വിദ്വേഷ രാഷ്ട്രീയംതന്നെ അവിടെയും ആയുധം

Web Desk
Posted on August 12, 2019, 9:38 pm
Rajaji mathew thomas

രാജാജി മാത്യു തോമസ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജൂലൈ 16ന് തന്റെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔപചാരികമായ തുടക്കം കുറിച്ചു. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലി അതിലുയര്‍ന്ന മത, വര്‍ണ, വംശ വിദേ്വഷ പ്രകടനംകൊണ്ട് രാജ്യത്തെയും ലോകത്തെയും അമ്പരപ്പിക്കാന്‍ പോന്നതായിരുന്നു. റാലിക്ക് മുമ്പുതന്നെ മത, വര്‍ണ, വംശ വിദേ്വഷം ആളിക്കത്തിക്കാന്‍ ട്രംപ് തന്നെ മുന്‍കൈെയടുത്തിരുന്നു. യുഎസ് പ്രതിനിധി സഭയിലെ നാല് വനിതകള്‍ക്കെതിരെ ട്രംപ് നടത്തിയ കടന്നാക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി നിര്‍ണയിക്കുന്നതായിരുന്നു. ഒര്‍ലാന്‍ഡോ റാലിയില്‍ വെളുത്തവരല്ലാത്ത ആ നാല് പ്രതിനിധി സഭാംഗങ്ങളും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന് ഉന്‍മാദികളെപ്പോലെ ജനക്കൂട്ടം മുറവിളി കൂട്ടി. അത് 2020ല്‍ നടക്കാന്‍ പോകുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അന്തരീക്ഷം എന്തായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അജണ്ട നിര്‍ണയിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. തന്റെ വോട്ട്ബാങ്കെന്ന് ട്രംപ് കരുതുന്ന വെള്ളക്കാരായ ക്രിസ്ത്യാനികളുടെ മേധാവിത്വവും വരത്തന്‍മാരും നിറമുള്ളവരും കുടിയേറ്റക്കാരും ഇസ്‌ലാമിക ഭീകരരും കമ്മ്യൂണിസ്റ്റുകാരും ഉള്‍പ്പെട്ട ചേരിയുമായുള്ള പോരാട്ടമായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് വരുത്തിതീര്‍ക്കലാണ് ട്രംപിന്റെ ലക്ഷ്യം. അതീവ ഗുരുതരമായ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന യുഎസിന്റെയും ലോകത്തിന്റെയും ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് അംഗീകരിക്കാന്‍ ട്രംപ് വിസമ്മതിക്കുന്നു. വെളുത്തവരും ഇതര വര്‍ണക്കാരും തമ്മിലുള്ള ഭിന്നത മുതലെടുത്ത് രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍ യുഎസ് ചരിത്രത്തിലുടനീളം ശ്രമം നടന്നിട്ടുണ്ട്. മത, വര്‍ണ, വംശ വിദേ്വഷത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയം ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകമായി മാറുന്നത് ആഗോള പ്രതിഭാസമായിരിക്കുന്നു. യുഎസും യുകെയും ഇന്ത്യയും ഒരേ പാതയിലാണ് സഞ്ചരിക്കുന്നതെന്നത് യാദൃശ്ചികതയല്ല. മറിച്ച് ആഗോളീകരണത്തിന്റെ പുതിയ മുഖമാണിതെന്ന് പറയേണ്ടി വരും.

‘യുഎസില്‍ വെള്ളക്കാര്‍ അപകടത്തിലാണ്. അമേരിക്ക മഹത്തായി നിലനില്‍ക്കണമെങ്കില്‍, ഒന്നാം സ്ഥാനത്ത് തുടരണമെങ്കില്‍, വെള്ളക്കാരുടെ അപ്രാമാദിത്വം നിലനില്‍ക്കണം. അതിനെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത് കറുത്തവരും ഇതര വര്‍ണക്കാരും ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ഹിസ്പാനിക്കുകളും മറ്റു കുടിയേറ്റക്കാരുമാണ്. സ്വവര്‍ഗരതിക്കാരും ഭിന്നലിംഗക്കാരും ഗര്‍ഭഛിദ്രം അവകാശമായി കാണുന്നവരും മുസ്‌ലിങ്ങളും വെളുത്ത അമേരിക്കയുടെ ശത്രുക്കളാണ്. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും വൈവിധ്യവും പുരോഗമന-മതനിരപേക്ഷ ആശയങ്ങളും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരങ്ങളും വെള്ളക്കാരുടെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് എതിരാണ്. അത്തരക്കാരെ സ്വാധീനിക്കുന്ന സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ അമേരിക്കയ്ക്ക് അപകടമാണ്’. അത്തരം ഒരു രാഷ്ട്രീയ ആഖ്യാനത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തെ വഴിതിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമത്തിലാണ് ട്രംപും യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍ നേതൃത്വവും. മുസ്‌ലിങ്ങളും മതന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകാരും മതനിരപേക്ഷതയും രാഷ്ട്രത്തിനും ഭാരതീയ സംസ്‌കാരത്തിനും ഭീഷണിയാണെന്നും അത്തരക്കാര്‍ രാജ്യം വിടണമെന്നുമുള്ള സംഘ്പരിവാര്‍ ആഹ്വാനത്തിന്റെ സമാന്തരമാണ് യുഎസ് തെരഞ്ഞെടുപ്പില്‍ അരങ്ങേറുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സഹസ്രാബ്ദങ്ങളായി പുലര്‍ന്നുവരുന്ന ദളിത്-ആദിവാസി സമൂഹങ്ങള്‍ തീവ്ര ഹിന്ദുത്വ യാഥാസ്ഥിതികത്വത്തിന് വിധേയരായി രണ്ടാംതരം പൗരന്‍മാരായി ജീവിക്കണമെന്ന സംഘ്പരിവാര്‍ സമീപനത്തിന് സമാനമാണ് യുഎസില്‍ നടക്കുന്നത്. വെള്ളക്കാരുടെ ക്രിസ്ത്യന്‍-വംശീയ മേധാവിത്വം നാന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും അടിമകളാക്കി അമേരിക്കന്‍ ഭൂഖണ്ഡത്തിലെത്തിച്ച കറുത്തവരോടുള്ള സമീപനത്തില്‍ വ്യത്യസ്തമല്ല ഇത്. അതിന്റെ വേറിട്ടൊരു ആഖ്യാനത്തിനാണ് യൂറോപ്പും സാക്ഷ്യം വഹിക്കുന്നത്.
ട്രംപിനെ അധികാരത്തിലേറ്റിയ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുഎസ് രാഷ്ട്രീയ ചരിത്രത്തിലെ കാലപ്പകര്‍ച്ചയെയാണ് അടയാളപ്പെടുത്തുന്നത്. റിപ്പബ്ലിക്കന്‍മാരും ഡമോക്രാറ്റുകളും ഉള്‍പ്പെട്ട ദ്വികക്ഷി യുഎസ് രാഷ്ട്രീയത്തില്‍ വിപ്ലവകരമായ പരിവര്‍ത്തനത്തിന് ആ തെരഞ്ഞെടുപ്പ് നാന്ദി കുറിച്ചു.

ഡമോക്രാറ്റിക് പാര്‍ട്ടിക്ക് പുറത്തുനിന്നും പാര്‍ട്ടി സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി കടുത്ത മത്സരം കാഴ്ചവച്ച ബേണി സാന്‍ഡേഴ്‌സ് ആ പാര്‍ട്ടിയുടെ പരമ്പരാഗത രാഷ്ട്രീയ ആഖ്യാനത്തിനുനേരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. യാഥാസ്ഥിതിക ഡമോക്രാറ്റിക് പാര്‍ട്ടി നേതൃത്വത്തിന് ഹിലരി ക്ലിന്റന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനായെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയയില്‍ മൗലികമാറ്റത്തിന് പാര്‍ട്ടി നിബന്ധിതരായി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ‘സൂപ്പര്‍ ഡെലിഗേറ്റു‘കള്‍ക്കുള്ള ആധിപത്യത്തിന് അതോടെ അറുതിയായി. വാള്‍സ്ട്രീറ്റിനും കോര്‍പ്പറേറ്റ് സംഭാവനകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കും അപ്പുറം ജനകീയ പ്രശ്‌നങ്ങള്‍ക്കും അവയുടെ പരിഹാരത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്കും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രാധാന്യം കൈവന്നു. യുഎസ് രാഷ്ട്രീയത്തില്‍ ദൈവനിന്ദയ്ക്കു തുല്യമായി വെറുക്കപ്പെട്ടിരുന്ന വിപ്ലവം, സോഷ്യലിസം എന്നീ സംജ്ഞകള്‍ക്കും, ആശയങ്ങള്‍ക്കും സ്വീകാര്യത കൈവന്നു. തൊഴിലാളികളും അവരുടെ അവകാശ സമരങ്ങളും യൂണിയനുകളും തൊഴില്‍രഹിതരും ഭവനരഹിതരും സ്ത്രീകളും ഇതരലിംഗക്കാരും ഇതര വര്‍ണ‑വംശ‑മത വിഭാഗങ്ങളും, രാഷ്ട്രീയ വ്യവഹാരത്തിന്റെ മുന്‍നിരയിലേക്ക് ആനയിക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം സെനറ്റിലേക്കും ജനപ്രതിനിധി സഭയിലേക്കും നടന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഇതര വര്‍ണ‑വംശ‑മത വിഭാഗങ്ങളില്‍പ്പെട്ട വനിതകളടക്കം ഒരു പുതുനിര രാഷ്ട്രീയ പ്രവര്‍ത്തകരുടെ കടന്നുവരവിന് വഴിയൊരുക്കി. അയന്ന പ്രസ്‌ലെ, ഇല്‍ഹാന്‍ ഒമര്‍, അലക്‌സാഡ്രിയ ഒകാസിയോ-കോര്‍ട്ട്‌സ്, റഷിദ തല്ബ് എന്നീ യുവതികള്‍ ജനപ്രതിനിധി സഭയിലും പുറത്തും ട്രംപ് വിമര്‍ശനത്തിന്റെയും പുതിയ ജനകീയ രാഷ്ട്രീയത്തിന്റെയും വക്താക്കള്‍ എന്ന നിലയില്‍ രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അവരുടെ മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ ട്രംപടക്കം യാഥാസ്ഥിതിക രാഷ്ട്രീയ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചു. വെള്ളക്കാരുടെ വലതുപക്ഷ ക്രിസ്ത്യന്‍ അപ്രമാദിത്വവും അവരുടെ പിന്തിരിപ്പന്‍ സാമ്പത്തിക‑രാഷ്ട്രീയ നയങ്ങളും ഇതര വര്‍ണ‑വംശ‑മത വിഭാഗങ്ങളോടും കുടിയേറ്റക്കാരോടുമുള്ള വിദ്വേഷ പ്രചരണവും മനുഷ്യാവകാശ ധ്വംസനങ്ങളുമാണ് മൂര്‍ച്ചയേറിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്. യുഎസ് യാഥാസ്ഥിതിക കേന്ദ്രങ്ങളുടെയും ഭരണകൂടത്തിന്റെയും ഇസ്രയേല്‍ അനുകൂല, പലസ്തീന്‍ വിരുദ്ധ നയ സമീപനങ്ങളും ഇറാനെതിരായ യുദ്ധസന്നാഹങ്ങളും പരസ്യമായി ചോദ്യം ചെയ്യപ്പെട്ടു.

യുഎസ് രാഷ്ട്രീയത്തില്‍ അന്യാദൃശ്യമായ ഈ ഉണര്‍വ് ട്രംപിനെയും കൂട്ടാളികളെയും വല്ലാതെ ചൊടിപ്പിച്ചതില്‍ അത്ഭുതമില്ല. പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശനങ്ങള്‍ക്കുള്ള പ്രത്യാക്രമണമാണ് ട്രംപ് വിദേ്വഷ പ്രചാരണത്തിന് ആക്കം കൂട്ടിയത്. വെള്ളക്കാരല്ലെങ്കിലും വന്‍ ജനസമ്മതിയോടെ ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നാലു വനിതകളും ‘തങ്ങളുടെ കുറ്റകൃത്യങ്ങള്‍ നിറഞ്ഞ രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകണ’മെന്ന് ട്രംപ് പറയുന്നു. അവര്‍ നാലുപേരും യുഎസ് പൗരാരാണെന്ന് വിസ്മരിച്ചുകൊണ്ടുള്ള വിദ്വേഷ പ്രചരണമാണ് ട്രംപ് കെട്ടഴിച്ചുവിട്ടത്. അവരില്‍ ഇല്‍ഹന്‍ ഒമര്‍ ഒഴികെ മൂന്നുപേരും യുഎസില്‍ ജനിച്ചുവളര്‍ന്നവരാണ്. ആ രാജ്യത്ത് ജനിച്ചുവളര്‍ന്നവര്‍ക്ക് പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനാ വ്യവസ്ഥ അറിയാതെയല്ല ട്രംപിന്റെ വിദേ്വഷപ്രചരണം. ഇല്‍ഹന്‍ ഒമര്‍ ആകട്ടെ എട്ട് വയസില്‍ സോമാലിയയില്‍ നിന്നും അഭയാര്‍ഥിയായി യുഎസില്‍ എത്തി സ്വാഭാവിക പൗരത്വം നേടിയ വനിതയാണ്. അവരോട് മടങ്ങിപ്പോകാന്‍ ട്രംപ് ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ ‘വിനാശകരവും അഴിമതി നിറഞ്ഞതും അസംബന്ധ’വുമായ അവസ്ഥയ്ക്ക് യുഎസും പാശ്ചാത്യ സാമ്രാജ്യത്വവും ഉത്തരവാദികളാണെന്നതും ട്രംപ് സൗകര്യപൂര്‍വം വിസ്മരിക്കുന്നു.
വരാന്‍പോകുന്ന യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി താന്‍ തന്നെയായിരിക്കും എന്ന് ട്രംപ് ഉറപ്പുവരുത്തിയിരിക്കുന്നു. ഇന്ത്യയില്‍ നരേന്ദ്രമോഡി എന്നതുപോലെ ട്രംപ് അധികാരം ഏറ്റതോടെ തന്നെ 2020ലെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രചാരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഭരണത്തേക്കാളേറെ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതിനാണ് ട്രംപ് ഊന്നല്‍ നല്‍കിയിരുന്നത്. ചരിത്രത്തില്‍ മുമ്പൊരിക്കലും ഇല്ലാത്തവിധം ദശലക്ഷക്കണക്കിന് ഡോളറിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിച്ച് പ്രതിയോഗികളെ ഏറെ പിന്തള്ളി നിലയുറപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അധികാരത്തിന്റെ രണ്ടര കൊല്ലം പിന്നിടുമ്പോഴേക്കും റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളായ ഓരോ സംസ്ഥാനത്തും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ശരാശരി ആറ് കൂറ്റന്‍ റാലികള്‍ ട്രംപ് ഇതിനകം സംഘടിപ്പിച്ചു കഴിഞ്ഞു. അവിടെയെല്ലാം വംശ‑വര്‍ണ‑മത വിദ്വേഷത്തിന്റെ വിഷക്കാറ്റ് വമിപ്പിക്കാനും അയാള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയം ഉറപ്പുവരുത്തിയ റഷ്യന്‍ ഇടപെടലുകളെക്കുറിച്ച് പ്രതേ്യക പ്രോസിക്യൂട്ടര്‍ മ്യൂളറുടെ അനേ്വഷണം പുരോഗമിക്കുകയാണ്. അതിന്റെ ഫലം ട്രംപിന് ഒട്ടും അനുകൂലമാവില്ലെന്ന സൂചനകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ ട്രംപിനെതിരെ കോണ്‍ഗ്രസില്‍ വിചാരണ നടപടികള്‍ക്ക് ഒന്നിലധികം തവണ ശ്രമം നടന്നു. യുഎസ് ചരിത്രത്തില്‍ ഒരു പ്രസിഡന്റിനും നേരിടേണ്ടി വന്നിട്ടില്ലാത്ത എതിര്‍പ്പാണ് അധികാരം ഏറ്റതുമുതല്‍ ട്രംപ് അഭിമുഖീകരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പഠനങ്ങള്‍ പലതും ട്രംപിന്റെ ജനസമ്മതി അനുദിനം ഇടിയുന്നതായാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ യാഥാസ്ഥിതിക ക്രിസ്ത്യന്‍ വെള്ളക്കാരുടെ ഏകീകരണം ശക്തമാവുകയാണ്. അതുതന്നെയാണ് വിദേ്വഷം വമിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ട്രംപിന് കരുത്തുപകരുന്നത്.

ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം സ്ഥാനാര്‍ഥിത്വത്തിനുവേണ്ടി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നേതാക്കളുടെ നിര തന്നെ രംഗത്തുണ്ട്. ഇരുപതോളം വരുന്ന ആ നിരയില്‍ മുന്‍ യുഎസ് വൈസ്പ്രസിഡന്റ് ജോ ബൈഡന്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കമല ഹാരിസ്, സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്നു. വാശിയേറിയ ഈ മത്സരത്തില്‍ ആരു വിജയിക്കുമെന്നതായിരിക്കും 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഗതിവിഗതികള്‍ നിര്‍ണയിക്കുക.