Monday
16 Sep 2019

യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി വര്‍ധിപ്പിച്ചത് അംഗീകരിക്കാനാകില്ല

By: Web Desk | Thursday 27 June 2019 5:49 PM IST


സിംഗപ്പൂര്‍ : യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി വര്‍ധിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്നും തീരുവ കൂട്ടിയ നടപടി പിന്‍വലിക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ജി 20 ഉച്ചകോടിക്കിടെ നാളെ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ ട്വീറ്റ്. വര്‍ഷങ്ങളായി ഉയര്‍ന്ന നികുതിയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അത് വീണ്ടും വര്‍ധിപ്പിച്ചു. ഇത് അംഗീകരിക്കാനാകില്ല. വര്‍ധന പിന്‍വലിക്കണം ട്വീറ്റില്‍ ട്രംപ് വ്യക്തമാക്കി.

ആല്‍മണ്ട്, വാള്‍നട്ട്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങി അമേരിക്കയുടെ 29 ഉത്പന്നങ്ങള്‍ക്കാണ് ഇന്ത്യ നികുതി വര്‍ധിപ്പിച്ചത്.ഇന്ത്യക്ക് നല്‍കിവന്നിരുന്ന വ്യാപാര ഇളവുകള്‍ അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇന്ത്യ റഷ്യയുമായി മിസൈല്‍ കരാറില്‍ ഏര്‍പ്പെട്ടതിലുള്ള അനിഷ്ടവും ഇത്തരം നീക്കത്തിനിടയാക്കി. നേരത്തെ ഇന്ത്യയെ താരിഫ് കിംഗ് എന്ന് വിശേഷിപ്പിച്ച ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും നികുതി ഉയര്‍ത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ വന്ന ഉടനെയാണ് വ്യാപാര ഇളവുകള്‍ യുഎസ് പിന്‍വലിച്ചത്.

ജി 20 ഉച്ചകോടിക്കിടെ ഇരു നേതാക്കളും നാളെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. നരേന്ദ്ര മോദി രണ്ടാം തവണയും അധികാരത്തില്‍ വന്നതിന് ശേഷം ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. അടുത്തിടെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായായിരുന്നു അദ്ദേഹത്തിന്റെ കൂടിക്കാഴ്ച.

Related News