സമരം ചെയ്യുന്നവരെ കഴുകനെന്നും ചെകുത്താനെന്നും വിളിക്കുന്നത് ഇടതുപക്ഷ സമീപനമല്ല: സത്യന്‍ മൊകേരി

Web Desk

കണ്ണൂര്‍

Posted on April 10, 2018, 12:59 pm

നെല്‍വയല്‍ നികത്തി ദേശീയപാത ബൈപാസ് പണിയുന്നതിനെതിരെ കീഴാറ്റൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമന്ന് കിസാന്‍സഭ അഖിലേന്ത്യ സെക്രട്ടറി സത്യന്‍ മൊകേരി പറഞ്ഞു. കണ്ണൂരില്‍ നെല്‍വയല്‍തണ്ണീര്‍ത്തടപരിസ്ഥിതി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരം ചെയ്യുന്നവരെ കഴുകന്‍മാരെന്നും ചെകുത്താന്‍മാരെന്നും വിളിക്കുന്നത് ഇടതുപക്ഷ സമീപനമല്ല. സമരം ചെയ്യുന്നവരെല്ലാം തീവ്രവാദികളാണെന്നോ മാവോയിസ്റ്റുകളാണെന്നോ വിലയിരുത്തി മുന്നോട്ട് പോകുന്നത് ശരിയായ നിലപാടല്ല. കീഴാറ്റൂര്‍ വിഷയത്തില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ആരായണമെന്ന് കിസാന്‍സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരിട്ടിയില്‍ നടന്ന സിപിഐ ജില്ല സമ്മേളനത്തിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്ത് പഠനത്തിന് ശേഷം ബദല്‍ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്ത് ബദല്‍ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആരാഞ്ഞ് പരിഹരിക്കുകയാണ് വേണ്ടത്. സത്യന്‍ മൊകേരി ആവശ്യപ്പെട്ടു. രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്ത്, അവരെ ആട്ടിയോടിക്കുന്ന നയങ്ങള്‍ സ്വീകരിച്ച അടിയറ വെക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ്സും ബിജെപിയും കീഴാറ്റൂരിലെ കര്‍ഷക സമരത്തിന് അനുഭാവവുമായെത്തിയത് സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തോടെയാണെന്നും സത്യന്‍ മൊകേരി പറഞ്ഞു.

കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ പ്രദീപന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സിപിഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിപി ഷൈജന്‍ സ്വാഗതം പറഞ്ഞു.