ഇന്ത്യ‑യുഎസ് പ്രതിരോധക്കരാർ നാളെ ഒപ്പിടും. കൊട്ടിഘോഷിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാസന്ദർശനത്തിൽ ഇതോടെ ഏറ്റവുമധികം നേട്ടം യുഎസ് ആയുധവ്യാപാരികൾക്കായി മാറും. പ്രതിരോധ മേഖലയിൽ അമേരിക്ക‑ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് അഹമ്മദാബാദില്‍ നമസ്തേ ട്രംപ് പരിപാടിയിൽ പറഞ്ഞു.
ഇന്ത്യ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ്. ലോകത്തിലെ ഏറ്റവും മികച്ച ആധുനിക ആയുധങ്ങൾ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യം ആലോചിക്കും. ഇന്ത്യയുമായുള്ള ബന്ധം വളർത്താനാണ് താൻ ഇന്ത്യയിലേക്ക് വന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ചർച്ചകൾ നടക്കും. ഇന്ത്യ തങ്ങളുടെ സുപ്രധാന പ്രതിരോധ പങ്കാളിയാവണമെന്ന് ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയുമായുള്ള വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണുള്ളതെന്നും ട്രംപ് അറിയിച്ചു. നാളെയാണ് ഇന്ത്യയും യുഎസും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ നടക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ 21,000 കോടിയിലേറെ രൂപയുടെ പ്രതിരോധ കരാറാണ് ഒപ്പിടുക. നാവികസേനയ്ക്കായി 24 എംഎച്ച്- 60 ആർ ഹെലികോപ്റ്ററുകൾ, കരസേനയ്ക്കായി ആറ് എഎച്ച് — 64 ഇ അപ്പാഷെ ഹെലികോപ്ടറുകൾ വാങ്ങുന്നത് ഉൾപ്പടെയുള്ള ഇടപാടുകൾ ഇതിൽ ഉൾപ്പെടും. 36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി ഇന്ന് പകൽ 11.40നാണ് ട്രംപും ഭാര്യ മെലാനിയയും എയർഫോഴ്സ് വൺ വിമാനത്തിൽ ഇന്ത്യയിലെത്തിയത്.
അഹമ്മദാബാദിലെ സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഇരുവരെയും സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം ഇരുനേതാക്കളും സന്ദർശിച്ചു. തുടർന്നാണ് മൊട്ടേറയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ നടന്ന നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്തത്. ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങൾ ഒരുക്കിയിരുന്നു. 22 കീലോമീറ്റർ ദൈർഘ്യമുളള റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി നല്‍കിയ ഉച്ചവിരുന്നില്‍ പങ്കെടുത്തു. തുടർന്ന് ട്രംപും കുടുംബവും ആഗ്രയിലെത്തി. താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ട് ഡല്‍ഹിയിലെത്തി. ഭാര്യ മെലാനിയക്ക് പുറമെ മകൾ ഇവൻക, ഇവൻകയുടെ ഭർത്താവ് ജെറദ് കുഷ്നർ തുടങ്ങി വലിയൊരു പ്രതിനിധി സംഘവും ട്രംപിനൊപ്പമുണ്ട്.
English Summary; Donald Trump India visit; defence deal with India
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.