Web Desk

December 19, 2019, 9:21 pm

ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നു വ്യാമോഹിക്കരുത് : മുഖ്യമന്ത്രി

Janayugom Online

തിരുവനന്തപുരം: ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണനേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തരാവസ്ഥയിൽ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എൻഡിഎ സർക്കാർ കാണിക്കുന്നത്. പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടത് പാർട്ടികളും ജാമിയ മിലിയ വിദ്യാർഥികളും നടത്താനിരുന്ന മാർച്ചിന് അനുമതി നിഷേധിച്ചത് ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു.

രാജ്യത്തെ സുപ്രധാന സർവ്വകലാശാലകളെയും വിദ്യാർത്ഥികളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ഭരണഘടനാ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിത്തേച്ചു മുന്നോട്ടു പോകാൻ കേന്ദ്ര സർക്കാർ ശ്രമിക്കരുത്. നിരോധനാജ്ഞയും യാത്രാസൗകര്യനിഷേധവും അറസ്റ്റും കസ്റ്റഡിയും അടിച്ചമർത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റുപോയ ചരിത്രമില്ല. രാജ്യത്താകെ ഉയരുന്ന പ്രതിഷേധത്തെ പഴമുറം കൊണ്ട് മൂടിവയ്ക്കാൻ വൃഥാ ശ്രമിക്കുന്നതിനു പകരം തെറ്റായ നിയമ നിർമ്മാണം ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ള നേതാക്കളെ ഡൽഹിയിലും ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ ബംഗളൂരുവിലും കസ്റ്റഡിയിലെടുത്തതിൽ ശക്തമായ പ്രതിഷേധം മുഖ്യമന്ത്രി രേഖപ്പെടുത്തി. ഭരണഘടനാ മൂല്യങ്ങളെ കശാപ്പു ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി ഉയർന്നു വരുന്ന പ്രതിഷേധങ്ങളും രോഷവും ഇന്ത്യൻ ജനതയുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വാതന്ത്ര്യവും മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ത്യാഗസന്നദ്ധരായി മുന്നോട്ടു വരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ആ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള കിരാത നടപടികൾക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഇന്ത്യൻ ജനതയുടെ പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ടാകും എന്നാണു യോജിച്ച പ്രതികരണ വേദി ഒരുക്കി കേരളം പ്രഖ്യാപിച്ചത്. ഒരു ശക്തിക്കും കവർന്നെടുക്കാനുള്ളതല്ല നമ്മുടെ ഭരണഘടനാദത്തമായ അവകാശങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.