പ്രസിഡന്റ് ട്രംപിന്റെ അധികപ്രസംഗം ലണ്ടന്‍ മേയറോടും

Web Desk
Posted on June 30, 2019, 10:38 pm
lokajalakam

1776 വരെ ഇന്ത്യയെപ്പോലെ ഒരു ബ്രിട്ടീഷ് കോളനിയായിരുന്ന യുഎസ്എ എന്ന അമേരിക്കയുടെ ഇതുവരെയുള്ള 45 പ്രസിഡന്റുമാരില്‍ ആദ്യത്തെ മൂന്നാം കൊല്ലം തന്നെ വീണ്‍വാക്കിനും അവിവേകത്തിനും ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെപ്പോലെ കുപ്രസിദ്ധി നേടിയ മറ്റൊരാള്‍ ഇല്ലെന്നു പറഞ്ഞാല്‍ അത് ഏതാണ്ട് ഏകകണ്ഠമായ ഒരു വിലയിരുത്തല്‍ തന്നെയായിരിക്കുമെന്ന് ഉറപ്പിക്കാം. തന്റെ സ്വന്തം സമ്പാദ്യത്തിന്റെ ബലത്തില്‍ തെരഞ്ഞെടുപ്പ് വിജയിച്ചെന്ന അഹന്തയില്‍ നിന്ന് ഉടലെടുത്ത ധിക്കാരം തന്നെയായിരിക്കണം അത്.

അഞ്ച് ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കന്‍ വിസ നിരോധിക്കാനും അയല്‍പക്കത്തുള്ള മെക്‌സിക്കോയില്‍ നിന്ന് കുടിയേറ്റക്കാരെ തടഞ്ഞുനിര്‍ത്താന്‍ മൈലുകളുടെ ദൈര്‍ഘ്യമുള്ള അതിര്‍ത്തി മുഴുവന്‍ ഒരു വന്‍ മതില്‍ക്കെട്ടിലൂടെ കൊട്ടിയടയ്ക്കാനും കോണ്‍ഗ്രസിന്റെ (പാര്‍ലമെന്റ്) അധോസഭയുടെ തീരുമാനത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന അവിവേകമോ ഒന്നും മാത്രമല്ല ഈ ശതകോടീശ്വരന് ഇങ്ങനെയൊരു ‘സല്‍പ്പേര്’ നേടിക്കൊടുത്തിട്ടുള്ളത്.

രണ്ടാം ലോകമഹായുദ്ധം യൂറോപ്പില്‍ അവസാനിക്കുകയും മറ്റൊരു പ്രതിയോഗിയായ ജപ്പാന്‍ കീഴടങ്ങലിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയും ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബിട്ട് പതിനായിരങ്ങളെ ഞൊടിയിടയിലും അതിലുമധികം പേരെ ഇഞ്ചിഞ്ചായും കൊലപ്പെടുത്തിയ ഹാരിട്രുമാനുപോലും ഇത്തരമൊരു ‘അഭിനന്ദനം’ കിട്ടിയിരുന്നില്ല. സ്വന്തം മകളും മരുമകനും ഉള്‍പ്പെടെയുള്ള സ്വന്തക്കാരെ സര്‍ക്കാരിന്റെ ഉന്നതസ്ഥാനങ്ങളില്‍ കുടിയിരുത്തിയ ഒരു പ്രസിഡന്റും അമേരിക്കന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ശതകോടീശ്വരനെന്ന അഹന്തയാണോ അദ്ദേഹത്തെ ഇതിനെല്ലാം പ്രോത്സാഹിപ്പിക്കുന്നതെന്ന് ഉറപ്പിച്ചു പറയാനാവില്ല.

തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത വിദേശരാജ്യങ്ങള്‍ക്കെതിരായി വൈരനിര്യാതന ബുദ്ധിയോടെയുള്ള സംഹാര നടപടികള്‍ക്ക് മുതിര്‍ന്ന പ്രസിഡന്റുമാര്‍ മുമ്പും ഉണ്ടായിരുന്നു. ജപ്പാനില്‍ ആറ്റംബോംബ് ഇടാന്‍ മുതിര്‍ന്ന ട്രുമാന്‍ തന്നെയാണ് 1950ല്‍ വടക്കന്‍ കൊറിയ പിടിച്ചെടുക്കാന്‍ ഒരു യുദ്ധം ആരംഭിച്ചത്. (വടക്കന്‍ കൊറിയയാണ് യുദ്ധം തുടങ്ങിയതെന്നാണ് പാശ്ചാത്യപ്രചരണം). ആ പാരമ്പര്യം പ്രസിഡന്റ് ട്രംപ് തുടരുന്നുമുണ്ട്. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ ജോര്‍ജ് ബുഷ് ഇറാഖിലും മറ്റും പ്രദര്‍ശിപ്പിച്ച ശൗര്യവും നാല് പതിറ്റാണ്ടു മുമ്പ് ജിമ്മി കാര്‍ട്ടര്‍ ഇറാനില്‍ തുടങ്ങിവച്ച ശത്രുസംഹാരവും ട്രംപിന് മാതൃകയുമാണല്ലൊ. ട്രംപിന്റെ യുദ്ധം പ്രത്യേകതരത്തിലുള്ളതാണെന്നു മാത്രം. അമേരിക്കയെ എല്ലാറ്റിലും ഒന്നാമതെത്തിക്കാന്‍ ദൃഢപ്രതിജ്ഞയുമായി ഇറങ്ങിത്തിരിച്ചിട്ടുള്ള ഈ ഭരണാധികാരി എതിരെന്ന് താന്‍ കരുതുന്ന രാജ്യങ്ങള്‍ക്കെല്ലാം എതിരായി ഉപരോധം ഏര്‍പ്പെടുത്തുന്ന തിരക്കിലാണ്. ചൈനയോടാണ് ഇപ്പോള്‍ യുദ്ധത്തിന്റെ കുന്തമുന തിരിച്ചിട്ടുള്ളതെങ്കിലും ട്രംപിന്റെ സ്ഥാനത്തിനുള്ള പോരാട്ടത്തിലെ വിജയത്തിന് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഹിലാരി ക്ലിന്റനെതിരായ കുപ്രചരണത്തിലൂടെ ട്രംപിനെ സഹായിച്ചെന്ന ആരോപണമുള്ള റഷ്യ ഉള്‍പ്പെടെ ഇറാന്‍, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരായും വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ അദ്ദേഹം മടിക്കുന്നില്ല. റഷ്യയിലെ നിരവധി ഉന്നത സ്ഥാനക്കാരും ഇപ്പോള്‍ ട്രംപിന്റെ വിലക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്.
വിലക്കുകള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ മാന്യരായ നേതാക്കളെയും ട്രംപ് ഇപ്പോള്‍ എതിര്‍ക്കപ്പെടേണ്ടവരുടെ ലിസ്റ്റില്‍പ്പെടുത്തിയിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടനിലേക്കാണ് അദ്ദേഹം ഇപ്പോള്‍ തന്റെ നോട്ടം തിരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ ആദ്യം അദ്ദേഹം അവിടേക്ക് ഒരു ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു. ആ അവസരത്തില്‍ അദ്ദേഹം തലസ്ഥാനമായ ലണ്ടനില്‍ വിമാനം ഇറങ്ങാന്‍ കൂട്ടാക്കാതിരുന്നതിന്റെ രഹസ്യം ഇപ്പോള്‍ പരസ്യമായിട്ടുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം ലണ്ടനിലെ മേയര്‍ അദ്ദേഹത്തെ സ്വീകരിക്കേണ്ടതായിരുന്നു. ആ ചടങ്ങ് ഒഴിവാക്കാനാണ് അദ്ദേഹം മറ്റൊരു എയര്‍പോര്‍ട്ടിലേക്ക് തന്റെ വിമാനം തിരിച്ചുവിട്ടത്. ഇതിന് കാരണമെന്തെന്ന് അറിയുമ്പോഴാണ് ലോകത്തിലെ ഏറ്റവും വന്‍ ശക്തിയായ അമേരിക്കയുടെ അല്‍പ്പത്തരം വെളിച്ചത്താകുന്നത്. ലണ്ടന്‍ മേയര്‍ സാദിക്ക് ഖാനോടുള്ള അദ്ദേഹത്തിന്റെ വെറുപ്പിന്റെ ആഴം വെളിച്ചത്താക്കുന്ന ഒരു സംഭവമാണിത്.

2016 മെയ് ഒന്‍പതിനാണ് സാദിക്ക് ഖാന്‍ ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത കൊല്ലം 2017 ജനുവരി 20നാണ് ട്രംപ് യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. അന്നുതന്നെ ട്രംപ് ലണ്ടന്‍ മേയറെ തന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്തെങ്കിലും വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നില്ല ഈ ശത്രുത.
സാദിക്ക് ഖാന്‍ ഒരു ഇന്ത്യ‑പാക് വംശജനാണെന്നത് മാത്രമാണ് ലണ്ടന്‍ മേയറായി സ്ഥാനമേറ്റ അദ്ദേഹത്തോടുള്ള ട്രംപിന്റെ അതൃപ്തിക്ക് ഒരേയൊരു കാരണം. അവര്‍ തമ്മില്‍ മറ്റ് മുജ്ജന്മവൈരാഗ്യമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. അദ്ദേഹത്തിന്റെ പിതാവിന്റെ കുടുംബം ഇന്ത്യ‑പാക് വിഭജനത്തിനുശേഷം ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറ്റം നടത്തിയതാണ്. ഇന്ത്യയിലെന്നപോലെ പാകിസ്ഥാനിലെത്തിയശേഷവും അധ്വാനിച്ച് ജീവിച്ചിരുന്ന ആളുകളാണ്. അദ്ദേഹത്തിന്റെ പിതാവ് അമാനുള്ളയും മാതാവ് സെഹറുന്‍ബീവിയും. 1968ലാണ് ഈ കുടുംബം ലണ്ടനിലെത്തിയത്. അമാനുള്ള ഖാന്‍ ഇന്ത്യന്‍-പാകിസ്ഥാന്‍ വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന തെക്കന്‍ ലണ്ടനിലാണ് ജീവിക്കാന്‍ ഒരു ഇടം കണ്ടെത്തിയത്. ഒരു ബസ് ഡ്രൈവറായി അവിടെ പണിയെടുത്തുകൊണ്ടുള്ളതായിരുന്നു അമാനുള്ളയുടെ ജീവിതം. അമാനുള്ളയുടെ എട്ട് മക്കളില്‍ അഞ്ചാമനായാണ് സാദിക്ക് ഖാന്‍ ജനിച്ചത്. വളരെ ബദ്ധപ്പെട്ടാണെങ്കിലും സമര്‍ത്ഥനായ ഈ വിദ്യാര്‍ഥി സ്‌കൂള്‍ — കോളജ് വിദ്യാഭ്യാസം ഉയര്‍ന്നനിലയില്‍ തന്നെ പൂര്‍ത്തിയാക്കി. വടക്കന്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമബിരുദം നേടിയ സാദിക്ക് പഠനകാലത്തും ഒരു ജോലിയിലേര്‍പ്പെട്ട് മാതാപിതാക്കളെ സഹായിച്ചിരുന്നു.

പഠനകാലത്തുതന്നെ വംശീയവിദ്വേഷത്തിനെതിരായ പോരാട്ടത്തില്‍ സജീവമായിരുന്ന ഈ യുവാവ് ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഒരു നല്ല അഭിഭാഷകനായി പ്രശസ്തി നേടിയിരുന്ന സാദിക്ക് ഖാന്‍ ദീര്‍ഘകാലം ലണ്ടന്‍ നഗരസഭാംഗമായി സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് 2005ല്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചത്. 2005 മുതല്‍ 2016 വരെ കോമണ്‍സ് സഭയില്‍ അദ്ദേഹം അംഗമായിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ഇടതുപക്ഷത്തായിരുന്ന സാദിക്ക് അന്നത്തെ ലേബര്‍ പ്രധാനമന്ത്രി ടോണിബ്ലെയര്‍ വിചാരണ കൂടാതെ 90 ദിവസം ഏതൊരാളെയും തടവില്‍വയ്ക്കാന്‍ അനുവദിക്കുന്ന നിയമത്തെ എതിര്‍ത്തു തോല്‍പ്പിച്ചവരുടെ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ‘സ്‌പെക്‌ടേറ്റര്‍’ മാസികയുടെ ‘പുതുമുഖ’ അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കുകയും ചെയ്തിരുന്നു.

പ്രസിദ്ധമായ ടൈം വാരികയുടെ ‘ലോകത്തിലെ ഏറ്റവും പേരുകേട്ട നൂറുപേരുടെ പട്ടികയിലും സാദിക്ക് ഖാന്‍ ഉള്‍പ്പെട്ടിരുന്നുവെന്നത് പ്രത്യേകം എടുത്തുപറയേണ്ട സംഗതിയാണ്.
ഇതിനിടയിലാണ് 2016 ല്‍ സാദിക്ക് ഖാന്‍ ലണ്ടന്‍ മേയറായും തെരഞ്ഞെടുക്കപ്പെട്ടത്, പ്രശസ്തനായ ബോറിഡ് ജോണ്‍സന്റെ പിന്‍ഗാമിയായി സാദിക്ക് ഖാന്‍ ഈ സ്ഥാനത്തെത്തിയത് അതുവരെഏതൊരാള്‍ക്കും ലഭിച്ച ഭൂരിപക്ഷത്തെ മറികടന്നുകൊണ്ടായിരുന്നുവെന്നതും പ്രസ്താവ്യമാണ്. ബ്രിട്ടീഷ് ചരിത്രത്തിലെതന്നെ ഈ റിക്കോര്‍ഡ് അടുത്തൊന്നും ആര്‍ക്കും ഭേദിക്കാന്‍ കഴിയില്ലെന്നാണ് പൊതുവിലുള്ള അഭിപ്രായം.

മേയര്‍ സ്ഥാനം ഏറ്റയുടന്‍ തന്നെ എം പി സ്ഥാനം രാജിവച്ച അദ്ദേഹം നഗരജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പല നടപടികളും സ്വീകരിച്ചു. ലണ്ടന്‍ സിറ്റിയിലെ ബസ്ചാര്‍ജ് വെട്ടിച്ചുരുക്കാന്‍ തയ്യാറായപ്പോള്‍ അത് സാധാരണക്കാരുടെ മുക്തകണ്ഠമായ പ്രശംസാപാത്രമായി. ഹാറ്റ്‌വിക്ക് എയര്‍പോര്‍ട്ട് നവീകരണത്തിനും അദ്ദേഹം മുന്‍കൈ എടുത്തു. നഗരത്തിലെ വ്യത്യസ്ത വംശജരായ ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. പതിനൊന്ന് കൊല്ലം പാര്‍ലമെന്റ് അംഗമായിരുന്ന കാലത്തുള്ള അദ്ദേഹത്തിന്റെ വിവിധ മേഖലകളിലെ സേവനവും ബ്രിട്ടീഷ് പൗരസമൂഹം വിസ്മരിക്കുകയില്ല.
അങ്ങനെയുള്ള ഒരു നഗരസഭാധ്യക്ഷനെ ബഹിഷ്‌കരിക്കാന്‍ മാത്രമല്ല, അദ്ദേഹത്തെ ചീത്തവിളിക്കാനും യുഎസ് പ്രസിഡന്റ് മുതിര്‍ന്നുവെന്നത് ഒരു വന്‍കിട രാഷ്ട്രത്തിന്റെ പ്രസിഡന്റിന് ഒരിക്കലും യോജിക്കുന്ന പെരുമാറ്റമായിരുന്നുമില്ലെന്ന് സര്‍വരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സാദിക്ക് ഖാന്‍ രാജ്യത്തിനുതന്നെ ഒരു നാണക്കേടാണെന്നായിരുന്നു ട്രംപിന്റെ ‘വിദഗ്ധ’മായ അഭിപ്രായം. ലണ്ടന്‍ നഗരത്തില്‍ ഒരു ദിവസം തന്നെ നടന്ന നാല് കൊലപാതകങ്ങളുടെ റിപ്പോര്‍ട്ട് പൊക്കിപ്പിടിച്ചുകൊണ്ടുള്ളതായിരുന്നു ട്രംപിന്റെ ഭത്സനം. മേയറുടെ ഓഫീസും ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറേമി കോര്‍ബിനും ഇതിന് ചുട്ടമറുപടി നല്‍കിയിരുന്നു. സാദിക്ക് ഖാനും പൊലീസും കൊലയാളികളെ സംരക്ഷിക്കാനല്ല അവരെ ചങ്ങലക്കിടാനാണ് നോക്കുന്നതെന്ന് കോര്‍ബിന്‍ ചൂണ്ടിക്കാട്ടി. ലണ്ടനിലെ വംശീയവാദിയായ പത്രപ്രവര്‍ത്തക കാത്തി ഹോപ്കിന്‍സിനെ ഉദ്ധരിച്ചുകൊണ്ടുള്ളതായിരുന്നു സാദിക്ക് ഖാന്‍ ‘രാജ്യത്തിന്’ നാണക്കേടാണെന്ന ട്രംപിന്റെ ഭത്സനം. ലണ്ടന് ഒരു പുതിയ മേയര്‍ ഉണ്ടാകണമെന്നും ഇയാള്‍ സര്‍വനാശമാണ് വിതയ്ക്കുന്നതെന്നും പോലും ട്രംപ് പറയാന്‍ ധൈര്യപ്പെട്ടു. ഇയാള്‍ ലണ്ടന്‍ നഗരത്തെ ഇല്ലായ്മ ചെയ്യുകയാണെന്നും മറ്റുമുള്ള അവിവേകമാണ് ട്രംപ് പ്രകടിപ്പിച്ചത്. സാദിക്ക് ഖാനെ ഒരു കള്ളനെന്ന് വിളിച്ചുപോലും ട്രംപ് അധിക്ഷേപിച്ചു.
സ്വന്തം നാട്ടില്‍ ഇസ്‌ലാമിനെ ആക്ഷേപിക്കുന്നത് അമേരിക്കയിലെ ഒരുപറ്റം വെള്ളക്കാരുടെ അഭിനന്ദനത്തിന് പാത്രമായേക്കാം. പക്ഷെ, ലോകത്തിലെ ഏറ്റവും വലിയ കൊളോണിയല്‍ ശക്തിയായിരുന്നിട്ടും ഇംഗ്ലണ്ടില്‍ ലോകത്തുള്ള ഏതാണ്ടെല്ലാ ജാതി-മത വിഭാഗങ്ങളും ഒത്തൊരുമയോടെ കഴിയുന്നതാണ് ഈ ഇസ്‌ലാം വിരുദ്ധ തീവ്രവാദിയായ അമേരിക്കന്‍ പ്രസിഡന്റിന് സഹിക്കാന്‍ കഴിയാതെപോയത്.

ഇതേ വീക്ഷണം പുലര്‍ത്തുന്ന ബ്രിട്ടനിലെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് കോര്‍ബിനെയും ഈ പ്രസിഡന്റിന് സഹിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണല്ലൊ അടുത്ത തെരഞ്ഞെടുപ്പില്‍ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി തന്നെയാകാന്‍ സാധ്യതയുള്ള കോര്‍ബിനെയും കാണാന്‍ കൂട്ടാക്കാതെ ഈ വിദ്വാന്‍ അധിക്ഷേപിച്ചിരിക്കുന്നത്. ട്രംപിനെ ഇംഗ്ലണ്ടിലേക്ക് വിളിച്ചുവരുത്തുന്നതിനെ സാദിക്ക് ഖാനെപ്പോലെ തന്നെ ലേബര്‍ പാര്‍ട്ടി നേതാവും എതിര്‍ത്തിരുന്നു.

ആ എതിര്‍പ്പാണ് ട്രംപിന്റെ ഔദ്യോഗിക സന്ദര്‍ശനവേളയില്‍ വിവിധ ജനവിഭാഗങ്ങള്‍ ശക്തിയായി പ്രകടിപ്പിച്ചിരുന്നത്. ഔദ്യോഗിക സന്ദര്‍ശനത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളൊന്നും പ്രസിഡന്റ് ട്രംപ് നേരില്‍ കണ്ടില്ലെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്‍പില്‍ ഉയര്‍ത്തിയിരുന്ന പ്ലക്കാര്‍ഡുകള്‍ ഈ പ്രസിഡന്റ് കണ്ടിട്ടുണ്ടാകും. ‘ട്രംപിനെ വഴിയില്‍ തള്ളുക’ എന്ന പ്ലക്കാര്‍ഡ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഈ പ്ലക്കാര്‍ഡ് ലണ്ടനിലെ ജനവികാരത്തെയാണ് പ്രതിഫലിപ്പിച്ചിരുന്നത്. പ്രധാനമന്ത്രി മേയറുമായി പോലും വലിയ ചര്‍ച്ചയ്‌ക്കൊന്നും സമയം കണ്ടെത്താതിരുന്ന ട്രംപ് ബ്രിട്ടീഷ് രാഞ്ജിയുടെ കൈ മുത്താന്‍ കാണിച്ച ഉത്സാഹം ജുഗുപ്‌സാവഹമായിരുന്നു. മേയര്‍ സാദിക്കിനെ കള്ളനെന്ന് വിളിച്ച ആജാനുബാഹുവായ ട്രംപ് അദ്ദേഹത്തിന്റത്രപോലും പൊക്കമില്ലാത്ത രാജ്ഞിയുടെ കൈ മുത്താന്‍ കാണിച്ച വെപ്രാളം കാണേണ്ടതുതന്നെയായിരുന്നു. ചില ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളെങ്കിലും ഇത് ചൂണ്ടിക്കാട്ടിയത് സന്ദര്‍ഭോചിതമായെന്നാണ് പൊതുവിലുള്ള ബ്രിട്ടീഷുകാരുടെ സംസാരം.