ഭരണഘടനയില്‍ അനുഛേദം 21 എന്നൊന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി. പ്രയാഗ്‍രാജില്‍ അഭിഭാഷകനായ സുല്‍ഫിക്കര്‍ ഹൈദര്‍, പ്രൊഫസര്‍ അലി അഹമ്മദ് എന്നിവരുടെയും രണ്ട് വിധവകളുടെയും വീടുകള്‍ അനധികൃതമായി ഇടിച്ചുനിരത്തിയ സംഭവത്തിലാണ് ബിജെപി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനമേറ്റത്.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അധികൃതര്‍ വീടുകള്‍ പൊളിച്ചുമാറ്റിയതെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാര്‍ നടപടി പ്രഥമദൃഷ്ട്യാ ഞെട്ടിപ്പിക്കുന്നതും തെറ്റായ സൂചന നല്‍കുന്നതുമാണ്. അതിനാല്‍ തിരുത്തണമെന്നും കോടതി പറഞ്ഞു.
എന്നാല്‍ ഹര്‍ജിക്കാരുടെ സ്വത്തുക്കള്‍ക്ക് നോട്ടീസ് നല്‍കാന്‍ കാരണമുണ്ടെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി വാദിച്ചു. എന്നാല്‍ നിങ്ങള്‍ വീടുകള്‍ പൊളിച്ചുമാറ്റുന്നത് ഉള്‍പ്പെടെയുള്ള കടുത്തനടപടികളാണ് സ്വീകരിക്കുന്നത്, ഇത് ആര്‍ട്ടിക്കിള്‍ 21ന്റെയും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്നും ജസ്റ്റിസ് അഭയ് എസ് ഓക ചൂണ്ടിക്കാട്ടി.
2023ല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഗുണ്ടാ-രാഷ്ട്രീയ നേതാവായ ആതിഖ് അഹമ്മദിന്റെ ഭൂമിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഇടിച്ചുനിരത്തിയതെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. 2021 മാര്‍ച്ച് ആറിന് ശനിയാഴ്ച രാത്രി നോട്ടീസ് നല്‍കിയശേഷം അടുത്തദിവസം വീടുകള്‍ പൊളിച്ചുമാറ്റുകയായിരുന്നു. ഒരു ലൈബ്രറിയും ഇടിച്ചുനിരത്തിയ കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവ പാട്ടഭൂമിയാണെന്നും അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
നോട്ടീസിന് വേണ്ടത്ര സമയം നല്‍കിയെന്ന് എജി വാദിച്ചെങ്കിലും സുപ്രീം കോടതി ഈ വാദം തള്ളി. സര്‍ക്കാരിന്റെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് പരമോന്നത കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കേസ് അലഹബാദ് ഹൈക്കോടതി പരിഗണിക്കണമെന്ന് എജി ആവശ്യപ്പെട്ടു. എന്നാല്‍ സുപ്രീം കോടതി അനുവദിച്ചില്ല. പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്ന് ഉത്തരവിടുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്നും കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.