നിഹാവ് ചോംഗോ (ചൈനയിലേക്ക് സ്വാഗതം) ചൈനക്കാരുടെ സന്തോഷത്തോടെയുള്ള ഈ വാക്കുകള്‍ കാതില്‍ മുഴങ്ങന്നുവെന്നും അതിനാല്‍ ക്ലാസ് തുടങ്ങുന്ന ഫെബ്രുവരി ഇരുപത്തി നാലിന് ചൈനയിലെത്തത്തക്കവിധം നാട്ടില്‍ നിന്നും മടങ്ങുമെന്നും ചൈനയില്‍ നിന്നും തിരിച്ചെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഡോണ കുര്യാക്കോസ്.കൊറോണ ബാധയില്‍ ആശങ്കയില്ലെന്നും മനസില്‍ തെല്ലും ഭയമില്ലെന്നും ഡോണ പറഞ്ഞു.
ചൈനയിലെ ജിയാ ഗുസു (JIANGSU) വിലെ ജിയാഗുസു യൂണിവേഴ്സിറ്റിയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ഡോണ. ആരോഗ്യരംഗത്ത് മികച്ച സേവനമുള്ള രാജ്യമാണ് ചൈന. നിലവിലുള്ള പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് ചൈനയ്ക്കുണ്ടന്നും ഡോണ കരുതുന്നു. കോതമംഗലം ചേലാട് ചെങ്ങമനാട്ട് കുര്യാക്കോസിന്റെയും ഏലിയാമ്മയുടെയും രണ്ട് പെണ്മക്കളില് ഇളയവളാണ് ഡോണ. ചൈനയിലെ റോഡുകള്‍ പോലും കഴുകി വൃത്തിയാക്കുന്നതില്‍ സര്‍ക്കാര്‍ പരിഗണന നല്കി വരുന്നു.
വീടുകളിലും ഹോട്ടലുകളിലും ഭക്ഷണം പാകം ചെയ്യുന്നതും വളരെ വൃത്തിയോടെയാണ്. നഗരപാതകളും തെരുവോരങ്ങളും വൃത്തിയായി പരിപാലിക്കുന്നതിന് ശ്രദ്ധ നല്കി വരുന്നു. ചെറിയ വീടുകളും കോളനികളും ഉണ്ടെങ്കിലും വൃത്തിയായി പരിപാലിക്കുന്നതില്‍ ശ്രദ്ധ നല്കുന്നു. വീടുകളിലെയും പൊതു സ്ഥലങ്ങളിലെയും ശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നു. തൊഴിലാളികളും മറ്റു മേഖലയിലുള്ളവരും പരിസര മലിനീകരണമുണ്ടാകാതെ ശ്രദ്ധിക്കുന്നു. പഠന സൗകര്യത്തിനായി ഡോണയും തൃശൂര്‍ സ്വദേശിനി റാഹേലും ചേര്‍ന്ന് ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്താണ് താമസം. തണുപ്പം ചൂടും സമ്മിശ്രമായ കാലാവസ്ഥയാണവിടെ.
കൊറോണ ബാധ ഭീതിയില്‍ നാട്ടിലെത്തുന്നവരെ വിവിധ പരിശോധനകള്‍ക്കായി വിമാനത്താവളത്തില്‍ നിന്നും നേരെ ആശുപത്രികളിലെത്തിക്കും. തുടര്‍ന്നാണ് വീട്ടിലേക്ക് അയക്കുന്നത്. ഇതോടെ നാട്ടുകാരും വീട്ടുകാരും അല്പം പരിഭ്രാന്തിയിലാകും. പലരും ചൈനയില്‍ നിന്നെത്തിയയാളെന്ന നിലയില്‍ നോക്കും. ഇതു പലരേയും മാനസികമായി തളര്‍ത്തുന്നുണ്ടെന്നും തനിക്ക് ഇതൊന്നും ഒരു വിഷയമായി തോന്നുന്നില്ലെന്നും ഡോണ പറഞ്ഞു.
ചൈനയില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്ത്രീക്കും പുരുഷനും സഞ്ചരിക്കാനുള്ള സാഹചര്യമുണ്ടെന്നും അതിനാല്‍ ചൈനയെ ഏറെ സ്നേഹിക്കുന്നതായും ഡോണ പറഞ്ഞു. താന്‍ പഠിക്കുന്ന മെഡിക്കല്‍ കോളജില്‍ കോഴിക്കോട്,മലപ്പുറം,തൃശൂര്‍,കോട്ടയം,എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ളവരുണ്ട്. കൊറോണ ബാധ ഭീഷണിയെ തുടര്‍ന്ന് പലരും നാട്ടിലെത്തിയിട്ടുണ്ട്. ചിലര്‍ ബന്ധുവീടുകളില്‍ പോലും പോകാന്‍ മടി കാണിക്കുന്നുണ്ട്. കേരളത്തിലെ പോലെ കുളങ്ങളും പുഴകളുമുണ്ട്. കേരളത്തെപ്പോലെ ‚ഇന്ത്യയെപ്പോലെ താന്‍ ചൈനയെ സ്നേഹിക്കുന്നതായും ഡോണ പറഞ്ഞു. ലോകം മുഴുവന്‍ കൊറോണ ബാധയെ തുടര്‍ന്ന് ചൈനയെ ഉറ്റുനോക്കുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ പലപ്പോഴും സംഭവിച്ച ഒരു പകര്‍ച്ചവ്യാധിയെന്ന നിലയില്‍ മാത്രമെ താന്‍ ഈ സംഭവവും കാണുന്നുള്ളുവെന്ന് ഡോണ പറഞ്ഞു പ്രതിസന്ധി ഒഴിഞ്ഞ് സമാധാനമുള്ള ഒരു ചൈനയിലേക്ക് പഠനം പൂര്‍ത്തിയാക്കാനായി മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഡോണ. ചിരിയും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തില്‍ ചൈനീസ് സ്ട്രീറ്റിലുള്ള റസ്റ്റോറന്റില്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് തനിക്ക് പ്രിയ ഭക്ഷണമായ ചൈനീസ് ഡബ്ലിംഗ് ( കൊഴുക്കട്ട പോലെയുള്ള പലഹാരം, അതിനുള്ളില്‍ ഇറച്ചി നിറച്ച് ആവിയില്‍ വേവിച്ചത്) കഴിക്കാന്‍ കാത്തിരിക്കുകയാണ് ഡോണ, തെല്ലും ആശങ്കയില്ലാതെ.
English summary: Donna Kuriakos ready to return to China without any worry