Monday
20 May 2019

‘അമേരിക്കയില്‍ രാമരാജ്യം കൊണ്ടുവരാന്‍ കഴിയട്ടെ’

By: Web Desk | Wednesday 18 October 2017 2:52 PM IST


പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് അമേരിക്കയില്‍ രാമരാജ്യം കൊണ്ടുവരാന്‍ കഴിയട്ടെ ഇന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദു സമൂഹത്തിന്‍റെ ആശംസ.വൈറ്റ് ഹൗസില്‍ നടന്ന ദീപാവലി ആഘോഷത്തിന് ഇടയിലാണ് ട്രംപ് അനൂകുലികൂടിയായ വ്യവസായി ശലഭ് കുമാര്‍ ട്രംപിന് ആശംസകള്‍ നേര്‍ന്നത്.

ഹിന്ദു സമൂഹത്തിന്‍റെ ആഘോഷമായ ദീപാവലി ആശംസകള്‍ എല്ലാവര്‍ക്കും നേരുന്നതായി ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ദീപാവലി ആഘോഷിക്കുമ്പോള്‍ ഇന്ത്യക്കാരെ ഓര്‍ക്കുകയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധവും സ്‍നേഹത്തോടെ ഓര്‍ക്കുന്നു. -ട്രംപ് പറഞ്ഞു.ആഘോഷം സംഘടിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. അമേരിക്കയ്ക്ക് ഇന്ത്യന്‍-അമേരിക്കന്‍ സുഹൃത്തുക്കള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കല, ശാസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും അമേരിക്കന്‍ സൈന്യത്തിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു.

യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു.

അമേരിക്കന്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ദീപാവലി ആഘോഷത്തില്‍ ട്രംപിനൊപ്പം പങ്കെടുത്തു. ട്രംപിന്റെ മകള്‍ ഇവാങ്കയും ആഘോഷത്തിനെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് ആയ ഓവല്‍ ഓഫീസിലായിരുന്നു പരിപാടി.

ദീപാവലിയുടെ ഭാഗമായി ന്യൂ ജേഴ്‌സിയില്‍ അമേരിക്കയിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തെ ട്രംപ് അഭിസംബോധന ചെയ്യുകയും വിളക്ക് തെളിയിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ ഉപദേശകരിലൊരാള്‍ കൂടിയായ ഇവാങ്ക, ദീപാവലിയുടെ ഭാഗമായി വെര്‍ജീനിയയിലെയും ഫ്‌ളോറിഡയിലെയും ഹിന്ദു ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലം മുതലാണ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത്. അക്കാലത്ത് വൈറ്റ് ഹൗസിന്റെ ഭാഗമായ ഇന്ത്യ ട്രീറ്റി റൂം എന്നറിയപ്പെടുന്ന ഹാളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടത്താറുണ്ടായിരുന്നത്.

Related News