായില്ല കയ്യുംകെട്ടി നോക്കി നിന്ന അറ്റൻഡർ കാറിൽ ഇരിക്കുന്ന ഡോക്ടർ ജസ്നയെ പുറത്തിറക്കാൻ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളോട് ആജ്ഞാപിക്കുകയായിരുന്നു. കെജിഎംഒയുടെ കുടുംബസംഗമത്തിനിടെയാണ് ഡോക്ടർ ജസ്നയ്ക്ക് വീണ് അപകടം സംഭവിക്കുന്നത്. തുടർന്നാണ് സമീപത്തുള്ള മുളകുന്നത്തുകാവ് മെഡിക്കൽകോളേജിലേക്ക് കാലൊടിഞ്ഞ ഡോക്ടർ ജസ്നയെയും കൊണ്ട് സഹഡോക്ടർമാർ പോയത് തുടർന്ന് അവിടെ തുടരെ തുടരെ നേരിടേണ്ടിവന്ന നിസ്സഹകരണം കാരണം ദയ പോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു. ഉറക്കം തൂങ്ങി നിൽക്കുന്ന മെഡിക്കൽകോളേജ് ജീവനക്കാർക്കെതിരെ ശക്തമായ എതിർപ്പാണ് ഇതേ മെഡിക്കൽകോളേജിലെ പൂർവവിദ്യാർത്ഥികളായ ഒരു പറ്റം ഡോക്ടർമാർക്ക് പറയാനുള്ളത്.

കുറിപ്പിന്റെ പൂർണരൂപം

ഇന്നലെ കെജിഎംഒ യുടെ കുടുംബസംഗമം ‚ചെറുതുരുത്തി ഇക്കോ ഗാർഡനിൽ വെച്ചു നടക്കവേ ഞങ്ങളുടെ ഒരു മെമ്പറായ ഡോക്ടർ ജസ്‌ന ‚സ്റ്റേജിൽ നിന്നു വീഴുകയും കണങ്കാലിന് സ്ഥാനമാറ്റം സംഭവിക്കുകയും സഹപ്രവർത്തകരായ ഓർത്തോ സർജൻ അപ്പൊൾ തന്നെ അത് ശരിയാക്കുകയും ചെയ്തു. എന്നാൽ പൊട്ടലുണ്ടെന്ന് സംശയത്തെ തുടർന്ന് അടുത്തുള്ള ഗവൺമെന്റ് സ്ഥാപനം എന്ന നിലക്കും ‚ഞങ്ങളിൽ പലരും അവിടത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു എന്ന അഭിമാനത്താലും,മുളകുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പോകാമെന്നു നിശ്ചയിച്ചു അവിടെ എത്തി പിന്നെ സംഭവിച്ചത് സമാനതകളില്ലാത്ത അനുഭവങ്ങളാണ് .

രോഗിയെ ഇറക്കാൻ ഒരു അറ്റൻഡർ വന്നു നിന്നു ..അവർ ഞങ്ങളോട് ഡോ.ജസ്‌നയെ ഇറക്കാൻ കല്പിച്ചു ..ഒന്നു സഹായിക്കാൻ പോലും ആ സ്ത്രീ തയ്യാറായില്ല ‚സാമാന്യം ശരീരമുള്ള ജസ്‌നയെ ഒപ്പമുണ്ടായിരുന്ന ഞങ്ങൾ കാറിൽ നിന്നിറക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല ..ഒരു ലേഡി ഡോക്ടർ ആയതുകൊണ്ടു മടിച്ചു നിന്ന എന്റെ ഡ്രൈവറോട് ഞാൻ സഹായം ചോദിച്ചു .ഞങ്ങളെല്ലാവരും കൂടി ഒരു വിധം ജസ്‌നയെ സ്ട്രെചറിൽ ആക്കി ..ആശുപത്രി ജീവനക്കാർ ഒരു ഡോക്ടർ ആണ് എന്നറിഞ്ഞിട്ടും നിസ്സംഗതയോടെ നോക്കി നിന്നു ..വണ്ടി ഉന്തി ഒരു വിധം കാഷ്വാലിറ്റി എന്ന് പറയുന്ന ഒരു സ്ഥലത്തെത്തി .അപ്പോഴേക്കും ഒപി ടിക്കറ്റിനു ജീവനക്കാർ ശാട്യം പിടിച്ചതിനാൽ ഞാൻ അങ്ങോട്ടോടി ..അവിടെ ചർച്ച നടത്തുന്നവരും കോട്ടുവാ ഇട്ടുകൊണ്ട് അലക്ഷ്യമായി കുത്തികുറിക്കുന്നവർ .മലയാളത്തിൽ പേരകുഞ്ഞിന്റെ പേര് പറയുന്ന ഒരു വൃദ്ധയോടു ‚പേരിന്റെ സ്പെല്ലിംങ് പറയാൻ നിർബന്ധിക്കുന്നു ഒരു വിധ്വാൻ .

കാഷ്വാലിറ്റിയിൽ രോഗിയെ കണ്ടപാടെ പിജി ആണോ ‚ഡ്യൂട്ടി എംഒ ആണോ എന്ന് എനിക്ക് നിശ്ചയമില്ലാത്ത ഒരു ഡോക്ടർ (മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും മുൻപേ ഓർത്തോ എച്ച് ഒ ഡി ഡോ.ജേക്കബിനെ വിവരം അറിയിക്കുകയും അദ്ദേഹം ഓർത്തോ ഡിപ്പാർട്ട്മെന്റിൽ വിളിച്ചു പറയാമെന്നു ഉറപ്പു തന്നിരുന്നെങ്കിലും ‚അതിന്റെ സൂചനയൊന്നും അവിടെ കണ്ടില്ല !)എക്സ്-റേക്കു എഴുതി ‚ankle joint and chest .X ray എടുത്തു കൊണ്ടു വരുവാൻ ഏമാൻമാർ കൽപ്പിച്ചു .എക്സ്-റേയിലേക്ക് കൊണ്ടു പോകാൻ ഒരു കൈ സഹായത്തിനായി ചുറ്റും നോക്കി ‚ഡോക്ടറോട് പറഞ്ഞു ..ആ പതിവില്ല കൂടെയുള്ളവർ കൊണ്ടു പോകണം .അതിനിടക്ക് എക്സ്-റേ എടുക്കണമെങ്കിൽ ബിൽ അടക്കണം ‚ക്യു വിൽ നിന്ന എന്നെ ഒരു ഡോക്ടർ ആണെന്ന് പരിചയപ്പെടുത്തിയിട്ടും “ചേച്ചി “വിളിയോടെ പുറകിൽ ചെന്ന് നിൽക്കാൻ കല്പന ..ഒരു എക്സ്-റേക്കു 345 രൂപ ‚കൂടുതൽ ആണെന്നു അറിഞ്ഞിട്ടും തർക്കിക്കാൻ പോയില്ല ‚ആരുടെ പോക്കറ്റിൽ ആണ് പോകുന്നത് എന്ന് തിരക്കിയില്ല .ഒരു വിധം വീണ്ടും ഞാനും മിനിയും ജസ്‌നയെ തള്ളികൊണ്ടു എക്സ്-റേയിലേക്ക് ..അപ്പോഴേക്കും അവിടെ ഓടികിതച്ചെത്തിയ ഡോ.വേണു .ഡോ.റാസിം ‚ജസ്നയുടെ സഹോദരൻ എന്നിവർ ചേർന്നു വണ്ടിതള്ളൽ ഏറ്റെടുത്തത് ഞങ്ങൾക്കു ആശ്വാസമായി എക്സ്-റേ യിൽ പൊട്ടൽ ഉണ്ട് .

ഒരു തീരുമാനം എടുക്കാൻ വരാന്തയിൽ ഒതുങ്ങി നിന്ന ഞങ്ങളോട് ഉടൻ പുറത്തു പോകാൻ ശാസന ..ഇവിടെ നിന്നാൽ ഒരു ചികിത്സയും സമയത്തിന് കിട്ടില്ല എന്ന് മനസ്സിലാക്കിയ ഞങ്ങൾ ജസ്‌നയെ ദയ യിലേക്ക് മാറ്റാൻ തീരുമാനിച്ചു ..ഞങ്ങൾ പുറത്തു പോകാം നിങ്ങൾ രോഗിയെ ആംബുലൻസിൽ കയറ്റി തരാൻ തയ്യാറാണെങ്കിൽ എന്ന് പറഞ്ഞപ്പോൾ .അതൊന്നും ഞങ്ങളുടെ ജോലിയല്ല ‚അതും കൂടെ നിൽക്കുന്നവരുടെ ജോലിയാണത്രെ ..തണ്ടും തടിയും ഉള്ള അറ്റൻഡേർസ് ഉം ‚നഴ്സിംഗ് അസിസ്റ്റന്റ് മാരും ചുമ്മാ തേരാ പാരാ നടക്കുന്ന മനോഹരമായ കാഴ്ചയും ഞങ്ങൾ കണ്ടു .അവരെ സുപ്പർവൈസ് ചെയ്യാൻ ആരുമില്ല ..

ഞങ്ങൾ പഠിക്കുമ്പോൾ ഈ മെഡിക്കൽ കോളേജ് ആശുപത്രി ഇങ്ങനെ ആയിരുന്നില്ല ..ഇപ്പോഴത്തെ അവസ്ഥയിൽ ഒരു പാട് ദുഃഖം തോന്നി ..ഒപ്പം ഹെൽത്ത് സെർവീസ് ലെ ഓരോ സ്ഥാപനത്തിലും നമ്മൾ കൊടുക്കുന്ന കെയർനെ കുറിച്ച് അഭിമാനവും ..നമ്മുടെ അവസ്ഥ ഇതാണെങ്കിൽ അവിടെയെത്തുന്ന പട്ടിണി പാവങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതാണ്‌ .നിർബന്ധിച്ചു മെഡിക്കൽ കോളേജിലേക്ക് അയച്ചാൽ പലരും പോകാത്തത് അത്ര കണ്ടു മടുത്തിട്ടാണ് എക്സ്-റേക്കു കാത്തു നിന്നിരുന്ന ചിലരുടെ ചോരയൊലിക്കുന്ന മുറിവുകൾ ഒന്നു ഡെസ്സ് ചെയ്തിട്ട് കൂടിയുണ്ടായിരുന്നില്ല ! എന്റെ ഒപ്പമുള്ള ഒരാൾ പറഞ്ഞു ഒരു നാല് പേരു സഹായത്തിനില്ലാതെ ഇവിടേയ്ക്ക് വന്നിട്ട് കാര്യമില്ല ..ഇവിടുത്തെ ജീവനേക്കാൾ ഒരാളെയും തൊടില്ല എന്ന് .

ആരാണ് ഇതിനു ഉത്തരവാദി ? ഉത്തരവാദിത്വപ്പെട്ടവർ ഉറക്കം നടിക്കുമ്പോൾ .ട്രോളി തള്ളാൻ ‚ഈ പ്രായത്തിൽ വിധിക്കപെട്ട ഞങ്ങളുടെ അവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്താൻ ആ രംഗം ഞാൻ ആ തിരക്കിലും വിഡിയോയിൽ പകർത്തി ‚അത് താഴെ പോസ്റ്റ് ചെയ്യുന്നു .ഒരു തെളിവു വേണ്ടേ ?

 

Eng­lish sum­ma­ry: Doc­tors write about mulakun­nathukavu med­ical college