March 23, 2023 Thursday

‘ഡൊണേറ്റ് മൈ കിറ്റ്’ കൈകോർത്ത് മണിയൻ പിള്ള രാജു

Janayugom Webdesk
തിരുവനന്തപുരം
April 6, 2020 8:51 pm

സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യധാന്യകിറ്റ് അർഹരായ പാവങ്ങൾക്കായി വിട്ടുനൽകി മാതൃകയായി ചലച്ചിത്രനടൻ മണിയൻപിള്ള രാജു. ഭക്ഷ്യപൊതുവിതരണമന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന സ്പെഷ്യൽ ഭക്ഷ്യധാന്യകിറ്റ് അർഹർക്ക് നൽകാനായി ഓൺലൈനായി സമ്മതപത്രം നൽകിയത്. അർഹനായ ഒരാൾക്ക് തന്റെ സംഭാവന സഹായകമാകുമെങ്കിൽ അതിലാണ് സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.

സിവിൽ സപ്ലൈസ് വകുപ്പിന്റെ വെ­ബ്സൈറ്റിൽ ‘ഡൊണേറ്റ് മൈ കിറ്റ്’ ലിങ്കിൽ ക്ലിക്ക് ചെയ്ത് കാർഡ് നമ്പർ നൽകിയാൽ ലഭിക്കുന്ന ഒടിപി എന്റർ ചെ­യ്താൽ ലളിതമായി കിറ്റ് സംഭാവന ചെയ്യാനാകും. കഴിഞ്ഞ ദിവസം റേഷൻ ഭക്ഷ്യധാന്യം വാങ്ങിയതിനെക്കുറിച്ചും അതിന്റെ ഗുണമേൻമയെക്കുറിച്ചും മണിയൻപിള്ള രാജു അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇത്രയും ഗുണനിലവാരമുള്ള അരിയാണ് റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് വാങ്ങിയപ്പോഴാണ് മനസിലായതെന്നും സർക്കാർ നമുക്കായി ഒരുക്കിത്തരുന്ന ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇത് കേട്ടറിഞ്ഞ് ഒട്ടേറെപ്പേർ റേഷൻ സൗകര്യം ഉപയോഗപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ജനങ്ങൾ ഏറെ ബുദ്ധിമുട്ടുന്ന കൊറോണക്കാലത്ത് സർക്കാർ നൽകുന്ന സേവനം ജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റേഷൻ ഭക്ഷ്യധാന്യം വാങ്ങിയശേഷം മണിയൻപിള്ള രാജു നടത്തിയ അഭിപ്രായപ്രകടനം കേരളത്തിലെ മുഴുവൻ ജനങ്ങളിലേക്കും എത്തിയതായി ഭക്ഷ്യപൊതുവിതരണമന്ത്രി പി തിലോത്തമൻ പറഞ്ഞു. ഏറ്റവും ഗുണമേൻമയുള്ള അരിയാണ് റേഷൻ കടകളിലൂടെ ലഭിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം നല്ലരീതിയിൽ ജനങ്ങളിലെത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ അഭിപ്രായം. ഇതിനകം 72 ശതമാനത്തിലേറെപ്പേർ റേഷൻ ധാന്യം വാങ്ങിക്കഴിഞ്ഞു. കൂടുതൽ അർഹതയുള്ളവർക്കായി കിറ്റ് ദാനം ചെയ്ത മാതൃകാപരമായ നടപടിയെയും മന്ത്രി അഭിനന്ദിച്ചു. മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി അഭിനന്ദനം അറിയിച്ച മന്ത്രിക്കൊപ്പം പ്രൈവറ്റ് സെക്രട്ടറി ഇ ആർ ജോഷി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ അനിൽ ഗോപിനാഥ്, പി പി മധു എന്നിവരുമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.