Saturday
23 Feb 2019

കുസൃതിക്കുടുക്കകള്‍, കളിക്കൂട്ടൂകാര്‍

By: Web Desk | Saturday 6 October 2018 11:58 AM IST


ഡോ. ഷൈന്‍ കുമാര്‍
അസിസ്റ്റന്റ് ഡയറക്ടര്‍
മൃഗസംരക്ഷണ വകുപ്പ്, കൊല്ലം
ഫോണ്‍: 9847111827

നായ്ക്കള്‍ സ്‌നേഹമുള്ള കൂട്ടുകാരാണ്, കുസൃതിയും കളികളുമൊക്കെയായി അവര്‍ വാഴുന്നിടം ഉത്സാഹനിര്‍ഭരമാക്കും. അത്തരത്തിലുള്ള കുഞ്ഞ് നായ്ക്കുടുക്കകളെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അങ്ങനെയെങ്കില്‍ ആദ്യം മനസ്സില്‍ തെളിഞ്ഞുവരുന്ന രൂപം പഗ്ഗ് എന്ന കോമാളിയുടേതാണ്. മൊബൈല്‍ കമ്പനിയുടെ പരസ്യഅംബാസിഡറാകാനും ലോകമെമ്പാടുമുള്ള വനിതാആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റാനും അവനുള്ള കഴിവ് പണ്ടേ പ്രശസ്തമാണ്. പിന്നീട് കുഞ്ഞുനായ്ക്കൂട്ടത്തില്‍ സ്ഥാനം നേടിയ ജപ്പാന്‍കാരാണ് ഷിബാഇനു. ചെറുമൃഗങ്ങളെ കുറ്റിക്കാട്ടില്‍ നിന്നും വേട്ടയാടിപ്പിടിക്കുന്ന വിരുതനെന്ന ഖ്യാതിയുണ്ട്. ഷിബായെന്നാല്‍ കുറ്റിക്കാട് എന്ന് തന്നെയര്‍ത്ഥം. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന രീതിയിലുള്ള ഇവന്റെ പ്രകൃതം സ്‌നേഹിതരെയും ആരാധകവൃന്ദത്തെയും ഒപ്പം കൂട്ടി. പഗ്ഗും ഷിബാഇനുമൊക്കെ ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വിലയുള്ള കുഞ്ഞുനായ്ക്കളായി മാറിക്കഴിഞ്ഞു. നായ്‌പ്രേമികളുടെ ഹരം ഒട്ടും കുറയാതെ ഒരു പതിറ്റാണ്ടായി പിടിച്ചുനില്ക്കുന്ന ഇവര്‍ അരങ്ങുവാഴുന്ന ഓമനകള്‍ തന്നെ. അല്പം തീറ്റയും ശ്രദ്ധയുമുണ്ടെങ്കില്‍ ഒരൊന്നാന്തരം കെന്നല്‍ ഇവര്‍ക്കായി ഒരുക്കാം. കുറഞ്ഞ പരിചരണത്തിലും പരിപാലനത്തിലും വലിയ വരുമാനവും നേടാം.

പഗ്ഗിന്റെ പൊടിപൂരം

 കരിപുരണ്ട പോലുള്ള ഉരുണ്ട മുഖവും കോമാളിലക്ഷണവും തിളങ്ങിനില്ക്കുന്ന ഉണ്ടക്കണ്ണുകളും വെല്‍വെറ്റ് ചര്‍മ്മവുമൊക്കെച്ചേര്‍ന്ന് ആരിലും ചിരിയുണര്‍ത്തുന്ന ഒരു ചന്തം പഗ്ഗിനുണ്ട്. കവിളിലെ മറുകും ചുരുണ്ട കുറ്റിവാലും കുസൃതിയും സൂത്രവുമൊക്കെ ഇവന്റെ ഓമനത്തം വര്‍ദ്ധിപ്പിക്കുന്നു. കളിക്കൂട്ടുകാരുടെ കൂട്ടത്തിലാണ് ഇവര്‍ പെടുക. മടിയിലിരുന്നും മനം കവര്‍ന്നും അരുമകളാകാന്‍ മിടുക്കാണിവര്‍. ഉരുണ്ടുരുണ്ടുള്ള ഇവന്റെ നടത്തവും ശരീരത്തെക്കാള്‍ വലിപ്പമുള്ള കുരയും കൗതുകകരമാണ്. കുട്ടികളോട് കളിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഈ മൃദുലഹൃദയന്‍ നിഴല്‍ പോലെ യജമാനനെ പിന്തുടരും. ദേഷ്യമോ, വെറുപ്പോ കാണിച്ചാല്‍ പിണങ്ങും. കൂടുതല്‍ ആഹാരം ഇവരുടെ ആയുസ്സ് കുറയ്കുന്നുണ്ട്. നല്ല ആഹാരം കൃത്യമായ ഇടവേളകളില്‍ കൃത്യതയോടെ നല്കാന്‍ പഗ്ഗ് ആവശ്യപ്പെടുന്നു. നല്ല വ്യായാമം ദിവസവും ആവശ്യമുണ്ട്. വീടിനകത്ത് കഴിയാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ ചൂടുള്ള കാലാവസ്ഥ താങ്ങില്ല. നിറം- വെള്ളി, ചാര, തവിട്ട് നിറങ്ങള്‍
ഉയരം : ആണ്‍ – 30-34 സെ.മീ
പെണ്‍ : 27-28 സെ.മീ
ഭാരം : 6-8 കിലോ

ഇന്നുതന്നെ വാങ്ങും ഷിബാ ഇനുവിനെ

ഒരിക്കല്‍ ഇവനെക്കണ്ടാല്‍ ആരും അന്നുതന്നെ വാങ്ങാനിഷ്ടപ്പെടുന്നു എന്നതാണ് ഷിബാഇനുവിന്റെ മേന്മ. പൊതുവേ ചുറുചുറുക്കും ഉത്സാഹവും കൂടിയ വര്‍ക്കിംഗ് ഗ്രൂപ്പ് നായ്ക്കളാണിവര്‍. പ്രകടനങ്ങളിലും കളികളിലും ഒരേപോലെ താല്പര്യമുള്ള ഇവര്‍ കുഞ്ഞന്മാരാണ്. ജപ്പാന്‍ തന്നെ ജന്മദേശം. ഉറക്കമുറിയില്‍ വരെ കയറിക്കിടക്കാന്‍ സ്വാതന്ത്ര്യമെടുക്കുന്ന ഇവന്‍ എപ്പോഴും വീട്ടിലെ ഒരംഗത്തെപ്പോലെയാണ് പെരുമാറുക. ഷിബാഇനുവിന്റെ ചുരുണ്ട വാലും കുറുക്കന്റെ മുഖവും ഉയര്‍ന്നുനില്ക്കുന്ന കൂര്‍ത്ത ചെവികളുമൊക്കെ ആരും ഇഷ്ടപ്പെട്ടുപോകും. നല്ല ഒരു വേട്ടനായ് കൂടിയാണ് എന്നത് ഇവരുടെ അധികമേന്മയാണ്. ആടുകള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനും കായികാഭ്യാസത്തിനും കൂടി യോജിച്ചവരാണ് എന്ന പ്രത്യേകതയുമുണ്ട്. പലതരം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ സമര്‍ത്ഥന്മാരായ ഷിബാഇനുവിനെ മോഹവിലയില്‍ മുന്നില്‍ നിര്‍ത്തിയ ഘടകവും മറ്റൊന്നല്ല.
നിറം : കറുപ്പ്, ചുവപ്പ്, നെഞ്ചിലും മുഖത്തും വാലിലും മങ്ങിയ വര്‍ണ്ണങ്ങള്‍
ഉയരം :
ആണ്‍ : 25-40 സെ.മീ
പെണ്‍ : 32-37 സെ.മീ
ഭാരം : 9-13 കി.ഗ്രാം

ചേലക്കോട്ടുകര വാഴാന്‍ പഗ്ഗും ഷിബായും

പുരാതന തൃശ്ശിവപേരൂരില്‍ ചേലക്കോട്ടുകരയ്ക്ക് വലിയ സ്ഥാനമുണ്ട്. പൂരത്തിനുള്ള പുറപ്പാടുകാര്‍ നിരവധി ഉണ്ടായിരുന്ന ഇടമാണ്. പുലിക്കളിയിലും ചേലക്കോട്ടൂകരക്കാര്‍ എന്നും തിളങ്ങിനിന്നിട്ടേയുള്ളൂ. നഗരനടുവിലെ ചേലക്കോട്ടുകരയിലേക്ക് പുറം ജില്ലകളില്‍ നിന്നും കാറുകള്‍ വന്നാല്‍ അതില്‍ കൂടുതലും കിണറ്റിങ്കല്‍ വീട്ടിലെ കിരണിനെ അന്വേഷിച്ചാകും എന്നതില്‍ നാട്ടുകാര്‍ക്ക് സംശയമില്ല. കുഞ്ഞന്മാരായ പഗ്ഗും, ഷിബായുമൊക്കെ അവിടെ തീര്‍ത്തിരിക്കുന്നത് ഒരു മോഹസ്വര്‍ഗ്ഗമാണെന്ന് എല്ലാവര്‍ക്കും അറിയാം.
കുര്യച്ചിറ സെന്റ് ജോസഫ് കോളേജില്‍ ഡിഗ്രി പഠനവും കഴിഞ്ഞ് ബോംബെയില്‍ ബിസിനസ് മാനേജ്‌മെന്റ് പഠിക്കാന്‍ പോയപ്പോഴും വീട്ടിലുണ്ടായിരുന്ന പഗ്ഗ് നായ്ക്കളെ കിരണ്‍ കൈവിട്ടില്ല. എല്ലാ ആഴ്ചയും അവരുടെ വിവരങ്ങള്‍ തിരക്കാന്‍ മറന്നില്ല. എംബിഎ പൂര്‍ത്തിയാക്കി നാട്ടിലെത്തി ടെക്‌സ്റ്റൈല്‍ ബിസിനസ് രംഗത്ത് സജീവമായപ്പോഴും ആ നായ്‌പ്രേമം മനസ്സില്‍ നിന്നൊഴിഞ്ഞില്ല. 2006 ല്‍ കിരണ്‍ ഒരു തീരുമാനമെടുത്തു. പഗ്ഗ് നായ്ക്കളുടെ കേരളത്തിലെ നം.1 ബ്രീഡറാകണം. തീരുമാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കാന്‍ അധികസമയം വേണ്ടി വന്നില്ല. കുഞ്ഞന്‍ നായ്ക്കളുടെ നല്ല സ്റ്റഡ് നായ്ക്കളെ വരുത്തുകയാണ് ആദ്യം ചെയ്തത്. ആസ്‌ട്രേലിയന്‍ ഇറക്കുമതിയായ കബാവ, വാക് ദ ലെയ്ന്‍ എന്ന ആസ്‌ട്രേലിയന്‍ ചാമ്പ്യനെ ആദ്യമെത്തിച്ചു. പ്രശസ്ത നോര്‍വന്‍ കെന്നലില്‍ നിന്നും പാങ്കടോട്ടണ്‍ വൈല്‍ഡ് വിന്നര്‍ എന്ന റീകണ്‍ട്രി ചാമ്പ്യനെ പിന്നീടെത്തിച്ചു. കൂട്ടത്തില്‍ അമേരിക്കന്‍ ഇംപോര്‍ട്ട് വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. വന്നത് വിഖ്യാതമായ അമേരിക്കന്‍ മിയാന്‍ദാസ് കെന്നലില്‍ നിന്നും ഗോട്ട് മൈ ജോജോ. ഇന്നിപ്പോള്‍ നാല് രാജ്യങ്ങളിലെ ചാമ്പ്യനാണ്. അതില്‍ അമേരിക്കയും കാനഡയും തായ്‌ലന്റും ഇന്ത്യയുമൊക്കെ പഗ്ഗുകളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിക്കണമെന്ന് കിരണ്‍ പറയുന്നു. സ്റ്റഡ് നായ്ക്കളുമായി ഇണ ചേരാന്‍ ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന പെണ്‍നായ്ക്കള്‍ തന്നെ വേണം. ഇന്നിപ്പോള്‍ ബാങ്കോക്കിലും തായ്‌ലന്റിലും കാനഡയിലുമൊക്കെ ചാമ്പ്യനായ സിസിയും അന്താരാഷ്ട്ര ചാമ്പ്യനായ ഗ്ലോറിയുമൊക്കെ കിരണിന്റെ ശേഖരത്തിലുണ്ട്. ഒന്നാംതരം വിഖ്യാതപഗ്ഗിനങ്ങള്‍ 2 ഡസനോളം വരും. പക്ഷികളിലൂടെ ഖ്യാതി നേടിയതോടെ കിരണ്‍ കെന്നലിനൊരു പേരിട്ടു. ലിറ്റില്‍ മസ്‌കറ്റീര്‍സ്. യൂറോപ്യന്‍ പട്ടാളക്കാരോടുള്ള സ്‌നേഹം തന്നെ ഈ പേരിന് പിന്നില്‍.

പണ്ടേപോലെയല്ല പഗ്ഗ്. രണ്ട് ക്വാളിറ്റിയില്‍ അവരെ കാണാം. ഒന്ന്. ഷോഡോഗ്‌സ് ആണ്. രണ്ട്. പെറ്റ് ഡോഗ്‌സ്. ഷോഡോഗെന്നാല്‍ നായ്പ്രദര്‍ശനത്തില്‍ എല്ലാ സമവാക്യങ്ങളും മേനിയഴകുകളും ചേര്‍ന്ന രൂപമാണ്. ഇന്ന് കൂടുതല്‍ പേരും ഓവര്‍ റിങ്കില്‍ഡ് പഗ്ഗിനെയാണ് ഇഷ്ടപ്പെടുക. (മുഖത്ത് കൂടുതല്‍ ചുളിവുകള്‍) ഓവര്‍ നോസ് റിങ്കിളും ഓവര്‍ റിങ്കിളും ഷോഡോഗ്‌സില്‍ ആവശ്യമില്ല. അതുപോലെതന്നെഭാരം നിയന്ത്രിച്ചുനിര്‍ത്തുവാനും മേനിയഴക് നിലനിര്‍ത്തുവാനും കൃത്യമായ ഡയറ്റിംഗ് ആവശ്യമാണ്. അതുകൊണ്ടുതന്നെ പെല്ലറ്റഡ് ഫീഡുകളാണ് പഗ്ഗിന്. രാവിലെ 7 മണിക്കും വൈകിട്ട് 5 മണിക്കും അത് നല്കും. മുതിര്‍ന്നവര്‍ക്ക് 100 ഗ്രാമാണ്. ഒറ്റത്തവണ റേഷന്‍. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള നായ്ക്കുട്ടികള്‍ക്ക് അത് 6 തവണയായി നല്കും.

കൂട്ടത്തില്‍ വിഖ്യാതനായയായ ഷിബാഇനുവിനെയും കിരണ്‍ ഒപ്പം കൂട്ടി. റഷ്യന്‍ തായ്‌ലന്റ് ചാമ്പ്യനായ ബാഞ്ച എന്ന ആണ്‍ നായ് തായ്‌ലന്റ് ചാമ്പ്യനായ ഫുഡ്‌സിന്‍ എന്ന പെണ്‍നായയും ജോഡിയായെത്തി. പഗ്ഗുകളുടെ ഷോനായ്ക്കള്‍ക്ക് 35000 മുതല്‍ വിലയുണ്ടെങ്കില്‍ ഷിബ ഒരു ലക്ഷം കടക്കും. ഷിബഇനുവിനും പ്രത്യേക പെറ്റ്ഫുഡാണ്. ജര്‍മ്മന്‍ പെല്ലറ്റഡ് ഫീഡായ സീംപ് ആണ് ഇവരുടെ ആഹാരം. മുതിര്‍ന്ന നായ്ക്കള്‍ക്ക് ദിവസേന 150 ഗ്രാം മതി. പഗ്ഗിനും ഷിബാഇനുവിനും മാസത്തിലൊരിക്കല്‍ കുളിയുണ്ട്. പപ്പി പ്ലസ് എന്ന ആസ്‌ട്രേലിയന്‍ കമ്പനിയുടെ ഷാംപൂവാണ് മുഖ്യം. ഷിബായ്ക്ക് എന്നും ചെവി തുടച്ചെടുക്കുന്ന ചടങ്ങുണ്ട്. രണ്ടിനത്തിനും നിത്യേന ബ്രഷിംഗുണ്ട്. അമേരിക്കയില്‍ നിര്‍മ്മിച്ച റക്‌സ് എന്ന ധാതുലവണമിശ്രിതമാണ് അധികമായി നല്കുക. രാവിലെയും വൈകുന്നേരവും 5 മി.ലീ വീതം ഓരോരുത്തര്‍ക്കുമുണ്ട്.

പഗ്ഗിനും ഷിബാഇനുവിനും ഒന്നിടവിട്ട ദിവസങ്ങളില്‍ നീന്തലും ട്രെഡ്മില്‍ എക്‌സര്‍സ്സൈസുമുണ്ട്. അഴകളവുകള്‍ നിലനിര്‍ത്തുവാന്‍ ഇത്തരം കായികാഭ്യാസം പ്രധാനമാണെന്ന് കിരണ്‍ പറഞ്ഞു. പഗ്ഗുകള്‍ക്ക് 8 മുതല്‍ 10 കിലോ വരെയും ഷിബാഇനുവിന് 14-15 കിലോ വരെയും ഭാരം നിലനിര്‍ത്തണം. അതിനായി പ്രത്യേക ഭാരനിര്‍ണ്ണയമുണ്ട്. തീറ്റയുടെ അളവുകള്‍ അപ്പോഴാണ് നിശ്ചയിക്കുന്നത്. ഭാര്യ ലസിതയും മക്കളായ കെമിത്തും, കാറ്റിലീനുമൊക്കെ കിരണിനെ കെന്നല്‍ കാര്യങ്ങളില്‍ സഹായിക്കുന്നു. ഇന്ന് കേരളത്തിലെ പഗ്ഗ് ബ്രീഡര്‍മാരില്‍ ഒന്നാമനായി മാറുവാന്‍ അവസരം കിട്ടിയത് ഭാഗ്യമെന്ന് കരുതുന്നു. അപൂര്‍വ്വ നായയായ ഷിബാഇനുവിനെ സ്വന്തമാക്കുവാനും പ്രജനനം നടത്തി വിജയിപ്പിക്കുവാനും കഴിഞ്ഞ് ഒരു ചെറിയനേട്ടമായി കരുതുന്നില്ല. കിരണിന്റെ കണ്ണുകളില്‍ അഭിമാനം തിളങ്ങുന്നു.

Related News