24 April 2024, Wednesday

Related news

April 13, 2024
February 29, 2024
February 26, 2024
January 9, 2023
December 13, 2022
November 8, 2022
October 30, 2022
October 22, 2022
October 10, 2022
September 25, 2022

സ്വകാര്യമേഖലയെ വളർത്താൻ രാജ്യത്തിന്റെ സമ്പത്ത് ദാനം ചെയ്യുന്നു: പന്ന്യൻ രവീന്ദ്രൻ

Janayugom Webdesk
പത്തനംതിട്ട
August 6, 2022 11:00 pm

സ്വകാര്യമേഖലയെ വളർത്താൻ രാജ്യത്തിന്റെ സമ്പത്ത് ബിജെപി സർക്കാർ മുതലാളിമാർക്ക് ദാനം ചെയ്യുകയാണെന്ന് സിപിഐ ദേശീയ എക്സി അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സിപിഐ പത്തനംതിട്ട ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനത്താവളങ്ങൾ അഡാനിക്ക് വിറ്റപ്പോൾ എയർ ഇന്ത്യ ടാറ്റയ്ക്ക് നൽകി. അഞ്ച് വർഷം മാത്രം ഭരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരാണ് വിമാനത്താവളങ്ങൾ അമ്പത് വർഷത്തെ പാട്ടത്തിന് നൽകിയത്. ഒന്നുമില്ലായ്മയിൽ നിന്ന് അഡാനി ബിജെപി സഹായത്തോടെ രാജ്യത്തെ കോടീശ്വരന്മാരിൽ 11-ാമനായി വളർന്നു.
സമ്മിശ്ര സമ്പദ്ഘടന എന്ന തത്വം ബിജെപി അവസാനിപ്പിച്ചു. സ്വകാര്യ മേഖല മാത്രം മതിയെന്ന തീരുമാനത്തിലെത്തി. ജനവിരുദ്ധ കാര്യങ്ങൾ ചോദ്യം ചെയ്യാൻ പാർലമെന്റിൽ അവസരം നൽകാതെ എംപിമാരെ പുറത്താക്കുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് എംപിമാരെ പുറത്താക്കി തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കുന്നത്.
പ്രതിഷേധം ഉയരുമ്പോഴെല്ലാം വർഗീയത ഉയർത്തി ഭിന്നിപ്പിന്റെ സ്വരം സംഘ്പരിവാർ പുറത്തെടുക്കും. ഇതിന് ബദൽ കേരളത്തിലെ എൽഡിഎഫ് സർക്കാർ മാത്രമാണ്. എൽഡിഎഫ് സർക്കാരിനെതിരെ ബിജെപിയും യുഡിഎഫും ഒന്നിച്ചിരിക്കുകയാണ്. ഇഡിക്കും സിബിഐയ്ക്കും എതിരെ ഡല്‍ഹിയിൽ സമരം ചെയ്യുന്ന കോൺഗ്രസ് കേരളത്തിൽ അവരെ സ്വാഗതം ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും പന്ന്യന്‍ പറഞ്ഞു.
മുതിർന്ന നേതാവ് കെ എൻ പുരുഷോത്തമൻ പതാക ഉയർത്തി. ഡി സജി രക്തസാക്ഷി പ്രമേയവും പി ആർ ഗോപിനാഥൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വി കെ പുരുഷോത്തമൻപിള്ള സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സി അംഗങ്ങളായ സി ദിവാകരൻ, കെ ആർ ചന്ദ്രമോഹൻ, എൻ രാജൻ, മന്ത്രിമാരായ പി പ്രസാദ്, ജെ ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
രാഷ്ട്രീയ റിപ്പോർട്ട് സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസും പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി എ പി ജയനും വരവ് ചെലവ് കണക്ക് അടൂർ സേതുവും അവതരിപ്പിച്ചു. പി ആർ ഗോപിനാഥൻ, ജി ബൈജു, ടി ജെ ബാബുരാജ്, കെ പത്മിനിയമ്മ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഇന്ന് റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ച, പൊതുചർച്ച, മറുപടി, തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം സമാപിക്കും. 

Eng­lish Sum­ma­ry: Donat­ing nation’s wealth to boost pri­vate sec­tor: Pan­nyan Ravindran

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.