സരിത കൃഷ്ണന്‍

കോട്ടയം:

October 25, 2020, 7:43 pm

പി സി ജോര്‍ജ്ജിനെ യുഡിഎഫിൽ കയറ്റരുതെന്ന് പൂഞ്ഞാറിലെ കോണ്‍ഗ്രസ് നേതൃത്വം

Janayugom Online

സരിത കൃഷ്ണന്‍

പി സി ജോര്‍ജ്ജിന്റെ യുഡിഎഫ് പ്രവേശനത്തിന് വിലങ്ങ് തീര്‍ത്ത് യുഡിഎഫ് പ്രാദേശിക നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വീണ്ടുമൊരു കളം മാറ്റത്തിന് വട്ടം കൂട്ടുന്ന പി സി ജോര്‍ജ്ജിന് പാടേ തടയിട്ട് കോണ്‍ഗ്രസും യുഡിഎഫ് നേതൃത്വവും പ്രമേയം പാസാക്കി. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പൂഞ്ഞാര്‍, മുണ്ടക്കയം ബ്ലോക്ക് കമ്മിറ്റികളാണ് പി സി ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനത്തെ എതിര്‍ത്ത് ശനിയാഴ്ച പ്രമേയം പാസാക്കിയത്. ഇത് സംബന്ധിച്ച് യുഡിഎഫ് മണ്ഡലം കമ്മിറ്റിയും എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് സൂചന.

തലങ്ങും വിലങ്ങും കളം മാറി ചവിട്ടിയിട്ടും എങ്ങും എത്താതെ വന്നതോടെ വീണ്ടും യുഡിഎഫിന്റെ പടിവാതില്‍ക്കലേയ്ക്ക് നോക്കി നില്‍ക്കുന്ന പി സിക്ക് പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് വലിയ വിലങ്ങ് തടിയാവും. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ആലോചനകള്‍ ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ പ്രാദേശിക നേതൃത്വം ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മുന്നണി പ്രവേശനം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് ബ്ലോക്ക് കമ്മിറ്റികള്‍ ചേര്‍ന്ന് പ്രമേയം പാസാക്കിയത്. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്, ആന്റോ ആന്റണി എംപി എന്നിവരുടെ നേതൃത്വത്തിലാണ് തലനാട്ടില്‍ നടന്ന യോഗത്തില്‍ പ്രമേയം പാസാക്കിയതെന്നാണ് സൂചന. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ അഡ്വ. ജോമോന്‍ ഐക്കരയാണ് പ്രമേയം അവതരിപ്പിച്ചത്.

കാലാകാലങ്ങളിൽ ചേര്‍ന്ന് നിൽക്കുന്ന മുന്നണികളെ തള്ളിപ്പറയുകയുകയും സംസ്ഥാന തലത്തിൽ പോലും നേതാക്കളെ തമ്മിലടിപ്പിച്ച് അതിലൂടെ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിമാരുടെ പ്രീതി പിടിച്ചു പറ്റുകയുമാണ് പി സി ജോര്‍ജ്ജ് ചെയ്തിരുന്നതെന്ന് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തുന്നു. പി സി ജോര്‍ജ്ജിന്റെ നടപടികളില്‍ പ്രതിഷേധിച്ച് ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ആളെ പിടിച്ചുനിര്‍ത്താനാണ് യുഡിഎഫില്‍ അഭയം പ്രാപിക്കാനൊരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കുമെന്ന പി സി ജോര്‍ജ്ജിന്റെ വാക്കുകളെ അവജ്ഞയോടെ തള്ളുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. ജനപക്ഷം സ്ഥാനാര്‍ത്ഥികള്‍ പരാജയ ഭീതി പൂണ്ട് യുഡിഎഫിന്റെ ഭാഗമാകാന്‍ ശ്രമം നടത്തുകയാണ്. മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ മാത്രമാണ് അതെന്നും പ്രമേയത്തില്‍ പറയുന്നു. മാത്രമല്ല പി സി ജോര്‍ജ്ജുമായി ഒരു തരത്തിലുള്ള സമ്പര്‍ക്കവും ഉണ്ടാകില്ലെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായിരുന്ന പി സി ജോര്‍ജ്ജ് ഇടക്കാലത്ത് യുഡിഎഫിന് പുറത്തേയ്ക്ക് പോകേണ്ടി വന്നു. പിന്നീട് വന്ന ത്രിതല തെരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം മത്സരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചു. മുന്നണി പ്രവേശം അനിവാര്യമായ സാഹചര്യത്തില്‍ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേരുകയും ചെയ്തു. മാത്രമല്ല, പൂഞ്ഞാറിലെ 68 ഓളം മഹല്ലുകൾ ജോർജ്ജിനെ ബഹിഷ്ക്കരിക്കുവാൻ നൽകിയ ആഹ്വാനം ഇപ്പോഴും നില നിൽക്കുകയാണ്. ഇനിയൊരു മുന്നണി പ്രവേശനമില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന സാഹചര്യത്തിലാണ് പി സി ജോര്‍ജ്ജ് യുഡിഎഫിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം. അതുകൊണ്ടുതന്നെ ഇത്തരക്കാരെ മുന്നണിയിൽ പ്രവേശിപ്പിക്കുവാൻ ഏതൊരു ഭാഗത്തു നിന്നെങ്കിലും ആലോചന നടന്നിട്ടുണ്ടെങ്കിൽ അതിൽ നിന്നും പിന്തിരിയണമെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

ഏതു വിധത്തില്‍ ചര്‍ച്ചകള്‍ നടന്നാലും ഒരു കാരണവശാലും പൂഞ്ഞാറിൽ ജോർജിനെ അംഗീകരിക്കില്ലെന്നും ഇവര്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞതായാണ് സൂചന. യാതൊരു കാരണവശാലും പി സി ജോര്‍ജ്ജിന് പ്രവേശനം നൽകരുതെന്നു കാട്ടി യു ഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റിയും പ്രമേയം അവതരിപ്പിപ്പിച്ചിരുന്നു.എന്‍ഡിഎയില്‍ നിന്നും മാറിയ ജോര്‍ജ്ജ് നിലവില്‍ സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍, എന്തിനും ഏതിനും യുഡിഎഫ് നേതാക്കളെ കുറ്റം പറഞ്ഞിരുന്ന പി സി ജോര്‍ജ്ജ് അടുത്തിടെയായി മൗനത്തിലായിരുന്നു.

ENGLISH SUMMARY: don’t enter pc george into congress