ഇന്ത്യയുടെ വ്യോമവിലക്ക്; യുഎഇയുടെ ഉഗ്രമായ തിരിച്ചടി

കെ രംഗനാഥ്

അബുദാബി

Posted on June 25, 2020, 10:25 pm

കൊറോണക്കാലത്ത് ഇന്ത്യയില്‍ കുടുങ്ങിപ്പോയ മൂന്നര ലക്ഷത്തോളം പ്രവാസികളെ തിരിച്ചയയ്ക്കാതെ നാട്ടിൽ തന്നെ ബന്ദികളാക്കിവച്ച കേന്ദ്രത്തിന്റെ ഹീനമായ നടപടിക്കെതിരെ യുഎഇയുടെ ഉഗ്രമായ തിരിച്ചടി. വന്ദേഭാരത് മിഷന്റെ വിമാനങ്ങളില്‍ ഒരൊറ്റ പ്രവാസിയെയോ യുഎഇ സ്വദേശിയെയോ കൊണ്ടുവരരുതെന്ന് യുഎഇ വിദേശകാര്യ‑സാര്‍വദേശീയ സഹകരണ മന്ത്രാലയം എയര്‍ ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്കി. ഇന്ത്യയില്‍ കുടുങ്ങിയവരുടെ താമസ വിസകള്‍ റദ്ദായത് ഡിസംബര്‍ വരെ നീട്ടിക്കൊടുത്ത യുഎഇയുടെ മഹാമനസ്കതപോലും പ്രയോജനപ്പെടുത്താന്‍ കേന്ദ്രം തയ്യാറാകാത്തത് കുടുങ്ങിപ്പോയ പ്രവാസികളില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ജൂണ്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ കുടുങ്ങിയവര്‍ക്ക് മടങ്ങിയെത്താമെന്നാണ് യുഎഇ അറിയിച്ചിരുന്നത്. എന്നാല്‍ പ്രവാസികളുടെ മടക്കയാത്രയ്ക്ക് തടയിടാന്‍ വിസാനിയമം തന്നെ കേന്ദ്രം ഭേദഗതി ചെയ്തത് ‘ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭേദഗതി പിന്നീട് പിന്‍വലിച്ചെങ്കിലും വന്ദേഭാരത് മിഷനില്‍ വിദേശങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ച വിമാനങ്ങള്‍ തിരിച്ചു കാലിയടിച്ചാണ് പറന്നിരുന്നതെങ്കിലും യുഎഇയിലടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലിടങ്ങളിലേയ്ക്ക് നാട്ടില്‍ കുടുങ്ങിപ്പോയവരെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു.

അതേസമയം പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ അനുവദിക്കണമെന്നു കാണിച്ച് യുഎഇയിലെ എമിറേറ്റ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലെെദുബായ് എന്നീ വിമാന കമ്പനികളും മറ്റ് ഗള്‍ഫ് എയര്‍വേയ്സുകളും നല്കിയ അപേക്ഷ തള്ളിയ കേന്ദ്രം അവയ്ക്ക് അപ്രഖ്യാപിത വ്യോമവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനിടെ എയര്‍ ഇന്ത്യ ചൊവ്വാഴ്ച കേന്ദ്ര സിവില്‍ വ്യോമമന്ത്രാലയത്തിനു നല്കിയ അപേക്ഷയില്‍ വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ അനുമതി തേടിയതാണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രകോപനത്തിനു കാരണം.

തങ്ങളുടെ വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ശേഷം ഗള്‍ഫ് സെക്ടറിലെ കുത്തകാവകാശം ഏറ്റെടുക്കാനുള്ള എയര്‍ ഇന്ത്യയുടെ നീക്കത്തിനെതിരെ യുഎഇ ഉഗ്രമായ തിരിച്ചടി നല്കിയിരിക്കുന്നത്. ഒരൊറ്റ പ്രവാസിയേയും എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ യുഎഇയില്‍ എത്തിക്കരുതെന്ന് യുഎഇ സിവില്‍ വ്യോമയാന അതോറിറ്റി ഇന്നലെ ഇതുസംബന്ധിച്ച് ക്യൂ ആന്‍ഡ് എ ഗെെഡന്‍സ് ഫോര്‍ ഫോറിന്‍ ഓപ്പറേറ്റേഴ്സ് നമ്പര്‍ 17 ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇക്കാര്യത്തില്‍ എന്തെങ്കിലും ഇളവു നല്കാനുള്ള അധികാരം ന്യൂഡല്‍ഹിയിലെ യുഎഇ എംബസിക്കു നല്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. മൂന്നരലക്ഷത്തോളം പ്രവാസികളാണ് കൊറോണക്കാലത്ത് ഇന്ത്യയില്‍ കുടുങ്ങിപ്പോയത്. ഇവരില്‍ രണ്ടര ലക്ഷത്തോളം മലയാളികളാണ്. യുഎഇ തിരിച്ചടിച്ച സാഹചര്യത്തില്‍ കൊറോണ പ്രതിസന്ധിക്കിടെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ നാല് ലക്ഷത്തോളം പേര്‍ക്കൊപ്പം നാട്ടില്‍ കുടുങ്ങിപ്പോയവരും തൊഴിലില്ലാ പട്ടാളത്തില്‍പെട്ടു പോകുമെന്ന ആശങ്കയാണ് പുതിയ സംഭവവികാസത്തോടെ പരക്കുന്നത്.

you may also like this video;