റെജി കുര്യന്‍

ന്യൂഡല്‍ഹി

May 25, 2020, 9:42 pm

ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു:മുന്നറിയിപ്പുകളില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു

Janayugom Online

രാജ്യത്ത് ഇന്നലെ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചു.ലോക്ഡൗണിന്റെ ഭാഗമായി സസ്പെന്‍ഡു ചെയ്തിരുന്ന ആഭ്യന്തര വാണിജ്യ വിമാന സര്‍വീസുകളാണ് രണ്ടു മാസങ്ങള്‍ക്കു ശേഷം പുനരാരംഭിച്ചത്. എന്നാല്‍ രാജ്യത്തെമ്പാടുമുള്ള വിമാന യാത്രക്കാര്‍ ഇന്നലെ ദുരിതത്തിലായി. അവസാന നിമിഷംവരെ മുന്നറിയിപ്പുകളൊന്നും നല്‍കാതെയാണ് സര്‍വീസുകള്‍ ആഭ്യന്തര വിമാന കമ്പനികള്‍ റദ്ദാക്കിയത്. ഡല്‍ഹിയില്‍നിന്നും കൊച്ചിയിലേക്ക് ഉള്‍പ്പെടെയുള്ള 82 സര്‍വീസുകളാണ് ഡല്‍ഹി ടെര്‍മിനല്‍ ത്രീയില്‍ റദ്ദാക്കിയത്. സര്‍വീസ് റദ്ദാക്കിയതോടെ യാത്രക്കാര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

ക്വാറന്റൈന്‍ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ആശയ കുഴപ്പമാണ് ഇതിന് പ്രധാന കാരണമായി ഉയര്‍ത്തി കാട്ടുന്നത്. ചില സംസ്ഥാനങ്ങള്‍ 14 ദിവസം ക്വാറന്റൈന്‍ വേണമെന്ന നിബന്ധന തുടരുന്നതും പുറത്തുനിന്നെത്തുന്ന യാത്രക്കാരെ അവരുടെ സംസ്ഥാനത്തേക്ക് എത്തുന്നതിനുള്ള വിയോജിപ്പും സര്‍വീസ് റദ്ദാക്കലിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിമാന യാത്രക്കാര്‍ക്ക് കേന്ദ്രം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. ആപ്പില്‍ പച്ച നിറമുണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാനാകൂ. ഇതിനു പുറമെ കൗണ്ടര്‍ ചെക്കിന്‍ ഒഴിവാക്കി വെബ് ചെക്കിന്‍ മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ എല്ലാ നിബന്ധനകളും പാലിച്ചെത്തിയവര്‍ക്കാണ് യാത്ര ചെയ്യാനാകാതെ വന്നത്.

മുംബൈ വിമാനത്താവളത്തില്‍ ആദ്യദിനം ആകെ 50 സര്‍വീസുകള്‍ മാത്രമേയുണ്ടാകൂ എന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത് അവസാനനിമിഷമാണ്. വിമാനങ്ങൾ റദ്ദാക്കിയതോടെ വിമാന താവളങ്ങളില്‍ കുടുങ്ങിയ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ചു.ചെന്നൈ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. , എല്ലായിടത്തും യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

Eng­lish Sum­ma­ry: Domes­tic flight resumed

You may also like this video: