Janayugom Online
liver

വെളിച്ചെണ്ണയും കൊളസ്ട്രോളും, സത്യത്തിൽ ഏതാ സത്യം?

Web Desk
Posted on September 01, 2018, 3:35 pm

വെളിച്ചെണ്ണയും കൊളസ്ട്രോളും!

അപ്പോൾ ഉപ്പേരി വറുക്കുന്നെങ്കിൽ അത് വെളിച്ചെണ്ണയിൽ വേണ്ട എന്ന് .. കൊളസ്ട്രോൾ ഭീതിയും അതിനു കഴിക്കുന്ന മരുന്നും ഒരു സാമൂഹ്യവിപത്ത് ആയിട്ടാണ് ഞാൻ കാണുന്നത്. അത്കൊണ്ട് താഴെ പറയുന്ന കാര്യങ്ങൾ ആളുകൾ ചർച്ച ചെയ്യണം. ഞാൻ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ ഡോക്ടർമാർ വിശദീകരിച്ചാൽ ഞാൻ തിരുത്താം. പക്ഷെ ഞാൻ സയൻസ് മാത്രമാണ് ഇക്കാര്യത്തിൽ അവലംബിച്ചിട്ടുള്ളത്. ഇനി വായിക്കുക, പറ്റുമെങ്കിൽ ഷെയർ ചെയ്യുക.

വെളിച്ചെണ്ണയ്ക്ക് എന്താണ് പ്രശ്നം? പൂരിത കൊഴുപ്പും അപൂരിത കൊഴുപ്പും ഒക്കെ ശരി തന്നെ. പക്ഷെ അതുകൊണ്ട് വെളിച്ചെണ്ണ വിഷം ആകുന്നത് എങ്ങനെ? ഇത് വരെ ആരും ഇത് പോലെ വെളിച്ചെണ്ണ വിഷം എന്ന് പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ കൊളസ്ട്രോൾ ഉണ്ടാക്കും അതുകൊണ്ട് വെളിച്ചെണ്ണ വർജ്ജിക്കണം എന്ന പ്രചരണം കുറേക്കാലമായി നടക്കുന്നുണ്ട്. കൊളസ്ട്രോളിനെ പറ്റി അന്ധവും അബദ്ധവും ആയ ധാരണകളാണ് ആളുകൾ വെച്ചു പുലർത്തുന്നത്.

ദൗർഭാഗ്യവശാൽ കൊളസ്ട്രോളിന്റെ കാര്യത്തിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന ഡോക്‌ടർമാർ പോലും തെറ്റായ ധാരണ വെച്ചു പുലർത്തുകയും ലാബ് ടെസ്റ്റിൽ കൊളസ്ട്രോൾ അധികം കണ്ടെത്തിയവർക്ക് സ്റ്റാറ്റിൻ മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുകയും ചെയ്തുവരുന്നുണ്ട്. സത്യം എന്തെന്ന് വെച്ചാൽ കൊളസ്ട്രോളല്ല നേരെ മറിച്ച് ഡോക്ടർ നിർദ്ദേശിക്കുന്ന സ്റ്റാറ്റിൻ മരുന്ന് ആണ് ആളുകൾക്ക് അപകടം ഉണ്ടാക്കുക. ഇക്കാര്യം വിശദീകരിച്ച് ഞാൻ രണ്ട് മൂന്ന് പോസ്റ്റുകൾ എഴുതിയെങ്കിലും ഒരു ചർച്ചയും ഉണ്ടായില്ല.

എന്താണ് കൊളസ്ട്രോൾ എന്ന് നോക്കാം. ഒരു ടൈപ്പ് കൊഴുപ്പ് (ഫാറ്റ്‌) ആണ് കൊളസ്ട്രോൾ. മനുഷ്യൻ ഉൾപ്പെടെ എല്ലാ ജന്തുക്കളുടെയും കോശനിർമ്മിതിക്ക് അവശ്യം ആവശ്യമായ ഒരു കൊഴുപ്പ്. സസ്യങ്ങളുടെ കോശങ്ങളിൽ കൊളസ്ട്രോൾ ഇല്ല. അഥവാ സസ്യകോശ നിർമ്മിതിക്ക് കൊളസ്ട്രോൾ ആവശ്യമില്ല. അതുകൊണ്ട് തന്നെ സസ്യജന്യമായ ഒരു ആഹാരപദാർത്ഥത്തിലും കൊളസ്ട്രോൾ ഇല്ല. നമുക്ക് കോളസ്ട്രോൾ ലഭിക്കുന്നത് ജന്തുജന്യമായ മാംസാഹാരത്തിൽ നിന്ന് മാത്രമാണ്. അതും ആവശ്യത്തിനു ലഭ്യമല്ല. നാം എത്ര തന്നെ മാംസാഹാരം കഴിച്ചാലും ആവശ്യമുള്ള കൊളസ്ട്രോളിന്റെ ഏകദേശം 25 ശതമാനം കൊളസ്ട്രോൾ മാത്രമേ മാംസാഹാരത്തിൽ നിന്ന് ലഭിക്കുകയുള്ളൂ. ബാക്കി വരുന്ന കൊളസ്ട്രോൾ ആവശ്യാനുസരണം നമ്മുടെ ലിവർ ആണു ഉല്പാദിപ്പിക്കുന്നത്. അതായത് നാം കഴിക്കുന്ന ഭക്ഷണത്തിലെ അന്നജം ദഹിച്ച് കിട്ടുന്ന ഗ്ലൂക്കോസ് മറ്റും കൊഴുപ്പ് എന്നിവ ഉപയോഗിച്ച് ലിവർ കൊളസ്ട്രോൾ എന്ന കൊഴുപ്പ് നിർമ്മിക്കുന്നു. ആഹാരത്തിൽ നിന്ന് അധികം കൊളസ്ട്രോൾ കിട്ടുമ്പോൾ ലിവർ കൊളസ്ട്രോളിന്റെ ഉല്പാദനം കുറക്കുകയും , കുറവ് ലഭിക്കുമ്പോൾ ഉല്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ലിവർ എപ്പോഴും മോണിട്ടർ ചെയ്യുന്നു. ബയോളജി പഠിച്ച ആരും ഇത് നിഷേധിക്കുകയില്ല. അപ്പോൾ കൊളസ്ട്രോൾ കൂടും എന്നോ കൂട്ടും എന്നോ പറയുന്നതിനു എന്ത് അർത്ഥമാണുള്ളത്?

ഇനി LDL എന്നത് ചീത്ത കൊളസ്ട്രോളും HDL എന്നത് നല്ല കൊളസ്ട്രോളും എന്ന വ്യാഖ്യാനവും തെറ്റും അശാസ്ത്രീയവും ആണ്. അങ്ങനെ രണ്ട് തരം കൊളസ്ട്രോൾ ഇല്ല. കൊളസ്ട്രോൾ എന്നത് ഒരേയൊരു തരം കൊഴുപ്പ് മാത്രമാണ്. ലിവറിൽ നിന്ന് കൊളസ്ട്രോളിനെ രക്തത്തിലൂടെ കോശങ്ങളിലേക്ക് വഹിച്ചു കൊണ്ടുപോകുന്നത് ഒരു മാതിരി പ്രോട്ടീനിൽ പൊതിഞ്ഞിട്ടാണ്. ലിവർ ആണു ഇതും ചെയ്യുന്നത്. ആ പ്രോട്ടീനിനെ ലിപ്പോ പ്രോട്ടീൻ എന്ന് പറയുന്നു. ആ ലിപ്പോ പ്രോട്ടിനും കൊളസ്ട്രോളും ചേർന്നതിനെയാണ് LDL കൊളസ്ട്രോൾ എന്ന് വിശേഷിപ്പിക്കുന്നത്. അല്ലാതെ അത് വേറെയോ മോശമോ ആയ കൊളസ്ട്രോൾ അല്ല. അത് പോലെ കോശങ്ങളിൽ എത്തിച്ച് രക്തത്തിൽ ബാക്കി വരുന്ന കൊളസ്ട്രോളിനെ വീണ്ടും ഉപയോഗപ്പെടുത്താൻ വേണ്ടി ലിവറിൽ തിരികെ എത്തിക്കുന്ന ലിപ്പോ പ്രോട്ടീനിൽ പൊതിഞ്ഞ കൊളസ്ട്രോളിനെയാണ് HDL കൊളസ്ട്രോൾ എന്നും പറയുന്നത്. കൊളസ്ട്രോളിനെ അത്രയും പ്രാധാന്യത്തോടെ ലിവർ കൈകാര്യം ചെയ്യുകയാണ്. കൊളസ്ട്രോൾ ഇല്ലാതെ മനുഷ്യനു ജീവിയ്ക്കാൻ കഴിയില്ല. അത്രയും പ്രധാനപ്പെട്ട ഒരു കൊഴുപ്പാണ് കൊളസ്ട്രോൾ എന്നത്. അത് രക്തത്തിൽ അധികമാകുന്ന പ്രശ്നം ഇല്ല. അത് പോലെ നല്ലതും ചീത്തയും എന്ന വർഗീകരണവും തെറ്റാണ്. ബയോളജി പഠിച്ചവർ ഇതും നിഷേധിക്കില്ല.

പിന്നെ എങ്ങനെ ഡോക്‌ടർമാർ കൊളസ്ട്രോളിനു മരുന്ന് നിർദ്ദേശിക്കുന്നു എന്ന് ചോദിച്ചാൽ മെഡിക്കൽ രംഗത്ത് അങ്ങനെയൊരു കീഴ്‌വഴക്കം സ്ഥാപിക്കപ്പെട്ടതിനാൽ കൂടുതൽ ആലോചിക്കാതെ വഴക്കം പോലെ മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുന്നു എന്നേ പറയാൻ പറ്റൂ. LDL കൊളസ്ട്രോൾ രക്തധമനികളിൽ നിക്ഷേപിക്കപ്പെട്ട് പ്ലാക്ക് ഉണ്ടാവുകയും അങ്ങനെ അത് ബ്ലോക്ക് ഉണ്ടാക്കി ഹാർട്ട് അറ്റാക്ക് വരാം എന്നുമാണ് യാതൊരു ആലോചനയും കൂടാതെ ഡോക്‌ടർമാർ കരുതുന്നത്. അതുകൊണ്ടാണ് അവർ മരുന്ന് കുറിച്ചു കൊടുക്കുന്നത്. സത്യം എന്തെന്ന് വെച്ചാൽ ആരോഗ്യമുള്ള രക്തക്കുഴലുകളിലൂടെ കൊളസ്ട്രോളിനെയും ( LDL / HDL ) വഹിച്ചു കൊണ്ടു പോകുമ്പോൾ രക്തം എവിടെയും കൊളസ്ട്രോളിനെ ഉപേക്ഷിച്ചു പോകില്ല. ലിവർ ടു കോശം — കോശം ടു ലിവർ എന്ന ബ്ലഡ് റൂട്ട് മാത്രമേ കോളസ്ട്രോളിനു ഉള്ളൂ.

രക്തധമനിയിൽ പ്ലാക്ക് വരാനുള്ള കാരണം എന്ന് പറയാവുന്നത് രക്തക്കുഴലുകൾക്ക് എന്തെങ്കിലും പോറൽ പറ്റിയാലാണ്. ഇങ്ങനെ പോറൽ പറ്റാനുള്ള കാരണങ്ങളിൽ പ്രധാനം ഹൈ ബി.പി.യോ ടെൻഷനോ പുകവലിയോ ആകാം. അങ്ങനെ രക്തധനിയിൽ പോറൽ പറ്റിയാൽ അവിടെ കോശങ്ങൾക്ക് കേടുപാട്  സംഭവിക്കുകയും അറ്റകുറ്റപ്പണിയുടെ ഭാഗമായി പുതിയ കോശങ്ങൾ നിർമ്മിക്കേണ്ടിയും വരും. അപ്പോൾ ആ ഭാഗത്ത് പുതിയ കോശനിർമ്മിതിക്കാവശ്യമുള്ള പോഷകഘടകങ്ങൾ കൊളസ്ട്രോൾ അടക്കം വന്നു ചേരും. അതിന്റെ ഫലമായി ആ ഭാഗത്ത് പ്ലാക്ക് രൂപപ്പെടാം. ശരീരത്തിൽ എവിടെയെങ്കിലും മുറിവ് ഉണ്ടായാൽ ഉണങ്ങി പൊറ്റ ഉണ്ടാകുന്നത് പോലെ. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ബ്ലോക്കിനു കാരണം കൊളസ്ട്രോൾ അല്ല, ധമനികൾക്ക് പോറൽ ഉണ്ടാകാൻ കാരണമായ ഹൈപ്പർ ടെൻഷനോ പുകവലിയോ മദ്യപാനമോ മറ്റോ ആണ് എന്നാണ്. കോശനിർമ്മിതിക്ക് മാത്രം ഉപയോഗപ്പെടുന്ന ജീവൽ പ്രധാനമായ ഒരു കൊഴുപ്പാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി ഡോക്‌ടർമാർ ഇപ്പോൾ പ്രിസ്‌ക്രൈബ് ചെയ്യുന്ന സ്റ്റാറ്റിൻ മരുന്നുകൾ ദീർഘകാലം കഴിച്ച് ശരീരത്തിൽ കൊളസ്ട്രോളിന്റെ ഉല്പാദനം കുറഞ്ഞാലാണ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാവുക.

ഡോക്ടർമാർ ഇത് മനസ്സിലാക്കാത്തത് ദൗർഭാഗ്യകരമാണ്.  നമുക്ക് ആവശ്യമുള്ള എനർജി ലഭിക്കാൻ അന്നജം മാത്രം കഴിച്ചാൽ പോര. കൊഴുപ്പും വേണം. ഒരു ഗ്രാം അന്നജത്തിൽ നിന്ന് നാല് കലോറിയും ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് 9 കലോറിയും ആണു എനർജി ലഭിക്കുക. ആളുകൾ അതുകൊണ്ട് വെളിച്ചെണ്ണയും ദിവസവും ഒന്നോ രണ്ടോ മുട്ടയും കഴിക്കട്ടെ. നല്ലതാണ്. തെറ്റായ പ്രചരണം കൊണ്ട് ജനങ്ങളെ ഉപദ്രവിക്കാതിരിക്കൂ.