June 26, 2022 Sunday

ന്യൂനപക്ഷപ്രീണനം അധികാരപ്രാപ്തിക്ക് ഉതകുമോ?

By Janayugom Webdesk
February 3, 2020

ജാതി-മതസംബന്ധവും അല്ലാത്തതുമായ സാമൂഹ്യപ്രശ്നങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ ന്യാ­യമായ ചില അവകാശങ്ങളെ പിന്തുണയ്ക്കുന്നവര്‍ക്ക് നിരന്തരമായി നേരിടേണ്ടിവരുന്ന ഒരു വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോ­ട്ട് തട്ടിയെടുക്കാന്‍ വേണ്ടിയാണ് അവര്‍ ഈ പിന്തുണയുമായി ഓടിയെത്തുന്നു എന്നാണത്. കേള്‍ക്കുമ്പോള്‍ അത് ശരിയാണെന്ന് പലര്‍ക്കും തോന്നാറുണ്ട്. ഇതെത്ര ബാലിശമാണെന്ന് ലോകചരിത്രം പരിശോധിച്ചാല്‍ ആര്‍ക്കും സ്പഷ്ടമാകും. ജര്‍മനിയില്‍ ന്യൂനപക്ഷത്തെ വേട്ടയാടിയ അഡോള്‍ഫ് ഹിറ്റ്‌ലറുടെയോ ഇറ്റലിയിലെ മു­സോളിനിയുടെയൊ പ്രചരണം തന്നെ പരിശോധിക്കാം. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ അക്രമത്തിനിരയായത് യഹൂദര്‍ (ജൂതന്മാര്‍) ആണ്. 1934ല്‍ ദേശീയ സോഷ്യലിസം എന്ന കള്ളനായണയവുമായാണ് ഹിറ്റ്ലര്‍ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരും പരസ്പരം മത്സരിച്ചിരുന്നതുകൊണ്ട് വെറും മുപ്പത് ശതമാനത്തോളം മാത്രം വോട്ടുകള്‍ വഴിയാണ് ഹിറ്റ്ലര്‍ക്ക് അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. ന്യൂനപക്ഷമായിരുന്ന യഹൂദ സംഹാരമായിരുന്നു ഹിറ്റ്ലറുടെ പ്രധാന കാര്യപരിപാടി. ഈ ന്യൂനപക്ഷ താല്പര്യങ്ങളെ ആത്മാര്‍ത്ഥമായി പിന്തുണച്ചിരുന്ന സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്നിലായിപ്പോയതുകൊണ്ടാണ് ഹിറ്റ്ലര്‍ക്ക് പെെശാചികമായ തന്റെ യഹൂദ സംഹാരം പൂര്‍ണമായി നടപ്പിലാക്കാനായത്.

ശാസ്ത്രരംഗത്ത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്ന യഹൂദ വംശജര്‍ അമേരിക്കയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അമേരിക്കയുടെ ആണവബോംബ് നിര്‍മ്മിച്ചുകൊടുത്തത് കുടിയേറ്റക്കാരായ ഈ യഹൂദശാസ്ത്രജ്ഞരായിരുന്നുവെന്നത് ഒരു രഹസ്യമല്ല. പക്ഷെ, ജര്‍മനിയില്‍ ശേഷിച്ച പതിനായിരക്കണക്കിന് യഹൂദരെ പോളണ്ടിലും ചെക്കോസ്ലോവാക്യയിലും ഗ്യാസ് ചേംബറുകളിലേക്ക് തള്ളിവിട്ട് കൊലചെയ്തുകൊണ്ടാണ് ഹിറ്റ്ലര്‍ ആ ന്യൂനപക്ഷ പ്രശ്നം ‘പരിഹരിച്ചത്’. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവശേഷിച്ച ലക്ഷക്കണക്കിന് യഹൂദര്‍ക്കായി അമേരിക്കയും ഇംഗ്ലണ്ടും ചേര്‍ന്ന് സൃഷ്ടിച്ചതാണ് ഇസ്രയേല്‍ എന്ന പുതിയ രാജ്യം. ആ പ്രദേശത്ത് സഹസ്രാബ്ദങ്ങളായി ജീവിച്ചിരുന്ന ലക്ഷക്കണക്കിന് അറബിവംശജരെ ന്യൂനപക്ഷമാക്കി മാറ്റി പുതിയൊരു ന്യൂനപക്ഷ പീഡനത്തിന്റെ അധ്യായമാണ് ഉദ്‍ഘാടനം ചെയ്തിരിക്കുന്നത്. സ്വന്തം ജന്മനാട്ടില്‍ ഇപ്രകാരം ന്യൂനപക്ഷ പീഡനം നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുന്ന അറബികളുടെ സ്ഥിതി ദയനീയമാണ്. ഇപ്രകാരമുള്ള പീഡനം നടത്തിക്കൊണ്ടാണ് ഇസ്രയേല്‍ എന്ന രാജ്യത്തെ പതിറ്റാണ്ടുകളായി അടക്കിവാഴുന്ന നെതന്യാഹു കൂടുതല്‍ കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നത്. ആ അറബി ന്യൂനപക്ഷത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു ഭരണകക്ഷിയും ഇപ്പോള്‍ ആ രാജ്യത്ത് നിലവിലില്ല. കഴിഞ്ഞ ഒരു വര്‍ഷമായി നേരിയ ഭൂരിപക്ഷം പോലുമില്ലാതെയാണ് നെതന്യാഹു അവിടെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നതും പുതിയ തെരഞ്ഞെടുപ്പ് വിജയത്തിനായി കഠിനാധ്വാനം നടത്തുന്നതും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സ്ഥിതി കഷ്ടതരമാണ്.

ഇന്ത്യയോടൊപ്പം ബ്രിട്ടനില്‍ നിന്ന് സ്വാ­­തന്ത്ര്യം നേടിയ ബര്‍മ(ഇപ്പോള്‍ മ്യാന്‍മര്‍)­യിൽ പട്ടാളവാഴ്ച താല്ക്കാലികമായി അവസാനിപ്പിച്ചെങ്കിലും ഈ ന്യൂനപക്ഷ പ്രശ്നം നീറിക്കൊണ്ടിരിക്കുന്നു. ബംഗ്ലാദേശിനോട് തൊട്ട് സ്ഥിതിചെയ്യുന്ന റോഹിംഗ്യ എന്ന ജില്ലയിലെ ലക്ഷക്കണക്കിന് മുസ്‌ലിം മതവിഭാഗക്കാര്‍ അന്യനാടുകളില്‍ അഭയാര്‍ത്ഥികളായി തെണ്ടിത്തിരിയുകയാണ്. ബംഗ്ലാദേശിലെ വാസയോഗ്യമല്ലാത്ത ചതുപ്പുകളിലാണ് അവരില്‍ ഭൂരിപക്ഷവും താവളം കണ്ടെത്തിയിരിക്കുന്നത്. ലോക ക്രിമിനല്‍ കോടതി ഇപ്പോള്‍ അവരെ പുനരധിവസിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത് തന്നെ ഒരു ചരിത്രസംഭവമാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചിരുന്ന ഗൗതമ ബുദ്ധന്റെ അനുയായികളാണ് ഈ പീഡനം നടത്തുന്നതെന്ന് അറിയുമ്പോള്‍ ആശ്ചര്യപ്പെടാത്ത മനുഷ്യസ്നേഹികള്‍ ഉണ്ടാവില്ല. ലോക കോടതിയുടെ ഉത്തരവിനു ശേഷവും അവരുടെ സ്ഥിതി മെച്ചപ്പെടുമോയെന്ന് പറയാനാവില്ല. ശ്രീലങ്കയിലും ഇതേ ബുദ്ധമത വിശ്വാസികള്‍ തന്നെയാണ് ഇന്ത്യന്‍ വംശജര്‍ക്കും ഇസ്‌ലാം മതവിശ്വാസികള്‍ക്കും ജീവിതം ഏറെ ദുഷ്കരമാക്കിക്കൊണ്ടിരിക്കുന്നത്. തമിഴ്‌പുലികളെ ഇല്ലായ്മ ചെയ്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് രാജ്യത്ത് ഭീകരാവസ്ഥ സൃഷ്ടിച്ച മഹിന്ദ രാജപക്‌സെ ഇപ്പോള്‍ പ്രധാനമന്ത്രി പദവും അദ്ദേഹത്തിന്റെ സഹോദരന്‍ പ്രസിഡന്റ് സ്ഥാനവും ഏറ്റെടുത്തുകഴിഞ്ഞ സ്ഥിതിക്ക് ന്യൂനപക്ഷങ്ങളുടെ സ്ഥിതി എന്താവുമെന്ന് കണ്ടറിയേണ്ടിവരും. ന്യൂനപക്ഷ ധ്വംസനത്തിലൂടെയാണ് പല രാഷ്ട്രീയ നേതാക്കളും രാജ്യഭരണം പിടിച്ചെടുത്തതെന്നാണ് ഇ­തി­ല്‍ നിന്നെല്ലാം സ്പഷ്ടമാകുന്നത്.

ന്യൂനപക്ഷങ്ങളോട് സഹാനുഭൂതി പ്രദര്‍ശിപ്പിച്ച് അധികാരം നേടിയവരുടെ സംഖ്യ വിരലിലെണ്ണാവുന്നതു മാത്രമായിരിക്കും. സ്വാതന്ത്ര്യം നേടിയശേഷം ഇന്ത്യയുടെ സ്ഥിതി ഇതില്‍ നിന്ന് എത്രയും വ്യത്യസ്തമായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ‍ പാരമ്പര്യമാണ് ഇന്ത്യയെ വ്യത്യസ്തമാക്കിയത്. ജാതി-മത ഭിന്നതകളും ഭാഷകളിലും സംസ്കാരങ്ങളിലുമുള്ള വെെവിധ്യങ്ങളും കൂട്ടിയോജിപ്പിച്ച് ഗാന്ധിജി സൃഷ്ടിച്ച മഹനീ­യ പാരമ്പര്യത്തിന്റെ പാതയാണ് ജവഹര്‍ലാല്‍ നെഹ്രുവും കൃഷ്ണമേനോനും മൗലാനാ ആസാദും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുറുകെപ്പിടിച്ചത്. വെെവിധ്യങ്ങളുടെ നടുവില്‍പെട്ട് ഇന്ത്യയുടെ ഏ­കത്വവും കെട്ടുറപ്പും കാത്തുസൂക്ഷിക്കാന്‍ നെഹ്രുവും ലാല്‍ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും പ്രദര്‍ശിപ്പിച്ച ജാഗ്രത നരസിംഹറാവുവിന്റെ കാലം മുതല്‍ ശിഥിലമാകാന്‍ തുടങ്ങിയതോടെയാണ് ഹിന്ദുത്വവാദികളുടെ രംഗപ്രവേശത്തിന് വഴിതുറന്നുകിട്ടിയത്. എന്നാല്‍ നരേന്ദ്രമോഡിയും ഷായും ചേര്‍ന്നുള്ള ദ്വിഭരണത്തില്‍, രാജ്യത്തിന്റെ ആ വെെവിധ്യവും വെെജാത്യവും വിസ്മരിച്ചുകൊണ്ട് ഒരേ ഭാഷ, ഒരേ ചട്ടം തുടങ്ങിയതുപോലുള്ള “ഒറ്റ“പ്പോരാട്ടം രാജ്യത്തെ എവിടെ കൊണ്ടുചെന്നത്തിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. എല്ലാവര്‍ക്കും ഒരേ വേഷവും വേണമെന്ന് അവര്‍ ശഠിച്ചുതുടങ്ങിയിട്ടില്ലാത്തത് മഹാഭാഗ്യം. രണ്ടു ഡസനിലധികം സംസ്ഥാനങ്ങളും അതിലും ഇരട്ടി ഭാഷകളും നിലവിലുള്ള ഇന്നത്തെ ഇന്ത്യയെ തുണ്ടു തുണ്ടുകളാക്കി മാറ്റാനേ ചാതുര്‍വര്‍ണ്യത്തിന്റെ ആധിപത്യം ഉറപ്പിക്കാനുള്ള ഹിന്ദുത്വവാദികളുടെ വാശി ഉപകരിക്കൂവെന്ന് സ്വബോധം നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് ബോധ്യമാകും.

പക്ഷെ ഹിന്ദുത്വമെന്ന മന്ത്രം ജപിച്ചുകൊണ്ടിരുന്നാല്‍ ലഭ്യമാകുന്ന നേട്ടം അവരെ അന്ധസമാനരാക്കും. 85 പാര്‍ലമെന്റ് സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ഇരുപത് ശതമാനവും ന്യൂനപക്ഷ സമുദായക്കാരാണെന്നിരിക്കെ ഒരൊറ്റ അഹിന്ദുവിനെപ്പോലും സ്ഥാനാര്‍ത്ഥി ആക്കാതിരുന്നിട്ടും ഏതാണ്ട് മുഴുവന്‍ സീറ്റുകളും കരസ്ഥമാക്കാന്‍ കഴിഞ്ഞത് അവരെ അഹങ്കാരികളാക്കി. ശതകോടി രൂപ കോഴ കൊടുത്ത് കര്‍ണാടകത്തില്‍ എംഎല്‍എമാരെ വിലയ്ക്കെടുത്ത് ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് രാജസ്ഥാനിലും മധ്യപ്രദേശിലും നേരിട്ട ഇച്ഛാഭംഗത്തെ വെള്ളപൂശാന്‍ കഴിഞ്ഞേക്കുമെന്നത് ഒരു ദിവാസ്വപ്നമായി മാറുമെന്നത് അവര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്ത്യയുടെ വെെവിധ്യങ്ങളും വെെരുധ്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഒന്നര നൂറ്റാണ്ടുകാലം രാജ്യത്തിനുമേല്‍ ആധിപത്യം നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും അതിനും ഒരതിരുണ്ടെന്ന് അവര്‍ മനസിലാക്കാനിരിക്കുന്നതേയുള്ളു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെപ്പറ്റി ഊറ്റംകൊണ്ടിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന് ആ പാഠം പഠിക്കാന്‍ അധികകാലം കാത്തിരിക്കേണ്ടി വന്നില്ലെന്ന് മോഡി-ഷാ ഇരട്ടകള്‍ മനസിലാക്കണം. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ പിന്നാക്കസമുദായ കക്ഷിയും ഒത്തു കെെകോര്‍ത്തപ്പോള്‍ തന്നെ ഹിന്ദുത്വ കോട്ടയില്‍ ഉണ്ടായ വിള്ളല്‍ കാണാതെ പോകരുത്.

ഏറെക്കാലം അധീനതയിലായിരുന്ന മധ്യപ്രദേശും രാജസ്ഥാനും കെെവിട്ടുപോയത്, പണക്കൊഴുപ്പുകൊണ്ട് എന്തും നേടിക്കളയാമെന്ന വ്യാമോഹത്തിന് തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു. സ്വന്തം സാമ്പത്തികശേഷികൊണ്ടും വെള്ളക്കാരുടെ മേധാവിത്വ മനോഭാവം മുതലെടുത്തും കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞതിന്റെ അഹന്തയോടെ അടുത്ത നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജയിച്ചുകളയാമെന്ന് അഹങ്കരിച്ച് നടക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും ഇംപീച്ച്മെന്റിന്റെ ചുഴിയില്‍പെട്ട് നട്ടംതിരിയുന്ന കാഴ്ച ആരും കാണാതിരിക്കരുത്. ന്യൂനപക്ഷ താല്പര്യങ്ങളെ ചവിട്ടിതേച്ചുകൊണ്ട് അധികകാലം ആര്‍ക്കും മുന്നോട്ട് പോകാനാവില്ലെന്ന ചരിത്രപാഠം ഉള്‍ക്കൊള്ളുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ചാതുര്‍വര്‍ണ്യത്തിന്റെ ശക്തിയും ശാശ്വതമല്ലെന്ന് ഇന്ത്യയിലുള്ളവരും കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷ താല്പര്യങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ സ്വന്തം കാര്യസാധ്യത്തിന് വേണ്ടിയല്ല അത് ചെയ്യുന്നതെന്നും നീതിബോധമാണ് അവരെ അതിന് പ്രേരിപ്പിക്കുന്നതെന്നും ഇപ്പറഞ്ഞതില്‍ നിന്ന് ആര്‍ക്കും ബോധ്യമാകേണ്ടതാണ്. ഗാന്ധിജിയെ കൊല ചെയ്ത ഗോഡ്സെയെ പൂവിട്ട് പൂജിക്കാനും ആളെ കിട്ടുന്ന ഇക്കാലത്ത് കുറേപ്പേരെ പറഞ്ഞുപറ്റിക്കാന്‍ കുറച്ചുകാലം കഴിയുമെങ്കിലും അതും ശാശ്വതമാവില്ലെന്നതില്‍ സംശയം വേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.