അര്‍ജന്റീന ടീമില്‍ ആഭ്യന്തരപ്രശ്‌നങ്ങളും

Web Desk
Posted on June 22, 2019, 9:57 am

ബ്യൂണസ് അയേഴ്‌സ്: കോപ അമേരിക്ക ഫുട്‌ബോളില്‍ ഭാവി തുലാസിലായ അര്‍ജന്റീന ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങളും ഉടലെടുക്കുന്നു.
ടീമിന്റെ മോശം പ്രകടനത്തിനെതിരെയും പരിശീലകനെതിരെയും ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയരുന്നുണ്ട്. ഇതിനിടെയാണ് ടീമിലെ ഭിന്നതയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആദ്യ രണ്ടു കളികളില്‍ നിന്നും ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം. പാരഗ്വായ്‌ക്കെതിരെ ഭാഗ്യം കൊണ്ടാണ് ടീം രക്ഷപ്പെട്ടത്. മൂന്ന് ഗോള്‍ വഴങ്ങിയപ്പോള്‍ ഒരു ഗോളാണ് തിരിച്ചടിച്ചിട്ടുള്ളത്. ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെയാണ് അവസാന മത്സരത്തില്‍ ലയണല്‍ മെസിയും കൂട്ടരും നാളെ രാത്രി നേരിടേണ്ടത്. ജയത്തില്‍ കുറഞ്ഞ ഒന്നും അര്‍ജന്റീനക്ക് മുന്നോട്ടേക്ക് വഴി തുറക്കില്ല.
മുതിര്‍ന്ന കളിക്കാരും യുവ താരങ്ങളും തമ്മില്‍ ഭിന്നതയുണ്ടെന്ന് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,. സെര്‍ജിയൊ അഗ്വൂറോ, എയ്ഞ്ചല്‍ ഡി മരിയ തുടങ്ങിയ കളിക്കാരെ ബെഞ്ചിലിരുത്തി പാരഗ്വായ്‌ക്കെതിരെ യുവ കളിക്കാരെയാണ് കോച്ച് ലയണല്‍ സ്‌കലോണി ഇറക്കിയത്.
സ്‌കാലോണിയുടെ തന്ത്രങ്ങളും ഫോര്‍മേഷനും രൂക്ഷമായി വിമര്‍ശിക്കപ്പെന്നു. ടീമിന്റെ ഒന്നാമത്തെ ശത്രു പരിശീലകനാണെന്ന് മാധ്യമങ്ങള്‍ അഭിപ്രായപ്പെടുന്നു. അര്‍ജന്റീനയുടെ പ്രതിരോധ നിരയും ശക്തമായ പരിഹാസത്തിന് ഇരയാകുന്നു. ഖത്തറിന്റെ മിന്നല്‍ പ്രത്യാക്രമണങ്ങള്‍ക്കു മുന്നില്‍ ഈ പ്രതിരോധത്തിന് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.