കാശ്മീര്‍ പ്രശ്‌നത്തില്‍ താന്‍ മദ്ധ്യസ്ഥത  വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു് ; ആവശ്യമില്ലെന്ന് ഇന്ത്യ

Web Desk
Posted on August 02, 2019, 10:33 am

ന്യൂഡല്‍ഹി : കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മദ്ധ്യസ്ഥത  വഹിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.വേണ്ടെന്ന് ഇന്ത്യയുടെ മറുപടി.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും മോദിക്കും പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനും ഇടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ താന്‍ ഇപ്പോഴും തയാറാണെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് തന്റെ വാഗ്ദാനം പിന്നെയും മുന്നോട്ടുവച്ചത്.

‘ഇക്കാര്യം തീരുമാനിക്കേണ്ടത് മോദിയാണ്. ഞാന്‍ പ്രധാനമന്ത്രി ഖാനുമായി സംസാരിച്ചിരുന്നു. അത് നല്ലൊരു കൂടികാഴ്ചയായിരുന്നു. മോദിയും ഖാനും വളരെ നല്ല ആളുകളാണ്. അവര്‍ക്ക് നല്ല രീതിയില്‍ സഹകരിച്ച് മുന്നോട്ട് പോകാനാകും എന്നാണ് ഞാന്‍ കരുതുന്നത്. കാശ്മീര്‍ വിഷയത്തില്‍ അവരെ സഹായിക്കാനും അതില്‍ ഇടപെടാനും അവര്‍ക്ക് ആരെയെങ്കിലും വേണമെങ്കില്‍…ഞാന്‍ ഇക്കാര്യം ഖാനുമായി സംസാരിച്ചിരുന്നു. ഇന്ത്യയോടും ഞാന്‍ ഇതേ കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഈ യുദ്ധം. ഏറെ നാളുകളായി നടക്കുകയാണ്.’ ട്രംപ് പറയുന്നു.

കശ്മീരിന്റെ കാര്യം താന്‍ മോദിയുമായി സംസാരിച്ചിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഇതിന് മുന്‍പ്, കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് പറഞ്ഞിരുന്നു. ജൂലൈ 22ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച്ചയ്ക്കിടയിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ മോദി ഇങ്ങനെയൊരു ആവശ്യം ട്രംപിനോട് ഉന്നയിച്ചിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാശ്മീരിനെ കുറിച്ച് ഒന്നും മോദി ട്രംപിനോട് സംസാരിച്ചിട്ടില്ല എന്നും ഇന്ത്യ വ്യക്തമാക്കി. സിംലാകരാറിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും പാകിസ്ഥാനും മാത്രമാണ് കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചക്കിരിക്കേണ്ടത്. മൂന്നാമതൊരുകക്ഷിയുടെ ഇടപെടല്‍ ഇന്ത്യ അംഗീകരിക്കുന്നില്ല.
മോഡി സഹായം ചോദിച്ചതായ ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധമുണ്ടായിരുന്നു. ട്രംപിന്റെ വാഗ്ദാനം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നായിരുന്നു ഇമ്രാന്‍ഖാന്റെ അഭിപ്രായം പാകിസ്ഥാന്‍ പ്രതീക്ഷിച്ചതിലും ഒരുപാട് കൂടുതലാണ് ട്രംപിന്റെ വാഗ്ദാനമെന്ന് പാക് വിേേദശകാര്യമന്ത്രി മഹമൂദ് ഖുറേഷിയും പ്രതികരിച്ചിരുന്നു.
കാശ്മീര്‍ പ്രശ്‌നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും മധ്യസ്ഥന്റെ ആവശ്യമില്ലെന്നും ഇന്ത്യ യുഎസ് വിദേശകാര്യസെക്രട്ടറിയെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു.