ലോക‌്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയില്‍ റെക്കോഡുമായി ബിജെപി. 2023–24 സാമ്പത്തിക വര്‍ഷം സംഭാവന ഇനത്തില്‍ ബിജെപിക്ക് 3,967.14 കോടി രൂപയാണ് ലഭിച്ചത്. കോണ്‍ഗ്രസിന് 1,129.66 കോടി രൂപ ലഭിച്ചു.
വിവാദ ഇലക്ടറല്‍ ബോണ്ട് വഴിയുള്ള സംഭാവന പകുതിയായി കുറഞ്ഞിട്ടും ബിജെപിക്കുള്ള സംഭാവന കുതിച്ചുയര്‍ന്നു. 2022–23ല്‍ 2,120.06 കോടി രൂപയായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ 23–24 ല്‍ എത്തിയപ്പോള്‍ 3,967.14 കോടിയായി ഉയര്‍ന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2022–23 സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ബോണ്ടുകളിലൂടെ ബിജെപിക്ക് മൊത്തം 1,294.14 കോടി രൂപ ലഭിച്ചിരുന്നു. ആകെ വരുമാനത്തിന്റെ 61 ശതമാനമായിരുന്നു ഇത്. എന്നാല്‍ സുപ്രീം കോടതിയുടെ ഇലക്ടറല്‍ ബോണ്ട് നിരോധന ഉത്തരവുണ്ടായ 2023–24 ല്‍ ബിജെപിക്ക് ഇതിലൂടെ ലഭിച്ചത് 1,685.62 കോടി രൂപയാണ്. ആകെ സംഭാവനയുടെ 42 ശതമാനം.
ബിജെപിയുടെ മറ്റ് സംഭാവനകളിൽ ഫണ്ട് ശേഖരണ പദ്ധതിയായ ആജീവന്‍ സഹയോഗ് നിധിയിൽ നിന്നാണ് കൂടുതൽ തുക ലഭിച്ചിരിക്കുന്നത്. 236.3 കോടി രൂപ ഫണ്ട് സമാഹരണത്തിലൂടെ നേടാനായി. 2,042.7 കോടി രൂപ മറ്റ് സംഭാവനകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം വ്യക്തിഗത സംഭാവനകൾ 240 കോടി രൂപയുടേതാണ്. കോർപറേറ്റുകൾ 1,890 കോടി രൂപ നൽകിയിട്ടുണ്ട്.
2022–23 നെ അപേക്ഷിച്ച് 2023–24 ല്‍ കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയില്‍ 320 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2022–23 ല്‍ 268.62 കോടി രൂപയുടെ സ്ഥാനത്ത് 2023–24 ലേക്ക് എത്തിയപ്പോള്‍ 1,128.66 കോടിയായി. ഈ കാലയളവിലെ ഇലക്ടറല്‍ ബോണ്ട് സംഭാവന 63.6 ശതമാനത്തില്‍ നിന്ന് 73.3 ആയി ഉയര്‍ന്നതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 ഫെബ്രുവരിയിലാണ് ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയത്. സിപിഐയും അസോസിയേഷന്‍ ഫോര്‍ ഡെമോക്രറ്റിക് റിഫോംസ് തുടങ്ങിയ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്. പദ്ധതി ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതായും കോടതി വ്യക്തമാക്കിയിരുന്നു.
പദ്ധതി ആരംഭിച്ചശേഷം സുപ്രീം കോടതി റദ്ദാക്കുന്നത് വരെയുള്ള കാലയളവില്‍ ഇലക്ടറല്‍ ബോണ്ട് വഴി ഏറ്റവും അധികം ഫണ്ട് ലഭിച്ചത് ബിജെപിക്കായിരുന്നു. 2017–18 സാമ്പത്തിക വർഷം മുതൽ 2022–23 വരെ ബിജെപിക്ക് ഇലക്ടറൽ ബോണ്ടുകളിലൂടെ മൊത്തം 6566 കോടി രൂപ ലഭിച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസിന് ലഭിച്ചത് 1,123.3 കോടി രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.