18 March 2024, Monday

ഉടനെ ഇങ്ങോട്ടു വരേണ്ട! കർണാടകം കേരളീയരോട് പറയുമ്പോള്‍

വെട്ടിപ്പുറം മുരളി
September 28, 2021 12:26 pm

തൊട്ടടുത്തുള്ള കേരളത്തിലേക്കു നോക്കി നെടുവീർപ്പിടുകയാണ് ബംഗളുരു നഗരത്തിലെ മലയാളികൾ. നാട്ടിലേക്കു പോകാനോ നാട്ടിലുള്ളവർക്കു തിരികെ നഗരത്തിലെത്താനോ സാധിക്കാത്ത അവസ്ഥയാണ്. കേരളത്തിലെ കോവിഡ് രോഗവ്യാപനം കണക്കിലെടുത്ത് കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ കോവിഡ് വ്യാപനവും നിപയും കണക്കിലെടുത്ത് ഒക്ടോബർ അവസാനംവരെ മലയാളികൾ കർണാടകയിലേക്കും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

കർണാടകയിൽ ജോലി ചെയ്യുന്ന കേരളത്തിലുള്ളവരെ ഉടനെ തിരിച്ചു വിളിക്കരുതെന്ന് കർണാടക സർക്കാര്‍ വ്യവസായ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് ഉയർത്തിയ രണ്ടു തരംഗങ്ങളെയും അതിജീവിച്ച ജനം തൊഴിൽ സ്ഥാപനങ്ങളിൽനിന്നു രണ്ടു മാസത്തേക്കു വിട്ടുനിൽക്കണമെന്നാണ് കര്‍ണാടകയുടെ താൽപ്പര്യം. ഈ നിർദ്ദേശം ഉയർത്തുന്ന ആശങ്കയും ആകുലതകളും വളരെ വലുതാണ്. കർണാടകത്തിന്റെ ആശങ്ക അസ്ഥാനത്തല്ല. കോവിഡിന്റെ പ്രഹരത്തിൽ തകർന്ന നഗരം ഇനിയൊരു കോവിഡ് തരംഗം വരുമോയെന്ന കടുത്ത ഭീതിയിലാണ്. അല്പമെങ്കിലും ചിന്തിക്കുന്നവരുടെ മനസിൽ ഊറിനിൽക്കുന്ന ഭീതിയാണു മൂന്നാം തരംഗം.

Coronavirus | Case surge continues in southern States - The Hindu

ജനങ്ങൾ സ്വതന്ത്രരായി നടക്കുന്നുണ്ടെങ്കിലും മാസ്ക് ധരിച്ചാണ് മിക്കവരും പുറത്തിറങ്ങുന്നത്. ചിലരുടെ മാസ്ക് താടിയിൽ തന്നെയാണ്. കോവിഡ് വാക്സിൻ കുത്തിവയ്പ്പ് ധാരാളമായി നടക്കുന്നുണ്ട്. പാതിയുണർന്ന നഗരത്തിലെ തകർന്ന സാമ്പത്തിക രംഗത്തിന് ഉണർവു നൽകാൻ കഴിഞ്ഞെങ്കിലെ ഒരു തിരിച്ചുവരവ് സാധ്യമാവു. രോഗവ്യാപനവും മരണനിരക്കും കുറച്ചുകൊണ്ടു വരുന്നതിനിടയിലാണ് അയൽ സംസ്ഥാനത്തുനിന്നുള്ള രോഗവ്യാപനത്തിന്റെയും നിപയുടെയും വാർത്തകൾ പുറത്തുവരുന്നത്. ഈ വ്യാപനം കർണാടകത്തിലേക്കു കടക്കാതിരിക്കാനാണു സർക്കാർ യാത്രാവിലക്കു കൊണ്ടു ലക്ഷ്യമാക്കുന്നത്. ഇതേ ഉദ്ദേശ്യത്തോടെ മുമ്പൊരിക്കൽ കാസർകോട് അതിർത്തിയിലെ നിരത്തിൽ മണ്ണിട്ട് ഉയർത്തി യാത്ര തടയാൻ കർണാടകം തയാറായതും മറന്നുകൂടാ. അതായത് യാത്ര വിലക്കാനാണ് ലക്ഷ്യമെങ്കിൽ അധികൃതർ അത് നടപ്പാക്കിയിരിക്കും എന്നു സാരം. ആരോഗ്യപ്രവർത്തകരെപ്പോലും ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നതു കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.


ഇത് കൂടി വായിക്കൂ: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളും ജോലിക്കാരും ഉടന്‍ മടങ്ങി വരേണ്ട; കര്‍ശനനിര്‍ദേശവുമായി കര്‍ണാടക


തൊഴിൽ നഷ്ടപ്പെട്ടവർ പലരും ഏറെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് ബംഗളുരുവിലെത്തി ജോലികൾ തേടുന്നതും ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നതും. കേരളത്തിലെ ദുരവസ്ഥ കാരണം അയൽ സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ളവർക്കു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അപ്പോൾ നിയന്ത്രണത്തിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യക്കാർക്ക് യാത്രചെയ്യാൻ അനുവാദമുണ്ടായിരുന്നു. ഇപ്പോഴാകട്ടെ അത്തരം സൗകര്യം നൽകാതെ യാത്ര ഒക്ടോബർ അവസാനം വരെ ഒഴിവാക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചെന്നു പറഞ്ഞപോലെ കോവിഡ് ദുരിതങ്ങൾ മൂലം കടുത്ത യാതനകളിലൂടെ കടന്നുപോകവേയാണ് നിപയുടെ പറന്നുവരവ്. പക്ഷെ നിപയുടെ വ്യാപനം അത്ര കാര്യമായി ഉണ്ടായില്ല എന്ന് ആശ്വസിക്കാം. എന്നാൽ ഇതെല്ലാം അടുത്ത സംസ്ഥാനക്കാർ സഹിക്കണമെന്നും യാത്രാവിലക്ക് ഏർപ്പെടുത്തരുതെന്നും പറയാൻ നമുക്കാവില്ല. സുരക്ഷ എല്ലാവർക്കും അതീവ പ്രാധാന്യമുള്ളതാണ്. കോവിഡിന്റെ തുടക്കത്തിൽ കേരളത്തിനു പുറത്തുള്ള മലയാളികളെപ്പോലും കേരളം തടഞ്ഞുനിർത്തി നിയന്ത്രണങ്ങളിലൂടെ മാത്രം പ്രവേശിപ്പിച്ചിരുന്നതും നാം മറന്നുകൂടാ. ഈ സുരക്ഷാബോധമാണ് ഇപ്പോൾ കർണാടകം പ്രകടിപ്പിക്കുന്നത്. എന്നാൽ ഇതിനിടയിൽപ്പെട്ട് ഗതിമുട്ടുന്നത് ഒട്ടേറെ മലയാളികളുടെ ജീവിതമാണ്. കേരളം മാറിയെങ്കിലേ ഈ പ്രവാസിയാത്രകൾക്ക് ആശ്വാസമുണ്ടാവുകയുള്ളൂ.

കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രാണഭയവുമായി കേരളത്തിലേക്കു പോയവരിൽ പലരും തിരിച്ചുവരവിനു ശ്രമിക്കുകയാണ്. ചിലരുടെ കമ്പനി അടച്ചുപൂട്ടിയിരിക്കുുന്നു. മറ്റു ചിലരുടെ കമ്പനിയിൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ചില സ്ഥാപനങ്ങളാകട്ടെ ശമ്പളം കുറച്ചു. മറ്റു ഗതിയില്ലാതെ ഇതെല്ലാം അംഗീകരിക്കുകയാണു പ്രബുദ്ധരായ മലയാളികൾ. നാട്ടിൽ പോയിട്ടെന്തു ചെയ്യാനാണ് എന്നാണു മിക്കവരും ചോദിക്കുന്നത്. സുരക്ഷിതരായി കഴിയുന്നവരുടെ കാര്യമൊഴിച്ചാൽ ബഹുഭൂരിപക്ഷവും ഇത്തരത്തിൽ അരക്ഷിതാവസ്ഥയിൽ ജീവിക്കുന്നവരാണ്. ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർത്ഥികളാണ് പഠന സൗകര്യം തേടി കേരളത്തിനു പുറത്തേക്ക് വണ്ടി കയറുന്നത്. അതുകൊണ്ടുതന്നെ ഏതു നിയന്ത്രണവും വിലക്കും മലയാളികള്‍ക്ക് ഹൃദയതാപത്തോടെ സ്വീകരിക്കേണ്ടിവരുന്നു.

Karnataka Covid-19 wrap: 1,674 cases; RT-PCR negative report must for passengers from Kerala, Maharashtra | Bangalore News

അടുത്ത സംസ്ഥാനം യാത്രാനിയന്ത്രണം ഏർപ്പെടുത്തുമ്പോൾ ജീവിതം മുടങ്ങി നെഞ്ചുരുകാനാണ് മലയാളിയുടെ വിധി. കേരളത്തിലേക്കു പോയ വിദ്യാർത്ഥികളെയും ജോലിക്കാരെയും ഉടനെ തിരികെ വിളിക്കരുതെന്നും കർണാടക സർക്കാർ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതിനെന്താണു പരിഹാരമെന്നു കേരളം ചിന്തിക്കുന്നില്ല. മറുനാടുകളിൽ പഠനവും ജോലിയും മുടങ്ങുന്നവർക്കും
അവ ഇല്ലാതാകുന്നവർക്കും കേരളത്തിൽ എന്താണ് പോംവഴി ഉള്ളത്. മലയാളിയുടെ ഈ ദുർവിധിക്ക് എന്നാണിനി പരിഹാരം ഉണ്ടാവുക? കേരളം ആഴത്തിൽ ചിന്തിച്ചു പരിഹാരം കണ്ടെത്തേണ്ട ജീവിത സമസ്യയാണിത്.

Eng­lish sum­ma­ry; Don’t come here right away! When Kar­nata­ka tells Keralites

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.