Web Desk

കൊച്ചി

January 27, 2021, 9:19 am

ഡോളര്‍ കടത്ത് കേസ്; എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Janayugom Online

ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിനെ റിമാന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിക്കും. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് എം. ശിവശങ്കര്‍. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം. ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. 

15 കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നും ഇക്കാരണത്താല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നുമായിരുന്നു ശിവശങ്കറിന്‍റെ വാദം. 

കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്‍റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്‍റെ നിര്‍ണായക നടപടികള്‍. മസ്‌കത്തിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരം സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ലഫീര്‍ മുഹമ്മദിന്‍റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സ്വപ്ന കോളേജില്‍ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നുവെന്നാണ് മൊഴി .

eng­lish sum­ma­ry : Dol­lar smug­gling case; M Shiv­ashankar will be pro­duced in court today
you may also like this video;